തിരുവനന്തപുരം: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പൊലീസിന്റെയും സർക്കാരിന്റെയും നടപടികൾക്കെതിരെ രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
റോഡിൽ മനുഷ്യരക്തം വീഴ്ത്തുന്നവർക്ക് പണവും സ്വാധീനവുമുണ്ടെങ്കിൽ പ്രത്യേക ആനുകൂല്യവും പരിഗണനയും ലഭിക്കുന്നത് എന്തുതരം നിയമപാലനമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കേണ്ട പൊലീസ് പണവും സ്വാധീനവുമുള്ളവരുടെ അകമ്പടി സേവകരായി അധപതിപ്പിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിയെ രക്ഷിക്കാനായി പൊലീസ് നടത്തിയ അതേ ശ്രമം തന്നെയാണ് ഇന്നലെ ചേരാനല്ലൂരും ആവർത്തിച്ചത്. ജയബാലകൃഷ്ണൻ എന്ന സാധാരണക്കാരനാണ് അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് കൊല്ലപ്പെട്ടത്. വാഹനമോടിച്ചിരുന്നത് പ്രായപൂർത്തിയാകാത്ത, ലൈസൻസില്ലാത്ത പതിനേഴുകാരനാണ്. പ്രതി ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റി എഴുതാൻ പൊലീസിന് ആരാണ് അധികാരം കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു.
എഫ്.ഐ.ആറിൽ പ്രതിയുടെ പേരില്ലെന്നും, പ്രതിയെ മറച്ചുവെച്ച് ‘അൺനോൺ’ ആയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപകട ദൃശ്യങ്ങൾ പകർത്തിയ നാട്ടുകാരുടെ ഫോണുകൾ പിടിച്ചുവാങ്ങി തെളിവ് നശിപ്പിക്കാൻ പൊലീസ് ശ്രമിച്ചു. ഉന്നതരുടെ മക്കൾ എന്ത് നിയമലംഘനം നടത്തിയാലും അത് മൂടിവെക്കാൻ പൊലീസുണ്ട് എന്ന അഹങ്കാരത്തിനാണ് സർക്കാർ കുടപിടിക്കുന്നത്. ഇരയ്ക്ക് നീതി ഉറപ്പാക്കേണ്ടവർ തന്നെ വേട്ടക്കാർക്ക് കാവലൊരുക്കുന്നത് ജനാധിപത്യ സമൂഹത്തിന് അപമാനമാണെന്നും അദ്ദേഹം വിമർശിച്ചു.
തെറ്റായ സ്വാധീനമുപയോഗിച്ച് കേസ് തേച്ചുമായ്ച്ചുകളയാമെന്ന് യു.ഡി.എഫ് സർക്കാരും പൊലീസും കരുതേണ്ടെന്നും നീതിക്കായുള്ള ആ കുടുംബത്തിന്റെ പോരാട്ടത്തിൽ ഈ നാട് ഒറ്റക്കെട്ടായി അവർക്കൊപ്പമുണ്ടാകുമെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
Content Highlight:Cheranallur road accident: Do not turn the police into escorts to provide cover for the perpetrators; Pinarayi Vijayan criticizes the government.