ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ആറാം വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് ചെന്നൈ വീഴ്ത്തിയത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എല്‍.എസ്.ജി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് നേടിയത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ നാല് പന്തുകളും അഞ്ച് വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം മറികടന്നു. ഈ വിജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാനും ചെന്നൈക്ക് സാധിച്ചു. ജയത്തോടെ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കാണ് ചെന്നൈ കുതിച്ചത്.
2018ന് ശേഷം ഇതാദ്യമായാണ് ചെന്നൈ ഐ.പി.എല്ലില്‍ 180+ റണ്‍സ് ചെയ്സ് ചെയ്ത് വിജയിക്കുന്നത്. നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചെന്നൈ ഇപ്പോള്‍ ഇത്തരത്തിലൊരു വിജയം സ്വന്തമാക്കിയിരിക്കുന്നത്. പല മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ ചെന്നൈ 200ലധികം റണ്‍സ് നേടാറുണ്ടെങ്കിലും ചെന്നൈക്ക് ചെയ്സിങ്ങില്‍ ഈ കടമ്പ കടക്കാന്‍ സാധിച്ചിരുന്നില്ല. പിന്തുടരുമ്പോഴും പല മത്സരങ്ങളിലും 180+ കടന്നിരുന്നെങ്കിലും ചെന്നൈക്ക് ആ മത്സരത്തില്‍ വിജയം കൈപ്പിടിയിലാക്കുകയെന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു.
2018 സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയായിരുന്നു ചെന്നൈ ഇതിന് മുമ്പ് 180+ റണ്‍സ് ചെയ്സ് ചെയ്ത് വിജയിച്ചിരുന്നത്. ആര്‍.സി.ബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു ഉയര്‍ത്തിയ 206 റണ്‍സായിരുന്നു ചെന്നൈ മറികടന്നിരുന്നത്. ഐ.പി.എല്ലിലെ ചെന്നൈയുടെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ ചെയ്സിങ് കൂടിയാണ് ലഖ്നൗവിനെതിരെ നടന്നത്. 2018ല്‍ കൊല്‍ക്കത്തക്കെതിരെ നടത്തിയ 203 റണ്‍സിന്റെ ചെയ്സിങാണ് സി.എസ്.കെ മറികടന്നത്.
അര്‍ധ സെഞ്ച്വറി നേടി തിളങ്ങിയ ഉര്‍വില്‍ പട്ടേലിന്റെ കരുത്തിലാണ് ചെന്നൈ വിജയിച്ചു കയറിയത്. 23 പന്തില്‍ 65 റണ്‍സാണ് ഉര്‍വില്‍ അടിച്ചെടുത്തത്. രണ്ട് ഫോറുകളും എട്ട് കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് 42 റണ്‍സും മലയാളി താരം സഞ്ജു സാംസണ്‍ 28 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായകമായി.
ചെന്നൈ ബൗളിങ്ങില്‍ ജെയ്മി ഓവര്‍ട്ടണ്‍ മൂന്ന് വിക്കറ്റുകളും അന്‍ഷുല്‍ കാംബോജ് രണ്ട് വിക്കറ്റും നൂര്‍ അഹമ്മദ് ഒരു വിക്കറ്റും സ്വന്തമാക്കി.
അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ഓസ്‌ട്രേലിയന്‍ താരം ജോഷ് ഇംഗ്ലിസിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് എല്‍.എസ്.ജി മികച്ച ടോട്ടല്‍ നേടിയത്. 33 പന്തില്‍ 85 റണ്‍സാണ് താരം അടിച്ചെടുത്തത്. 10 ഫോറുകളും ആറ് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതായിരുന്നു ഓസീസ് താരത്തിന്റെ ഇന്നിങ്‌സ്. ഷഹബാസ് അഹമ്മദ് അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുകയും ചെയ്തു. 25 പന്തില്‍ പുറത്താവാതെ 43 റണ്‍സാണ് ഷഹബാസ് നേടിയത്. മൂന്ന് വീതം ഫോറുകളും സിക്‌സുകളുമാണ് താരം നേടിയത്.
ലഖ്‌നൗ ബൗളിങ്ങില്‍ ഷഹബാസ് അഹമ്മദ്, ദിഗ്വേഷ് സിങ് രാഥി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ആവേശ് ഖാന്‍ ഒരു വിക്കറ്റും നേടി.
Content Highlight: Chennai super kings chased 180+ runs in ipl after 8 years in IPL