| Tuesday, 21st April 2026, 3:47 pm

ഇന്ത്യന്‍ ക്യാപ്റ്റന്‍ പുറത്ത്; ചെന്നൈയുടെ കഷ്ടകാലം തുടരുന്നു

സുദേവ് എ

2026 ഐ.പി.എല്ലില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്സ് യുവതാരം ആയുഷ് മാഹ്ത്രെ പുറത്തായി. സി.എസ്.കെ തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ആയുഷിന്റെ പരിക്ക് ഭേദമാവാന്‍ 6-12 ആഴ്ച വരെ സമയം വേണമെന്നാണ് ചെന്നൈ എക്സിലൂടെ വ്യക്തമാക്കിയത്.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിനിടെയാണ് മാഹ്ത്രെയ്ക്ക് പരിക്കേല്‍ക്കുന്നത്. അഞ്ചാം ഓവറില്‍ രണ്ടാം റണ്ണിനായി ശ്രമിക്കുന്നതിനിടെ ആയുഷിന് പേശി വലിവ് നേരിടുകയായിരുന്നു. ടീം ഫിസിയോ പരിശോധിച്ചതിന് ശേഷം താരം തന്റെ ബാറ്റിങ് തുടരുകയും ചെയ്തിരുന്നു.

എന്നാല്‍ അടുത്ത പന്തില്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് സിംഗിള്‍ എടുത്തപ്പോള്‍ മാഹ്ത്രെ മുടന്തിയാണ് സ്‌ട്രൈക്കിലെത്തിയത്. പിന്നാലെ, താരം 13 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായി. വേദന അനുഭവപ്പെട്ട ചെന്നൈ ഓപ്പണര്‍ ഡഗൗട്ടിലേക്ക് മടങ്ങുകയായിരുന്നു.

ഈ സീസണില്‍ ചെന്നൈക്കായി മിന്നും ഫോമിലായിരുന്നു ഇന്ത്യന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ കളിച്ചിരുന്നത്. ആറ് മത്സരങ്ങളില്‍ നിന്ന് താരം ഇതുവരെ രണ്ട് അര്‍ധ സെഞ്ച്വറികളടക്കം 201 റണ്‍സാണ് അടിച്ചെടുത്തത്. ആയുഷിന്റെ അഭാവം ചെന്നൈക്ക് കനത്ത തിരിച്ചടിയായിരിക്കും നല്‍കുക.

ആയുഷ് മാഹ്ത്രെ. Photo: iplt20.com

ആയുഷിന് പുറമെ ഖലീല്‍ അഹമ്മദ്, നഥാന്‍ എല്ലിസ് എന്നീ താരങ്ങളും പരുക്കേറ്റ് പുറത്തായിരുന്നു. മുന്‍ നായകന്‍ എം.എസ് ധോണിയും പരിക്കിന്റെ പിടിയിലാണ്. എന്നാല്‍ ധോണി അധികം വൈകാതെ തന്നെ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ഈ സീസണിലെ ചെന്നൈയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും ചെന്നൈ പരാജയപ്പെട്ടിരുന്നു. ഹാട്രിക് തോല്‍വികള്‍ക്ക് ശേഷം തുടര്‍ച്ചയായ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ടൂര്‍ണമെന്റിലേക്ക് ചെന്നൈ തിരിച്ചുവരുകയായിരുന്നു. ദല്‍ഹി ക്യാപിറ്റല്‍സിനെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും വീഴ്ത്തിയാണ് ചെന്നൈ വിജയ വഴിയില്‍ തിരിച്ചെത്തിയത്.

എന്നാല്‍ ഹാട്രിക് വിജയം ലക്ഷ്യം വെച്ചിറങ്ങിയ ചെന്നൈ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെടുകയും ചെയ്തു. നിലവില്‍ പോയിന്റ് പട്ടികയില്‍ ആറ് മത്സരങ്ങളില്‍ നിന്നും നാല് പോയിന്റുമായി എട്ടാം സ്ഥാനത്താണ് ചെന്നൈ. ഏപ്രില്‍ 23ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. മുംബൈയുടെ തട്ടകമായ വാംഖഡെയിലാണ് മത്സരം.

Content Highlight: Chennai super kings young player Ayush Mhatre ruled out ipl 2026

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more