| Monday, 4th May 2026, 8:40 am

ചെന്നൈക്ക് വീണ്ടും തിരിച്ചടി; നാലാമനും പുറത്ത്!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്‍ 2026ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വീണ്ടും തിരിച്ചടി. പേസ് ബൗളര്‍ രാമകൃഷ്ണ ഘോഷ് പരിക്ക് മൂലം പുറത്തായി. മെയ് രണ്ടിന് മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ചെന്നൈക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ രാമകൃഷ്ണയുടെ വലത് കാലില്‍ പൊട്ടലുള്ളതായാണ് ടീം മാനേജ്‌മെന്റ് അറിയിച്ചത്. ആദ്യ മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ താരം 24 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയിരുന്നു.

സീസണിലെ നിര്‍ണായക ഘട്ടത്തിലൂടെ നീങ്ങുന്ന ചെന്നൈക്ക് ഇത് നാലാമത്തെ താരത്തെയാണ് പരിക്ക് മൂലം നഷ്ടപ്പെടുന്നത്. നേരത്തെ ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ യുവ താരം ആയുഷ് മാഹ്‌ത്രെ പരിക്ക് മൂലം പുറത്തായിരുന്നു. സൂപ്പര്‍ ബൗളറായ ഖലീല്‍ അഹമ്മദിന്റെയും അവസ്ഥ സമാനമാണ്. കൂടാതെ ഓസീസ് സൂപ്പര്‍ താരം നഥാന്‍ എല്ലിസിനെയും ടീമിനെ തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു.

ടീമിന് വേണ്ടി തിരിച്ചെത്തിയത് ഓസീസ് താരം സ്‌പെന്‍സര്‍ ജോണ്‍സന്‍ മാത്രമാണ്. എന്നിരുന്നാലും സീസണില്‍ താരം ഒരു മത്സരം പോലും കളിച്ചിട്ടില്ല. മാത്രമല്ല തുടക്കത്തിലെ മൂന്ന് മത്സരത്തില്‍ സൂപ്പര്‍ ബാറ്റര്‍ ഡെവാള്‍ഡ് ബ്രെവിസിന് കളിക്കാന്‍ സാധിച്ചിട്ടില്ലായിരുന്നു. എം.എസ്. ധോണിയും ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല. പരാജയത്തില്‍ നിന്ന് ചെന്നൈ വിജയവഴിയില്‍ എത്തി നില്‍ക്കുമ്പോഴാണ് താരങ്ങളുടെ പരിക്കുകള്‍ ടീമിനെ തളര്‍ത്തുന്നത്.

അതേസമയം ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ രണ്ടാം മത്സരത്തിലും ചെന്നൈ സൂപ്പര്‍ കിങ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ചെപ്പോക്കില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ക്കാണ് ചെന്നൈയുടെ വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടിക്ക് ഇറങ്ങിയ ചെന്നൈ 18.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വിജയത്തോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയരാനും ചെന്നൈക്ക് സാധിച്ചു. എട്ട് പോയിന്റാണ് ചെന്നൈയുടെ പക്കലുള്ളത്.

മെയ് അഞ്ചിന് ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ക്യാപ്പിറ്റല്‍സിന്റെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം.

Content Highlight: Chennai Super Kings Have Big Setback In IPL 2026

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more