| Tuesday, 11th November 2025, 3:23 pm

2024ല്‍ ഹാപ്പി ബെര്‍ത്‌ഡേ, 2025ലെത്തിയപ്പോള്‍ അത് സൂപ്പര്‍ ബെര്‍ത്‌ഡേ; സൂപ്പര്‍ കിങ്‌സ് പലതും പറഞ്ഞുവെക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2026ന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് വിസില്‍ പോടു ആര്‍മി. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് സൂപ്പര്‍ കിങ്‌സ് സഞ്ജുവിന് ആശംസയറിയിച്ചത്.

‘മോര്‍ പവര്‍ ടു യൂ സഞ്ജൂ! വിഷിങ് യു എ സൂപ്പര്‍ ബെര്‍ത്‌ഡേ’ എന്നാണ് വിസില്‍ പോടു എന്ന ഹാഷ്ടാഗിനൊപ്പം സൂപ്പര്‍ കിങ്‌സ് പോസ്റ്റില്‍ കുറിച്ചത്. ഇന്ത്യന്‍ ജേഴ്‌സിയിലുള്ള താരത്തിന്റെ ചിത്രത്തിനൊപ്പമായിരുന്നു സൂപ്പര്‍ കിങ്‌സിന്റെ ആശംസ.

കഴിഞ്ഞ വര്‍ഷം, താരത്തിന്റെ 30ാം പിറന്നാളിനും സൂപ്പര്‍ കിങ്‌സ് ആശംസകളറിയിച്ചിരുന്നു. സഞ്ജു ഡേ എന്ന സ്‌പെഷ്യല്‍ പോസ്റ്ററും ടീം താരത്തിനായി പുറത്തിറക്കിയിരുന്നു. ക്യാപ്ഷനും ഏതാണ്ട് സമാനമായിരുന്നു. എന്നാല്‍ സൂപ്പര്‍ ബെര്‍ത്‌ഡേ എന്നതിന് പകരം ഹാപ്പി ബെര്‍ത്‌ഡേ എന്നാണ് 2024ല്‍ സൂപ്പര്‍ കിങ്‌സ് കുറിച്ചത്.

സാധാരണയായി തങ്ങളുടെ താരങ്ങള്‍ക്കും മുന്‍ താരങ്ങള്‍ക്കും പിറന്നാള്‍ ആശംസകള്‍ നേരുമ്പോഴാണ് സൂപ്പര്‍ കിങ്‌സ് ഇത്തരത്തില്‍ സൂപ്പര്‍ ബെര്‍ത്‌ഡേ എന്ന് കുറിക്കാറുള്ളതെന്നാണ് ആരാധകര്‍ പറയുന്നത്.

ഒക്ടോബര്‍ 29ന് മുന്‍ സൂപ്പര്‍ കിങ്‌സ് താരവും ഓസീസ് ലെജന്‍ഡുമായ മാത്യു ഹെയ്ഡന്റെ പിറന്നാളിനും ഒക്ടോബര്‍ 16ന് ഷര്‍ദുല്‍ താക്കൂറിന്റെ പിറന്നാളിനും സൂപ്പര്‍ ബെര്‍ത്‌ഡേ എന്ന ആശംസയാണ് സൂപ്പര്‍ കിങ്‌സ് നേര്‍ന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത് സഞ്ജു ടീമിലെത്തുമെന്നതിന്റെ ഒടുവിലത്തെ സൂചനയാണെന്നും ഇവര്‍ പറയുന്നു.

രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ രാജസ്ഥാന്‍ റോയല്‍സിന് കൈമാറിയാണ് സൂപ്പര്‍ കിങ്‌സ് സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ധോണിയുടെ പിന്‍ഗാമിയായി സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്സിലേക്കെത്തുമ്പോള്‍ താന്‍ ആദ്യമായി ഐ.പി.എല്‍ കിരീടം ചുംബിച്ച ടീമിലേക്കാകും രവീന്ദ്ര ജഡജേ മടങ്ങിയെത്തുക.

ഐ.പി.എല്ലിന്റെ ആദ്യ സീസണായ 2008ല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് രവീന്ദ്ര ജഡേജ അരങ്ങേറ്റം കുറിച്ചത്. അടുത്ത വര്‍ഷവും താരം ടീമിനൊപ്പം തന്നെയുണ്ടായിരുന്നു.

2010ല്‍ വിലക്ക് നേരിട്ട താരം 2011ല്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയിലൂടെ ഐ.പി.എല്ലിലേക്ക് മടങ്ങിയെത്തി.

2012ലാണ് താരം സൂപ്പര്‍ കിങ്‌സിന്റെ ഭാഗമാകുന്നത്. അന്നുമുതലിന്നുവരെ, സൂപ്പര്‍ കിങ്‌സിന് വിലക്ക് ലഭിച്ച് രണ്ട് സീസണുകളിലൊഴികെ താരം ടീമിനൊപ്പമുണ്ടായിരുന്നു. സൂപ്പര്‍ കിങ്‌സിനൊപ്പം നാല് കിരീടവും താരം സ്വന്തമാക്കി.

Content Highlight: Chennai Super Kings wish Sanju Samson a happy birthday

We use cookies to give you the best possible experience. Learn more