| Wednesday, 26th August 2026, 11:00 am

'ചേട്ടനൊപ്പം ഓണം ആഘോഷിച്ച് ക്യാപ്റ്റനടക്കം നാല് താരങ്ങൾ' ഒരു വൈറൽ ചിത്രം!

സുദേവ് എ

ലോകമെമ്പാടുമുള്ള മലയാളികൾ ഓണാഘോഷത്തിന്റെ തിരക്കിലാണ്. ഓണത്തിനൊപ്പം മലയാളി സൂപ്പർ താരം സഞ്ജു സാംസണിന്റെ ആഘോഷത്തിലും പങ്കുചേർന്നിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സും. സി.എസ്.കെ തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ക്രിക്കറ്റ് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

സഞ്ജുവിനൊപ്പം ഓണം ആഘോഷിക്കുന്ന നാല് ചെന്നൈ താരങ്ങളുള്ള ഒരു പോസ്റ്റാണ് ചെന്നൈ പങ്കുവെച്ചത്. ഫോട്ടോയിൽ ഓണാശംസകൾ എന്ന് എഴുതിയതും കാണാം. ഫോട്ടോയിൽ ചെന്നൈ നായകൻ റിതുരാജ്‌ ഗെയ്ക്വാദ്, സർഫറാസ്‌ ഖാൻ, ശിവം ദുബെ, സിമർജിത്ത് സിങ് എന്നിവരാണ് ഉള്ളത്.

ഈ നാല് താരങ്ങൾക്കും സദ്യ വിളമ്പുന്ന സഞ്ജുവിനെയും ഫോട്ടോയിൽ കാണാൻ സാധിക്കും. പോസ്റ്റ് ചെന്നൈയുടെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ കമന്റ് ബോക്സുകളിൽ എല്ലാം ആരാധകരുടെ ആവേശം നിറഞ്ഞുനിൽക്കുന്നത് കാണാം.

അതേസമയം 2026 ഐ.പി.എൽ സീസണിലാണ് സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറിയത്. തന്റെ അരങ്ങേറ്റ സീസണിൽ തന്നെ മഞ്ഞക്കുപ്പായത്തിൽ സ്വപ്‌ന തുല്യമായ പ്രകടനമാണ് സഞ്ജു നടത്തിയത്.

രാജസ്ഥാൻ റോയൽസിനൊപ്പമുള്ള ഐതിഹാസിക അധ്യായങ്ങൾക്ക് വിരാമമിട്ടാണ് സഞ്ജു ചെന്നൈയിലെത്തിയത്. രവീന്ദ്ര ജഡേജ, സാം കറൻ എന്നീ വമ്പൻ താരങ്ങളെ രാജസ്ഥാന് കൈമാറിയാണ് ചെന്നൈ സഞ്ജുവിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.

ചെന്നൈക്കൊപ്പമുള്ള ആദ്യ സീസണിൽ 14 ഇന്നിങ്സിൽ നിന്നും 477 റൺസാണ് സഞ്ജു നേടിയത്. സീസണിൽ രണ്ട് സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയുമാണ് സഞ്ജു സ്വന്തമാക്കിയത്. ആദ്യ സീസണിൽ തന്നെ ചെന്നൈയുടെ റൺ വേട്ടക്കാരിൽ ഒന്നാമനായി വരവറിയിച്ച സഞ്ജു അടുത്ത സീസണിലും ടീമിൻ്റെ അവിഭാജ്യ ഘടകമായി മാറുമെന്നുറപ്പാണ്.

Content Highlight: Chennai Super Kings share Onam wishes to Sanju Samson

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more