| Sunday, 1st March 2026, 4:40 pm

ജേഴ്‌സി റിവീലിങ്ങോ മാസ് സിനിമയുടെ ട്രെയ്‌ലറോ, അനിയുടെ ബി.ജിഎമ്മും തലയും... വല്ലാത്ത കോമ്പിനേഷനെന്ന് ആരാധകര്‍

അമര്‍നാഥ് എം.

ഐ.പി.എല്ലിലെ ഏറ്റവും ഫാന്‍ ഫോളോയിങ്ങുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നത് സി.എസ്.കെയാണ്. സ്‌പോര്‍ട്‌സ് ടീമാണെങ്കിലും പോപ് കള്‍ച്ചര്‍ കൃത്യമായി പിന്തുടരുന്ന ചെന്നൈ ടീം ഓരോ സീസണിലും സിനിമാറ്റിക് സ്‌റ്റൈലിലൂടെയാണ് ആരാധകരെ ആവേശത്തിലാക്കുന്നത്.

പുതിയ സീസണ് മുന്നോടിയായി ടീമിന്റെ ജേഴ്‌സികള്‍ ഓരോ ടീമുകളായി പുറത്തിറക്കുകയാണ്. മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തമായി മാസ് റിവീലിങ്ങാണ് ചെന്നൈ അവതരിപ്പിച്ചത്. കഴിഞ്ഞവര്‍ഷത്തെ വലിയ വിജയങ്ങളിലൊന്നായ കൂലിയുടെ സ്റ്റൈലാണ് സി.എസ്.കെ പിന്തുടര്‍ന്നത്. റിവീല്‍ ചെയ്യാന്‍ വെച്ച ജേഴ്‌സി അഞ്ജാതനായ ഒരാള്‍ മോഷ്ടിക്കുന്നതിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്.

കൂലിയിലെ ഹോസ്റ്റല്‍ ഇന്‍ട്രോ സീനിന് സമാനമായാണ് പിന്നീട് വീഡിയോ മുന്നോട്ടുപോകുന്നത്. വാര്‍ഡന്റെ വലംകൈയായി ക്യാപ്റ്റന്‍ റുതുരാജ് എത്തുമ്പോള്‍ പുതിയ അഡ്മിഷനുകളായി കാര്‍ത്തിക് ശര്‍മയും പ്രശാന്ത് വീറും എത്തുകയും ചെന്നൈയുടെ ഹോമിന്റെ ഇരട്ടപ്പേരായ ‘അന്‍ബു-ഡെനി’ന്റെ നിയമങ്ങള്‍ വായിക്കുകയും ചെയ്യുന്നുണ്ട്.

കൂലിയില്‍ ഉപേന്ദ്രയുടെ റൂമിന് മുന്നിലെത്തുമ്പോള്‍ നിശബ്ദരാകുന്നതുപോലെ ഈ വീഡിയോയിലും ഒരു റൂമിന് മുന്നിലെത്തുമ്പോള്‍ ശബ്ദമുണ്ടാക്കരുതെന്ന് പറയുന്നുണ്ട്. റൂമിലാരാണെന്ന് വെളിപ്പെടുത്തുന്നില്ലെങ്കിലും സൂചനകളനുസരിച്ച് അതിനകത്ത് സഞ്ജു സാംസണായേക്കുമെന്നാണ് കണക്കുകൂട്ടല്‍. എല്ലാത്തിനുമൊടുവില്‍ മാസ് ബില്‍ഡപ്പിലാണ് തലയുടെ എന്‍ട്രി.

മോഷണം പോയ ജേഴ്‌സി ലിയോയുടെ സഹായത്തോടെ ധോണി തിരിച്ചെത്തിക്കുന്നുണ്ട്. ജയിലറിലെ ‘ഹുക്കും’ എന്ന പാട്ടിന്റെ ബാക്ക്ഗ്രൗണ്ടില്‍ മാസ് എന്‍ട്രിയാണ് ധോണിക്ക് നല്‍കിയത്. അനിരുദ്ധ് ഏത് സൂപ്പര്‍സ്റ്റാറിന് വേണ്ടി പാട്ട് തയാറാക്കിയാലും അത് ധോണിക്ക് കൃത്യമായി ചേരുന്നുണ്ടെന്ന് ഈ വീഡിയോയും അടിവരയിടുന്നു.

സിനിമയും ക്രിക്കറ്റും ഒരുപോലെ മിക്‌സ് ചെയ്ത് ആരാധകരെ നിരാശപ്പെടുത്താതിരിക്കുന്ന സി.എസ്.കെയുടെ അഡ്മിനെ പലരും അഭിനന്ദിക്കുന്നുണ്ട്. മിനി ലേലത്തിന് മുമ്പും ശേഷവും ഗംഭീര പ്രൊമോയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്തുവിടുന്നത്. അനിരുദ്ധ് എന്ന പവര്‍ഹൗസിനെ സിനിമാലോകത്തോടൊപ്പം ക്രിക്കറ്റ് ലോകവും കൃത്യമായി ഉപയോഗിക്കുന്നുണ്ട്.

Content Highlight: Chennai Super Kings jersey revealing with Anirudh’s BGM viral in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more