| Thursday, 13th August 2026, 6:38 pm

ആരാണ് സഞ്ജു സാംസൺ? നാല് ഉത്തരങ്ങളുമായി ചെന്നൈ സൂപ്പർ കിങ്‌സ്

സുദേവ് എ

2026 ഐ.പി.എല്‍ സീസണിലാണ് മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് കൂടുമാറിയത്. രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള ഐതിഹാസിക അധ്യായങ്ങള്‍ക്ക് വിരാമമിട്ടാണ് സഞ്ജു ചെന്നൈയിലെത്തിയത്.

രവീന്ദ്ര ജഡേജ, സാം കറന്‍ എന്നീ വമ്പന്‍ താരങ്ങളെ രാജസ്ഥാന് കൈമാറിയാണ് ചെന്നൈ സഞ്ജുവിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. തന്റെ അരങ്ങേറ്റ സീസണില്‍ തന്നെ മഞ്ഞക്കുപ്പായത്തില്‍ സ്വപ്ന തുല്യമായ പ്രകടനമാണ് സഞ്ജു നടത്തിയത്.

ഇപ്പോള്‍ സഞ്ജു സാംസണെ പ്രശംസിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പോസ്റ്റ്. കളിക്കളത്തിന് അകത്തും പുറത്തുമായുള്ള സഞ്ജുവിന്റെ മികച്ച പെരുമാറ്റത്തെക്കുറിച്ചുള്ള പോസ്റ്റാണ് സി.എസ്.കെ പങ്കുവെച്ചത്. ഇതിനായി നാല് കാരണങ്ങള്‍ എന്തൊക്കെയാണെന്നും ചെന്നൈ പോസ്റ്റിലൂടെ വ്യക്തമാക്കി.

‘എല്ലാവരെയും ചിരിപ്പിക്കുന്നു’ എന്നാണ് ആദ്യ പോസ്റ്റ്. ചെന്നൈ താരങ്ങളായ ശിവം ദുബെ, അന്‍ഷുല്‍ കാംമ്പോജ് എന്നിവര്‍ക്കൊപ്പം സഞ്ജുവുള്ള പോസ്റ്റിലാണ് ചെന്നൈ ഇക്കാര്യം കുറിച്ചത്. പോസ്റ്റില്‍ സഹതാരങ്ങള്‍ക്കൊപ്പം ചിരിക്കുന്ന സഞ്ജുവിനെയാണ് കാണാനാവുക.

‘സീനിയര്‍ താരങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് ആസ്വദിക്കുന്നു’വെന്നാണ് ചെന്നൈ രണ്ടാമത്തെ പോസ്റ്റില്‍ വ്യക്തമാക്കിയത്. ഇതിഹാസ നായകന്‍ എം.എസ് ധോണിക്കൊപ്പം സഞ്ജു പരിശീലന നടത്തുന്ന ഫോട്ടോയാണ് ഇതിനായി സി.എസ്.കെ പങ്കുവെച്ചത്.

‘എപ്പോഴും ഒരുപടി മുന്നോട്ട് സഞ്ചരിക്കും’ എന്നായിരുന്നു ചെന്നൈയുടെ മൂന്നാമത്തെ പ്രശംസ. വ്യക്തിഗത നേട്ടങ്ങളെക്കാള്‍ ടീമിന് മുന്‍ഗണന നല്‍കുന്ന സഞ്ജുവിനെയാണ് ഈ പോസ്റ്റിലൂടെ സി.എസ്.കെ ചൂണ്ടിക്കാണിക്കുന്നത്. സഞ്ജു പരിശീലനം നടത്തുന്ന ഒരു ചിത്രമാണ് ചെന്നൈ പങ്കുവെച്ചത്.

മത്സരങ്ങളിലെ പൂര്‍ണമായ ശ്രദ്ധയെക്കുറിച്ചും ലക്ഷ്യ ബോധ്യത്തെ കുറിച്ചുമാണ് ചെന്നൈ അവസാനമായി പങ്കുവെച്ചത്. ‘യു ആര്‍ ഓള്‍വെയ്സ് ലോക്ക്ഡ് ഇന്‍’ എന്നാണ് അവസാന ചിത്രത്തില്‍ ചെന്നൈ കുറിച്ചത്. ഏത് സമ്മര്‍ദഘട്ടത്തിലും ടീമിന് വേണ്ടി അവസാന ലക്ഷ്യത്തിലെത്തുന്നത് വരെ പോരാടുന്ന സഞ്ജുവിനെയാണ് ഇവിടെ സി.എസ്.കെ പ്രശംസിച്ചത്.

ചെന്നൈക്കൊപ്പമുള്ള അരങ്ങേറ്റ സീസണില്‍ തന്നെ മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ഈ സീസണില്‍ 14 ഇന്നിങ്‌സില്‍ നിന്നും 477 റണ്‍സാണ് സഞ്ജു നേടിയത്. സീസണില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധ സെഞ്ച്വറിയുമാണ് സഞ്ജു സ്വന്തമാക്കിയത്. ആദ്യ സീസണില്‍ തന്നെ ചെന്നൈയുടെ റണ്‍ വേട്ടക്കാരില്‍ ഒന്നാമനായി വരവറിയിച്ച സഞ്ജു അടുത്ത സീസണിലും ടീമിന്റെ അവിഭാജ്യ ഘടകമായി മാറുമെന്നുറപ്പാണ്.

Content Highlight: Chennai Super Kings praise Sanju Samson

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more