ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ചെന്നെെ സൂപ്പര്‍ കിങ്സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 43 റണ്‍സിനാണ് ബെംഗളൂരുവിന്റെ വിജയം. ഇതോടെ തുടര്‍ച്ചയായ മൂന്നാം പരാജയമാണ് ചെന്നൈ ഏറ്റുവാങ്ങുന്നത്. ആര്‍.സി.ബി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 251 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 19.4 ഓവറില്‍ 207 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.
പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ റെക്കോഡില്‍ ഒന്നാം സ്ഥാനത്തേക്ക് ചേക്കേറാന്‍ ചെന്നൈക്ക് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ 200+ ടോട്ടല്‍ നേടുന്ന ടീമാകാനാണ് ചെന്നൈക്ക് സാധിച്ചത്. 37 തവണയാണ് ചെന്നൈ 200 കടന്നത്. ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബെംഗളൂരു 36 തവണയാണ് 200+ ടോട്ടല്‍ നേടിയത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് – 37
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 36
പഞ്ചാബ് കിങ്‌സ് – 33
മുംബൈ ഇന്ത്യന്‍സ് – 32
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 30
മത്സരത്തില്‍ ചെന്നൈക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് നാലാമനായി ഇറങ്ങിയ സര്‍ഫറാസ് ഖാനാണ്. 25 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 50 റണ്‍സാണ് താരം നേടിയത്. 29 പന്തില്‍ ആറ് ഫോറും ഒരു സിക്സും സഹിതം 43 റണ്‍സെടുത്ത പ്രശാന്ത് വീര്‍ 43 റണ്‍സും, 16 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സുമടക്കം 37 റണ്‍സെടുത്ത ജെയ്മി ഓവര്‍ടണും ചെന്നൈ നിരയില്‍ തിളങ്ങി. 12 പന്തില്‍ ഓരോ സിക്സും ഫോറും ഉള്‍പ്പെടെ 19* റണ്‍സെടുത്ത അന്‍ഷുല്‍ കാംബോജ് പൊരുതി.
മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. താരം അഞ്ച് പന്തില്‍ ഒരു സിക്‌സറടക്കം ഒമ്പത് റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് (7), യുവ താരം ആയുഷ് മാത്രെ (1) എന്നിവരും റണ്‍സ് നേടുന്നതില്‍ പരാജയപ്പെട്ടു.
ബെംഗളൂരുവിന് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജേക്കബ് ഡഫി, അഭിനന്ദന്‍ സിങ്, ക്രുണാല്‍ പാണ്ഡ്യ, എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. സുയാഷ് ശര്‍മ ഒരു വിക്കറ്റും വീഴ്ത്തി.
മത്സരത്തില്‍ ആര്‍.സി.ബിക്ക് വേണ്ടി ടിം ഡേവിഡും ദേവ്ദത്ത് പടിക്കലും അര്‍ധ സെഞ്ച്വറി നേടി തകര്‍പ്പന്‍ പ്രകടനം നടത്തി. ഡേവിഡ് 25 പന്തില്‍ എട്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 70 റണ്‍സ് നേടിയപ്പോള്‍ പടിക്കല്‍ 29 പന്തില്‍ 50 റണ്‍സ് നേടി.ക്യാപ്റ്റന്‍ രജത് പാടിദാര്‍ 19 പന്തില്‍ 48 റണ്‍സും ഫില്‍ സാള്‍ട്ട് 46 റണ്‍സും നേടി. സൂപ്പര്‍ താരം വിരാട് കോഹ്‌ലി 28 റണ്‍സും നേടി.
Content Highlight: Chennai Super Kings In Great Record Achievement In IPL