| Thursday, 14th May 2026, 6:36 pm

കണ്ടക ശനി കൊണ്ടേ പോകൂ... ചെന്നൈ സൂപ്പര്‍ താരം ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ പ്ലേഓഫ് പ്രതീക്ഷകളുമായി മുന്നേറുന്ന ചെന്നൈ സൂപ്പര്‍ കിങ്സിന് വമ്പന്‍ തിരിച്ചടി. ടീമിന്റെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ജെയ്മി ഓവര്‍ട്ടണ്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. താരത്തിന് പകരക്കാരനായി സൗത്ത് ആഫ്രിന്‍ ഓള്‍റൗണ്ടര്‍ ഡയാന്‍ ഫോറസ്റ്ററെയാണ് ചെന്നൈ ടീമിലെത്തിച്ചത്.

വലതു തുടയ്‌ക്കേറ്റ പരിക്കിനെത്തുടര്‍ന്നാണ് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ഓവര്‍ട്ടണ്‍ പുറത്തായത്. ഫോറസ്റ്ററെ 75 ലക്ഷം രൂപയ്ക്കാണ് സി.എസ്.കെയില്‍ എത്തിച്ചത്. ഫോറസ്റ്റര്‍ 2026 മാര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. അഞ്ച് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 83 റണ്‍സാണ് താരം നേടിയത്.

ജെയ്മി ഓവർട്ടൺ. Photo: Johns/x.com

അതേസമയം സീസണില്‍ ഓവര്‍ട്ടണ്‍ ചെന്നൈക്കായി മികച്ച പ്രകടനമാണ് നടത്തിയത്. പത്ത് ഇന്നിങ്‌സുകളില്‍ നിന്ന് താരത്തിന് 14 വിക്കറ്റുകളുണ്ട്. ടീമിന്റെ വിജയങ്ങളില്‍ ഏറെ നിര്‍ണായകമായ താരത്തെ നഷ്ടമാവുന്നത് ടീമിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

അതേസമയം, ഈ സീസണില്‍ ചെന്നൈയ്ക്ക് പരിക്ക് കാരണം നിരവധി താരങ്ങളെ നഷ്ടമായിട്ടുണ്ട്. അവസാനമായി പരിക്കേറ്റ് പുറത്തായത് യുവ ഓള്‍റൗണ്ടര്‍ രാമകൃഷ്ണ ഘോഷാണ്. കഴിഞ്ഞ ദിവസമാണ് താരത്തിന് പകരക്കാരനായി കര്‍ണാടക ഓള്‍റൗണ്ടര്‍ മാക്‌നീല്‍ ഹാഡ്‌ലി നൊറോണയെ പ്രഖ്യാപിച്ചത്. അതിന് പിന്നാലെയാണ് ഓവര്‍ട്ടണും പുറത്താകുന്നത്.ചെന്നൈ സൂപ്പര്‍ കിങ്സ്

സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് ഹാംസ്ട്രിങ് പരിക്ക് മൂലം ഫാസ്റ്റ് ബൗളര്‍ നഥാന്‍ എല്ലിസിനെ ടീമിന് നഷ്ടമായിരുന്നു. പിന്നാലെ സീസണിനിടെ ഫാസ്റ്റ് ബൗളര്‍ ഖലീല്‍ അഹമ്മദും ബാറ്റര്‍ ആയുഷ് മാഹ്‌ത്രെയും പരിക്കുമായി പുറത്തായി. കൂടാതെ, എം.എസ്. ധോണി ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം ഇതുവരെ ഈ സീസണില്‍ കളത്തിലിറങ്ങിയിട്ടില്ല.

പ്രോട്ടിയാസ് ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസിന് പരിക്ക് കാരണം സീസണിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇതിനെല്ലാം പുറമെ നഥാന്‍ എല്ലിസിന് പകരക്കാരനായി എത്തിച്ച സ്പെന്‍സര്‍ ജോണ്‍സണെയും പരിക്ക് കാരണം ഒരു മത്സരത്തിലും ഇറക്കാന്‍ സാധിച്ചിട്ടില്ല.

നിലവില്‍ ചെന്നൈ പോയിന്റ് ടേബിളില്‍ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. സീസണില്‍ മൂന്ന് മത്സരങ്ങള്‍ ബാക്കിയുള്ള ടീമിന് ഓരോ മത്സരങ്ങളും നിര്‍ണായകമാണ്.

Content Highlight: Chennai superstar Jamie Overton ruled out of tournament due to injury

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more