| Tuesday, 19th May 2026, 8:01 am

തോല്‍വിക്ക് ശേഷം ഇവിടെ നില്‍ക്കേണ്ടി വരുന്നത് വേദനാജനകമാണ്; വിശദീകരണവുമായി ഗെയ്ക്വാദ്

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ടതിന് പിന്നാലെ ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് സമ്മാനദാന ചടങ്ങില്‍ സംസാരിച്ചിരുന്നു. ബൗളിങ്ങില്‍ തങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ഗെയ്ക്വാദ് തോല്‍വിയെക്കുറിച്ച് പറഞ്ഞത്. മാത്രമല്ല തന്റെ വേഗത കുറഞ്ഞ ഇന്നിങ്സിനെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ ഉണ്ടാകുമെന്നും
സ്‌കോര്‍കാര്‍ഡ് നോക്കുമ്പോള്‍ ഇത്രയധികം പന്തുകള്‍ കളിച്ച് കുറഞ്ഞ റണ്‍സ് നേടിയതില്‍ താന്‍ നിരാശനാണെന്നും ഗെയ്ക്വാദ് കൂട്ടിച്ചേര്‍ത്തു.

‘ഈ തോല്‍വിക്ക് ശേഷം ഇവിടെ നില്‍ക്കേണ്ടി വരുന്നത് വേദനാജനകമാണ്. ഈ പിച്ചില്‍ 181 റണ്‍സ് ഡിഫന്റ് ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ ശരിക്കും വിശ്വസിച്ചിരുന്നു, പക്ഷേ ബൗളിങ്ങില്‍ ഞങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല, അവര്‍ അത് പിന്തുടര്‍ന്ന രീതിയെ അഭിനന്ദിക്കണം. എന്റെ വേഗത കുറഞ്ഞ ഇന്നിങ്സിനെക്കുറിച്ച് ധാരാളം സംസാരമുണ്ടെന്ന് എനിക്കറിയാം. ഒരു ക്യാപ്റ്റനെന്ന നിലയിലും ഒരു ഓപ്പണര്‍ എന്ന നിലയിലും നിങ്ങള്‍ നേരത്തെ വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോള്‍, ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോകാനും ഒരു പങ്കാളിത്തം കെട്ടിപ്പടുക്കാനുമുള്ള ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുക്കണം.

സ്‌കോര്‍കാര്‍ഡ് നോക്കുമ്പോള്‍ ഇത്രയധികം പന്തുകള്‍ കളിച്ച് കുറഞ്ഞ റണ്‍സ് നേടിയതില്‍ ഞാന്‍ നിരാശനാണ്, പക്ഷേ ഈ വിക്കറ്റില്‍ കളിക്കുന്നത് അത്ര എളുപ്പമല്ലായിരുന്നു. പിന്നീട് വലിയ ഷോട്ടുകള്‍ക്ക് ഞാന്‍ പരമാവധി ശ്രമിച്ചു, പക്ഷേ അത് ഞങ്ങളുടെ ദിവസമായിരുന്നില്ല. പ്ലേഓഫ് മത്സരത്തില്‍ നിന്ന് പുറത്താകുന്നത് കാണുന്നത് ഏറ്റവും വേദനാജനകമാണ്.

ഈ ഫ്രാഞ്ചൈസിയും ഞങ്ങളുടെ ആരാധകരും ഞങ്ങളെ ആദ്യ നാലില്‍ കാണാന്‍ അര്‍ഹരായിരുന്നു, അത് വഴുതിപ്പോയത് അംഗീകരിക്കാന്‍ സാധിക്കുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട സമയത്ത് ഞങ്ങള്‍ ഞങ്ങളുടെ മികച്ച ക്രിക്കറ്റ് കളിച്ചില്ല, ക്യാപ്റ്റന്‍ എന്ന നിലയില്‍, അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ഞങ്ങളുടെ അഭിമാനത്തിനായി കളിക്കുക എന്നതാണ്,’ ഋതുരാജ് ഗെയ്ക്വാദ് മത്സര ശേഷം പറഞ്ഞു.ഋതുരാജ് ഗെയ്ക്വാദ്

ചെന്നൈയുടെ തട്ടകമായ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് പാറ്റ് കമ്മിന്‍സും കൂട്ടരും വിജയക്കൊടി പറത്തിയത്. ഇതോടെ 2026ലെ ഐ.പി.എല്ലില്‍ പ്ലേഓഫിലെത്താനും ഹൈദരാബാദിന് സാധിച്ചു. പിന്നാലെ ചെന്നൈയുടെ പ്ലേഓഫ് സാധ്യതകളും മങ്ങി. ചെന്നൈ ഉയര്‍ത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി വിജയം നേടുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് സഞ്ജു സാംസണ്‍ മികച്ച തുടക്കം നല്‍കിയിരുന്നു. 13 പന്തില്‍ 27 റണ്‍സെടുത്ത് താരം മടങ്ങി. പിന്നാലെ ഗെയ്ക്വാദ് നടത്തിയ പ്രകടനം ഒട്ടും അനുയോജ്യമല്ലായിരുന്നു എന്നാണ് ആരാധകര്‍ ഉള്‍പ്പെടെ വിമര്‍ശിക്കുന്നത്. 21 പന്തില്‍ ബൗണ്ടറികളില്ലാതെ 15 റണ്‍സ് മാത്രമാണ് താരം നേടിയത്. ഋതുരാജ് ഗെയ്ക്വാദിന്റെ മോശം പ്രകടനം ചെന്നൈയെ തോല്‍വിയിലേക്ക് നയിച്ചതില്‍ പ്രധാനമായിരുന്നു.

Content Highlight: Chennai Captain Ruturaj Gaikwad Talking About Defeat Against Sunrisers Hyderabad In Crucial Game

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more