| Wednesday, 17th December 2025, 5:30 pm

ഇനി വയസന്മാരുടെ ടീമല്ല; ഗിയര്‍ മാറ്റി ചെന്നൈ

ഫസീഹ പി.സി.

ഐ.പി.എല്‍ 2026ന് മുന്നോടിയായുള്ള മിനി താരലേലം കഴിഞ്ഞ ദിവസമാണ് ദുബായിയില്‍ നടന്നത്. ഇത് വമ്പന്‍ സര്‍പ്രൈസുകള്‍ ഉണ്ടായിരുന്ന ഒരു ലേലം കൂടിയാണ്. ലേലത്തിന്റെ ആദ്യ റൗണ്ടില്‍ ഒരു ടീം പോലും സ്വന്തമാക്കാന്‍ താത്പര്യം കാണിക്കാതിരുന്ന ലിയാം ലിവിങ്സ്റ്റണെ 13 കോടിക്ക് സണ്‍റൈസേഴ്സ് ടീമിലെത്തിച്ചതായിരുന്നു ഏറ്റവും വലിയ സര്‍പ്രൈസ്.

അതുപോലെ തന്നെ ആരാധകരെ ഏറെ ഞെട്ടിച്ച മറ്റൊന്ന് ടൂര്‍ണമെന്റിലെ ഏറ്റവും സക്‌സസ്ഫുള്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ (സി.എസ്.കെ) ബിഡ്ഡിങ്ങുകളാണ്. കഴിഞ്ഞ ദിവസത്തെ ലേലത്തില്‍ ടീം രണ്ട് അണ്‍ ക്യാപ്പ്ഡ് ആയ രണ്ട് താരങ്ങളെ പൊന്നും വില കൊടുത്ത് ടീമിലെത്തിച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കാര്‍ത്തിക് ശര്‍മയെയും ഇടംകയ്യന്‍ ഓര്‍ത്തഡോക്സ് സ്പിന്നര്‍ പ്രശാന്ത് വീറിനെയുമാണ് സി.എസ്.കെ ചെപ്പോക്കിലെത്തിച്ചത്.

കാർത്തിക് ശർമയും പ്രശാന്ത് വീറും. Photo: Chennai Super Kings/x.com

സി.എസ്.കെ ടീമിലെത്തിച്ച ഈ താരങ്ങളുടെ പ്രായമാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചത്. കാര്‍ത്തിക്കിന് 19 വയസും പ്രശാന്ത് വീറിന് 20 വയസുമാണ് പ്രായം. പൊതുവെ ചെന്നൈയെ വയസന്മാരുടെ ടീം എന്നാണ് പറയാറുള്ളത്. ചെന്നൈ പൊതുവെ ലേലത്തില്‍ അനുഭവപരിചയുമുള്ള താരങ്ങളെയാണ് നോട്ടമിടാറുള്ളത്. കഴിഞ്ഞ സീസണിലെല്ലാം അങ്ങനെ 30 വയസിന് മുകളിലുള്ള പല താരങ്ങളെയും ടീമില്‍ എത്തിച്ചിരുന്നു.

അത്തരമൊരു ചീത്തപ്പേരുള്ള ടീമാണ് ഇപ്പോള്‍ രണ്ട് യുവതാരങ്ങളെ സ്വന്തം തട്ടകത്തില്‍ എത്തിച്ചിരിക്കുന്നത്. എന്നാല്‍, ഇവര്‍ മാത്രമല്ല പ്രായം കുറവുള്ള താരങ്ങള്‍. സി.എസ്.കെയുടെ പുതിയ സീസണിനുള്ള സ്‌ക്വാഡില്‍ പ്രശാന്തിനും കാര്‍ത്തിക്കിനും പുറമെ 22 വയസില്‍ താഴെയുള്ള മൂന്ന് താരങ്ങളാണുള്ളത്.

ഡെവാൾഡ് ബ്രെവിസ്. Photo: Pratyush Halder/x.om

ആയുഷ് മാഹ്‌ത്രെ, നൂര്‍ അഹമ്മദ്, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരാണ് ഈ താരങ്ങള്‍. ആയുഷിന് 18 വയസും 153 ദിവസവുമാണ് പ്രായം. നൂറിന് 20 വയസും ബ്രെവിസ് 22 വയസുമാണുള്ളത്. കൂടാതെ, 35 വയസിന് മുകളില്‍ പ്രായമുള്ള ഒരാള്‍ മാത്രമാണുള്ളത്. അത് സാക്ഷാല്‍ എം.എസ് ധോണിയാണ്.

താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയ താരങ്ങള്‍

(താരം – അടിസ്ഥാന വില – വിന്നിങ് ബിഡ് എന്നീ ക്രമത്തില്‍)

കാര്‍ത്തിക് ശര്‍മ – 30 ലക്ഷം – 14.20 കോടി

പ്രശാന്ത് വീര്‍ – 30 ലക്ഷം – 14.20 കോടി

രാഹുല്‍ ചഹര്‍ – ഒരു കോടി – 5.20 കോടി

മാറ്റ് ഹെന്റി – 2 കോടി – 2 കോടി

അകീല്‍ ഹൊസൈന്‍ – 2 കോടി – 2 കോടി

മാറ്റ് ഷോര്‍ട്ട് – 1.5 കോടി – 1.5 കോടി

സാക്രി ഫോള്‍ക്സ് – 75 ലക്ഷം – 75 ലക്ഷം

സര്‍ഫറാസ് ഖാന്‍ – 75 ലക്ഷം – 75 ലക്ഷം

അമന്‍ ഖാന്‍ – 30 ലക്ഷം – 40 ലക്ഷം

Content Highlight: Chennai Super Kings have five players under 22 years in squad for IPL 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more