സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്… ഇന്ത്യന്‍ ക്രിക്കറ്റ്, ലോകക്രിക്കറ്റിന് സമ്മാനിച്ച അതുല്യപ്രതിഭകള്‍. ഒരുകാലത്ത് ഇന്ത്യന്‍ ബാറ്റിംഗിലെ ത്രിമൂര്‍ത്തികള്‍. സച്ചിന്‍-ഗാംഗുലി-ദ്രാവിഡ് ത്രയങ്ങള്‍ എത്രയോ വിജയങ്ങള്‍ ഇന്ത്യന്‍ ടീമിന് സമ്മാനിച്ചു. എന്നാല്‍ ടീം ഇന്ത്യയ്ക്ക് മൂവരും ചേര്‍ന്ന് നല്‍കിയ ഒരു സമ്മാനം പില്‍ക്കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിനെ ലോകക്രിക്കറ്റിലെ ഏറ്റവും അനിഷേധ്യശക്തികളാക്കി മാറ്റിയ ഒന്നായിരുന്നു. മഹേന്ദ്രസിംഗ് ധോണിയെന്ന ക്യാപ്റ്റന്‍.
2007 ലെ ടി-20 ലോകകപ്പിന് പങ്കെടുക്കാന്‍ ബി.സി.സി.ഐയ്ക്ക് ആദ്യം എതിര്‍പ്പായിരുന്നു. എന്നാല്‍ ഐ.സി.സിയുടെ കടുംപിടുത്തത്തിനൊടുവിലാണ് ബി.സി.സി.ഐ ഇന്ത്യന്‍ ടീമിനെ ടി-20ക്കായി അയക്കുന്നത്. ടി-20യില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നായിരുന്നു സച്ചിനും ഗാംഗുലിയും ദ്രാവിഡും അഭിപ്രായപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ധോണിയെ നായകനാക്കി ബി.സി.സി.ഐ മൂന്ന് ഇതിഹാസതാരങ്ങളുമില്ലാതെ ഒരു പ്രധാന ടൂര്‍ണ്ണമെന്റിന് ടീമിനെ അയക്കുന്നത്. സെവാഗ്, യുവരാജ്, ഹര്‍ഭജന്‍, ഉത്തപ്പ, രോഹിത്, ഗംഭീര്‍, ശ്രീശാന്ത് എന്നിവരുള്‍പ്പെട്ട ടീമിനെ നയിക്കുക എന്നതായിരുന്നു ധോണിയുടെ നിയോഗം. സെവാഗിനെപ്പോലെ ടീമിലെ സ്ഥിരം താരങ്ങളുണ്ടായിരുന്നെങ്കിലും ധോണിയെ ആണ് സെലക്ഷന്‍ കമ്മിറ്റി ക്യാപ്റ്റന്റെ മുള്‍ക്കിരീടം ഏല്‍പ്പിക്കുന്നത്.
എന്നാല്‍ പില്‍ക്കാലത്ത് ചരിത്രമായ തീരുമാനമായി അത് മാറുകയായിരുന്നു. 2007 ലെ പ്രഥമ ടി-20 കിരീടവും കൊണ്ടാണ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ടീം ഇന്ത്യയുടെ ” മുടിയനായ പുത്രന്‍” തിരിച്ചെത്തിയത്.
ഗ്രൂപ്പ് സ്റ്റേജിലെ പാകിസ്ഥാനെതിരായ മത്സരത്തില്‍ തന്നെ നായകനെന്ന നിലയില്‍ വ്യത്യസ്തമായ തീരുമാനങ്ങളെടുക്കാനുള്ള തന്റെ പ്രാപ്തി ധോണി ലോകത്തിന് കാണിച്ചുകൊടുത്തു. ചിരവൈരികളായ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചപ്പോള്‍ വിജയികളെ നിര്‍ണയിച്ചത് ബൗള്‍ ഔട്ടായിരുന്നു. പാക് നായകന്‍ മിസ്ബാ ഉള്‍ ഹഖ് ടീമിലെ ബൗളര്‍മാരെ ബൗള്‍ ഔട്ടിനായി ക്ഷണിച്ചപ്പോള്‍ ഇന്ത്യന്‍ നായകന്‍ സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരല്ലാത്ത ഉത്തപ്പയേയും സെവാഗിനേയുമായിരുന്നു പരീക്ഷിച്ചത്. ശ്രീശാന്തും അഗാര്‍ക്കറുമടക്കമുള്ളവര്‍ പ്ലെയിംഗ് ഇലവനില്‍ നില്‍ക്കെയായിരുന്നു ധോണിയുടെ തീരുമാനം. ഫലം ഇന്ത്യയ്ക്ക് ജയം. അതിന്റെ തുടര്‍ച്ചയായിരുന്നു ഇന്ത്യയുടെ ലോകകപ്പ് വിജയം.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ധോണിയെ കരിയറിന്റെ തുടക്കത്തില്‍ തന്നെയാണ് നായകനാവാനുള്ള ഭാഗ്യം തേടിയെത്തിയത്. ഇന്ത്യന്‍ ടീമില്‍ തന്നെ ഏറ്റവുമധികം പിന്തുണച്ചതും നായകപദവി കിട്ടിയതിന് പിന്നിലും സച്ചിനാണെന്ന് ധോണി പിന്നീട് വ്യക്തമാക്കിയിരുന്നു.
“സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുമ്പോഴെല്ലാം ഫീല്‍ഡിങ് പൊസിഷനെ കുറിച്ചെല്ലാം ഞാന്‍ ധോണിയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു. എന്റെ അഭിപ്രായം പറയുകയും അതിലുള്ള ധോണിയുടെ അഭിപ്രായം തിരിച്ചു ചോദിക്കുകയും ചെയ്യുമായിരുന്നു. ഈ സംഭാഷണങ്ങള്‍ക്കിടെയാണ് ഞാന്‍ ധോണിയിലെ നേതൃഗുണം തിരിച്ചറിഞ്ഞത്” സച്ചിന്റെ വാക്കുകളാണിത്.
അവിടുന്നിങ്ങോട്ട് ഏകദിന ക്യാപ്റ്റന്‍സിയും ടെസ്റ്റ് ക്യാപ്റ്റന്‍സിയും ധോണിയെത്തേടിയെത്തി. ടെസ്റ്റില്‍ ഒന്നാം റാങ്കിലും ഏകദിനത്തില്‍ ലോകകപ്പും ധോണിയുടെ കീഴില്‍ ഇന്ത്യ നേടിയത് പിന്നീട് ചരിത്രം. 2013 ല്‍ ചാമ്പ്യന്‍സ് ട്രോഫിയും നേടിയതോടെ ഐ.സി.സിയുടെ മൂന്ന് ടൂര്‍ണ്ണമെന്റ് കിരീടം നേടിയ ഏക ക്യാപ്റ്റന്‍ എന്ന റെക്കോഡും ധോണിയെത്തേടിയെത്തി.
2007 ടി-20 ലോകകപ്പ് കഴിഞ്ഞതോടെ തന്നെ ഇന്ത്യയില്‍ ഐ.പി.എല്‍ തുടങ്ങി. ആദ്യ ഐ.പി.എല്ലിലെ വിലയേറിയ താരവും ആരാധകരുടെ മഹിയായിരുന്നു. ജാര്‍ഖണ്ഡിലെ റാഞ്ചിക്കാരനായ ധോണി ചെന്നൈയുടെ സ്വന്തം “തല”യാകുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ആദ്യ ഐ.പി.എല്ലില്‍ തന്നെ ഫൈനലില്‍. ഐ.പി.എല്‍ ടൂര്‍ണ്ണമെന്റിലെ ഏറ്റവും സക്‌സസായ ടീമേതെന്ന ചോദ്യത്തിന് ചെന്നൈ ഫാന്‍സല്ലാത്തവര്‍ പോലും ധോണിയുടെ ടീമിനാകും മാര്‍ക്ക് നല്‍കുക.
കളിച്ച എല്ലാ സീസണിലും പ്ലേ ഓഫ്, ഏഴ് ഫൈനല്‍, 3 കിരീടം. ഐ.പി.എല്ലിലെ ഒരു ടീമിനും അവകാശപ്പെടാനില്ലാത്ത റെക്കോഡ്.!
ഇടവേളക്കുശേഷം ഒത്തുകളി വിവാദം വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയപ്പോള്‍ ചെന്നൈ ടീമും സംശയത്തിന്റെ നിഴലിലായി. ശേഷം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ചെന്നൈ ഐ.പി.എല്ലിലേക്ക് തിരിച്ചെത്തുന്നത്. തിരിച്ചുവരവില്‍ ചെന്നൈ ടീമിനും നായകന്‍ ധോണിയ്ക്കും തെളിയിക്കാന്‍ ഒരുപാടുണ്ടായിരുന്നു. റൈസിംഗ് പൂനെ ജയന്റ്‌സിലേക്ക് രണ്ട് വര്‍ഷത്തേക്ക് ചേക്കേറിയ ധോണിയ്ക്ക് മോശം അനുഭവമാണ് നേരിടേണ്ടിവന്നത്. തന്റെ നായകത്വത്തിനും ഫിനിഷിംഗ് സ്റ്റൈയിലിനും ഏറെ വിമര്‍ശനം നേരിടേണ്ടിവന്നു.
അതിന്റെ തുടര്‍ച്ചയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ലങ്കന്‍ പര്യടനത്തിലും നായകന് നേരിടേണ്ടിവന്നത്. എന്നാല്‍ വിക്കറ്റിന് പിറകിലും മുന്‍പിലും തിരുത്തിയ റെക്കോഡിലൂടെയായിരുന്നു കൂള്‍ ക്യാപ്റ്റന്റെ മറുപടി. സമാനമായ വിമര്‍ശനങ്ങളും ഒളിയമ്പുകളുമാണ് പതിനൊന്നാം സീസണ്‍ ഐ.പി.എല്‍ തുടങ്ങുന്നതിന് മുന്‍പ് ചെന്നൈ ടീമിനും ധോണിയ്ക്കും നേരിടേണ്ടി വന്നത്.
