| Tuesday, 1st July 2025, 6:58 pm

ധോണിക്കൊപ്പം സഞ്ജുവും? സൂചന നൽകി ചെന്നൈ സൂപ്പർ കിങ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

സഞ്ജു സാംസണിനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. നിലവിൽ ഐ.പി.എൽ രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജുവിനെ ടീമിലെത്തിക്കാൻ തങ്ങൾക്ക് താത്പര്യമുണ്ടെന്ന് ചെന്നൈ ഉദ്യോഗസ്ഥൻ പ്രതികരിച്ചതായി ക്രിക് ബസ്സ് റിപ്പോർട്ട് ചെയ്തു. അടുത്ത സീസണിന് മുന്നോടിയായുള്ള മിനി ലേലത്തിന് മുമ്പ് രാജസ്ഥാനുമായി കൈമാറ്റം ചെയ്യാൻ കഴിയുന്ന താരങ്ങളെ തിരയുകയാണെന്നും റിപ്പോർട്ടിലുണ്ട്.

ഇന്ത്യൻ ബാറ്ററും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിൽ തങ്ങൾക്ക് താല്പര്യമുണ്ടെന്നും സാധിക്കുമെങ്കിൽ താരത്തെ ടീമിലെത്തിക്കുമെന്നും പേര് വെളിപ്പെടുത്താത്ത സി.എസ്.കെ ഉദ്യോഗസ്ഥൻ പറഞ്ഞു. താരത്തിന് പകരമായി ആരെ കൈമാറ്റം ചെയ്യുമെന്നൊന്നും തീരുമാനമായിട്ടില്ലെന്നും കാര്യങ്ങൾ ഇതുവരെ അത്രത്തോളം പുരോഗമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘തീർച്ചയായും ഞങ്ങൾക്ക് സഞ്ജുവിന് താൽപര്യമുണ്ട്. അവനൊരു ഇന്ത്യൻ ബാറ്ററും വിക്കറ്റ് കീപ്പറുമാണ്. അതുകൊണ്ട്, അവനെ ടീമിലെത്തിക്കാൻ സാധിക്കുമെങ്കിൽ ഞങ്ങൾ അതിനായി ശ്രമിക്കും. താരത്തിന് പകരമായി ആരെ കൈമാറ്റം ചെയ്യുമെന്നൊന്നും തീരുമാനമായിട്ടില്ല. കാര്യങ്ങൾ ഇതുവരെ അത്രത്തോളം പുരോഗമിച്ചിട്ടില്ല. പക്ഷേ, ഞങ്ങൾക്ക് അവനിൽ താൽപര്യമുണ്ട്,’ സി.എസ്.കെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ക്രിക് ബസ്സ് റിപ്പോർട്ട് ചെയ്തു.

നേരത്തെ തന്നെ സഞ്ജു സാംസൺ പുതിയ സീസണിൽ ഐ. പി.എല്ലിൽ അഞ്ച് വട്ടം ചാമ്പ്യന്മാരായ സി.എസ്.കെയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അടുത്ത കാലത്തായി ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ടീമിന് ഒരു നായകനെ തിരിക്കുന്നതായും സഞ്ജുവുമായി ചില ചര്‍ച്ചകള്‍ നടത്തിയെന്നും റൂമറുകള്‍ ഉണ്ടായിരുന്നു.

ഐ.പി.എല്ലിന്റെ 18ാം സീസണില്‍ സഞ്ജു സാംസണും രാജസ്ഥാന്‍ മാനേജ്‌മെന്റും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാത്രമല്ല, താരം ഈ അടുത്ത് തന്റെ സോഷ്യല്‍ മീഡിയയില്‍ ടൈം ടു മൂവ് എന്ന അടിക്കുറിപ്പോടെ ഒരു പോസ്റ്റ് ഷെയർ ചെയ്തിരുന്നു. അതിന് പിന്നാലെയായിരുന്നു താരത്തിന്റെ കൂടുമാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശക്തമായത്.

സഞ്ജു ചെന്നൈയിലെത്തുമോയെന്നും ധോണിക്കൊപ്പം കളിക്കുമോയെന്നുമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായി നടക്കുന്നതിനിടെയാണ് ഇപ്പോൾ ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വരുന്നത്. ഐ.പി.എൽ 2025ൽ ചെന്നൈ സൂപ്പർ കിങ്‌സിനും രാജസ്ഥാൻ റോയൽസിനും ഒരു മികച്ച സീസണായിരുന്നില്ല. ആർ.ആർ ഒമ്പതാം സ്ഥാനത്തും സി.എസ്.കെ പത്താം സ്ഥാനത്തുമായിരുന്നു സീസൺ അവസാനിപ്പിച്ചത്.

കഴിഞ്ഞ സീസണിൽ ചെന്നൈ നായകൻ രുതുരാജ് ഗെയ്ക്വാദ് സീസണിനിടെ പുറത്താവുകയായിരുന്നു. പിന്നീട് ധോണി തന്നെ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തെങ്കിലും മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞിരുന്നില്ല.

അതേസമയം, പരിക്കിന്റെ പിടിയിലായിരുന്ന സഞ്ജുവിനും ഇത്തവണത്തെ സീസണ്‍ മികച്ചതല്ലായിരുന്നു. 2025ല്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 285 റണ്‍സാണ് താരം നേടിയത്. 66 എന്ന ഉയര്‍ന്ന സ്‌കോറും സഞ്ജുവിനുണ്ട്. ഇതുവരെ ഐ.പി.എല്ലിലെ 117 മത്സരങ്ങളില്‍ നിന്ന് 4704 റണ്‍സാണ് സഞ്ജു നേടിയത്. 119 എന്ന ഉയര്‍ന്ന സ്‌കോറും 30.95 എന്ന ആവറേജും 139.5 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്.

Content Highlight: Chennai Supe Kings official confirmed franchise’s interest in Sanju Samson

We use cookies to give you the best possible experience. Learn more