| Monday, 4th May 2015, 11:48 am

സാമുദായിക ശക്തികളെ കൂട്ടുപിടിച്ച് പി.സി ജോര്‍ജ്, കുറു മുന്നണിയുണ്ടാക്കാന്‍ പി.സിയെ അനുവദിക്കില്ല: രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യു.ഡി.എഫിനകത്ത് കുറുമുന്നണിയുണ്ടാക്കാന്‍ പി.സി ജോര്‍ജിനെ അനുവദിക്കില്ലെന്ന് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യു.ഡി.എഫിലാണോ പുറത്താണോ എന്ന് ജോര്‍ജ് തീരുമാനിക്കണം, യു.ഡി.എഫ് ഒറ്റക്കെട്ടാണ് മുന്നണിക്കകത്ത് നിന്നും ആരും പുറത്ത് പോവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.പി.സി ജോര്‍ജിന്റെ പുതിയ നീക്കത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു രമേശ് ചെന്നിത്തല.

അതേ സമയം തന്റെ നേതൃത്വത്തില്‍ അഴിമതി രഹിത “കൂട്ടായ്മ” രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ പി.സി ജോര്‍ജ് സംസ്ഥാനത്തെ വിവിധ സാമുദായിക കക്ഷികളുമായി ചര്‍ച്ചകള്‍ നടത്തി. കാന്തപുരം മുസ്‌ല്യാര്‍, എസ്.ഡി.പി.ഐ നേതാക്കളായ നസറുദ്ദീന്‍ എളമരം, അഡ്വ. കെ.എം അഷ്‌റഫ് എന്നിവരുമായാണ് അദ്ദേഹം ചര്‍ച്ച നടത്തിയത്. നേരത്തെ വെള്ളാപ്പള്ളി നടേശനുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു.

വരുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി 90ലധികം വരുന്ന സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും ഇതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പില്‍ കാണാമെന്നും പി.സി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നിലവില്‍ നാടാര്‍ സമുദായ സംഘടനയായ വി.എസ്.ഡി.പിയുടെ അടക്കം പിന്തുണ പി.സി ജോര്‍ജിനുണ്ട്. സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്ത് നിന്നും പി.സി ജോര്‍ജിനെ നീക്കിയപ്പോള്‍ വി.എസ്.ഡി.പി അടക്കമുള്ള സംഘടനകളാണ് അദ്ദേഹത്തിന് തിരുവനന്തപുരത്ത് സ്വീകരണം നല്‍കിയിരുന്നത്.

കഴിഞ്ഞ ദിവസം ജനതാദള്‍ നേതാക്കളുമായും പി.സി ജോര്‍ജ് ചര്‍ച്ച നടത്തിയിരുന്നു.

We use cookies to give you the best possible experience. Learn more