താരലേലങ്ങളില്‍ വിളിച്ചെടുത്തവരെല്ലാം വയസന്‍പടയാണെന്നായിരുന്നു പ്രധാന ആക്ഷേപം. പല താരങ്ങളും 30 വയസ് എന്ന ക്രിക്കറ്റിലെ “ഏജ് മാര്‍ജിന്‍”കടന്നവര്‍. കളിക്കാര്‍ ഫോമിലാണെങ്കിലും 30 കടന്നാല്‍ വിരമിക്കണമെന്നാണ് ഇത്തരം വിമര്‍ശകരുടെ വാദം. ഇതിഹാസതാരം സച്ചിനും ഈ ആക്ഷേപം നേരിട്ടതാണ്. എന്നാല്‍ ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറി നേടിയായിരുന്നു ഇത്തരക്കാര്‍ക്ക് സച്ചിന്‍ മറുപടി നല്‍കിയത്.
രാജസ്ഥാന്‍ വിട്ടുകളഞ്ഞ ഷെയ്ന്‍ വാട്‌സണ്‍, മുംബൈ നിലനിര്‍ത്താതിരുന്ന അമ്പാട്ടി റായിഡുവും ഹര്‍ഭജന്‍ സിംഗും. ഈ താരങ്ങളെയെല്ലാം ടീമിലെത്തിക്കുന്നതിലും ഫലപ്രദമായി ഉപയോഗിക്കുന്നതിലും ധോണി എന്ന നായകന്‍ അതീവജാഗ്രത കാണിച്ചു. ഇന്ത്യന്‍ ടീമില്‍ തിരികെ കയറുക എന്ന സ്വപ്‌നം ബാലികേറാമലയായ ഹര്‍ഭജന്‍ സിംഗെന്ന ഓഫ് സ്പിന്നറെ ചെന്നൈ കൂടെക്കൂട്ടിയതായിരുന്നു ഏറ്റവും വലിയ അത്ഭുതം. മാച്ച് വിന്നിംഗ് പെര്‍ഫോമന്‍സ് ടര്‍ബണേറ്ററുടെ കൈയില്‍ നിന്ന് വന്നില്ലെങ്കിലും നിര്‍ണായകമായ സാഹചര്യങ്ങളില്‍ വിക്കറ്റ് വീഴ്ത്തി ക്യാപ്റ്റനിലുള്ള വിശ്വാസം കാത്തു. വാട്‌സണും അമ്പാട്ടി റായിഡുവുമായിരുന്നു ബാറ്റിംഗില്‍ ചെന്നൈയുടെ നെടുംതൂണുകള്‍.
സ്ഥിരതയാര്‍ന്ന പ്രകടനവുമായി ഈ സീസണില്‍ മുന്നേറിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഒരിക്കല്‍പോലും തങ്ങള്‍ക്കെതിരെ ജയിക്കാന്‍ അനുവദിക്കാതിരുന്ന സൂപ്പര്‍കിംഗ്‌സ് കലാശപ്പോരാട്ടത്തിലും പരാജയപ്പെടുത്തുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനം നടത്തിയ രണ്ട് ടീമും സീസണിലെ മികച്ച ക്യാപ്റ്റന്‍മാരും മുഖാമുഖം വന്ന പോരാട്ടത്തില്‍ അവസാനചിരി മഹേന്ദ്രസിംഗ് ധോണിയുടേതായിരുന്നു.
അത് അങ്ങനെ ആകണമെന്ന് ചെന്നൈ ടീമിനും നിര്‍ബന്ധമായിരുന്നു. ടൂര്‍ണ്ണമെന്റ് അവസാനത്തോടടുക്കവെ ചെന്നൈ താരം റെയ്‌ന പറഞ്ഞത് ധോണിക്കായി ഞങ്ങള്‍ കിരീടം നേടുമെന്നായിരുന്നു. 2011 ലോകകപ്പ് സച്ചിനായി നേടുമെന്ന് പറഞ്ഞിരുന്ന ധോണിയുടെ അതേവാക്കുകള്‍.
അതെ… ഈ കിരീടം ചെന്നൈയ്ക്ക് നഷ്ടപ്പെടുത്താനാവില്ലായിരുന്നു… തോല്‍ക്കാന്‍ ധോണിയ്ക്കും. കാരണം 2019 ലോകകപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ധോണിയെന്ന വിക്കറ്റ് കീപ്പര്‍ക്കും, ബാറ്റ്‌സ്മാനും മുന്‍ നായകനും ഉത്തരവാദിത്വങ്ങള്‍ നിരവധിയാണ്.