| Monday, 21st September 2026, 8:37 pm

ചെന്നൈയ്ക്ക് സര്‍പ്രൈസ് ഹെഡ് കോച്ച്; വമ്പന്‍ പ്രഖ്യാപനവുമായി സി.എസ്.കെ മാനേജ്‌മെന്റ്

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍. ചെന്നൈ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എക്‌സിലൂടെയാണ് വിവരമറിയിച്ചത്. 18 വര്‍ഷത്തെ പരിശീലനത്തിനൊടുവില്‍ ഓസീസ് ഇതിഹാസം സ്റ്റീഫന്‍ ഫ്‌ളെമ്മിങ് ചെന്നൈയുടെ പരിശീലകസ്ഥാനം രജിവെച്ചതോടെയാണ് ഫ്രാഞ്ചൈസി സഹീര്‍ ഖാനെ തെരഞ്ഞെടുത്തത്.

പരിശീലക സ്ഥാനം ആരാണ് ഏറ്റെടുക്കുക എന്ന വിഷയത്തില്‍ ഏറെ അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. സാക്ഷാല്‍ എം.എസ്. ധോണി പരിശീലക സ്താനം ഏറ്റെടുക്കുമെന്ന് പല റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നെങ്കിലും ഇതെല്ലാം പൊളിച്ചുകൊണ്ടാണ് മുന്‍ ഇടം കയ്യന്‍ പേസറായ സഹീറിനെ ചെന്നൈ പരിശീലകനാക്കിയത്. മൈക്കല്‍ ഹസി, രാഹുല്‍ ദ്രാവിഡ്, ഇയോണ്‍ മോര്‍ഗന്‍ എന്നിവരുള്‍പ്പെടെ നിരവധി പേരുകള്‍ മത്സരരംഗത്തുണ്ടായിരുന്നു.

സഹീര്‍ ഖാനും റിഷബ് പന്തും

‘ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളില്‍ ഒന്നിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഒരു ബഹുമതിയാണ്. ഒരു ക്രിക്കറ്റ് കളിക്കാരന്‍ എന്ന നിലയില്‍, ഞാന്‍ സി.എസ്.കെയെ മൈതാനത്ത് നേരിട്ടിട്ടുണ്ട്, മത്സരങ്ങള്‍ ഞാന്‍ നന്നായി ആസ്വദിച്ചിട്ടുണ്ട്,’ സഹീര്‍ പറഞ്ഞതായി സ്പോര്‍ട്സ്റ്റാര്‍ ഉദ്ധരിച്ചു.

കളിക്കാരനെന്ന നിലയില്‍ ഐ.പി.എല്ലില്‍ മികച്ച റെക്കോഡുള്ള താരമാണ് സഹീര്‍. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, മുംബൈ ഇന്ത്യന്‍സ്, ദല്‍ഹി ഡെയര്‍ഡെവിള്‍സ് എന്നീ ടീമുകള്‍ക്കായി 100 മത്സരങ്ങളില്‍ നിന്ന് 102 വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഐ.പി.എല്ലിലെ അവസാന മത്സരം 2017ല്‍ ദല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിച്ചതായിരുന്നു. 2016ലും 2017ലും ദല്‍ഹിയുടെ ക്യാപ്റ്റനായും സഹീര്‍ പ്രവര്‍ത്തിച്ചു.

കളിക്കളത്തില്‍ നിന്ന് വിരമിച്ചശേഷം ഫ്രാഞ്ചൈസി ക്രിക്കറ്റിന്റെ മാനേജ്‌മെന്റ്, മെന്ററിങ് മേഖലകളിലും സഹീര്‍ സജീവമായി. 2018 മുതല്‍ 2022 വരെ മുംബൈ ഇന്ത്യന്‍സില്‍ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റായും പിന്നീട് ഹെഡ് ഓഫ് ഗ്ലോബല്‍ ഡെവലപ്‌മെന്റായും പ്രവര്‍ത്തിച്ചു. 2025ല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് അദ്ദേഹത്തെ മെന്ററായി നിയമിച്ചു.

Content Highlight: Chennai Super Kings Appointed Former Pacer Zaheer Khan As Head Coach

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more