തിരുവനന്തപുരം: ചെങ്ങറ ഭൂസമര പ്രദേശത്തെ 1986 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെങ്ങറ ഭൂസമര പ്രാദശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ബന്ധപ്പെട്ട മന്ത്രിമാര്‍ ഉദ്യോഗസ്ഥരുമായും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, ഫാമിങ് കോര്‍പറേഷന്‍ തുടങ്ങിയവരുമായും ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കണം. പ്രത്യേക ക്യാമ്പ് നടത്തി റേഷന്‍ കാര്‍ഡ് വിതരണവും ഓണ കിറ്റ് വിതരണവും ആരംഭിക്കും. മാത്രമല്ല തൊഴില്‍ കാര്‍ഡ് വിതരണം ഉടന്‍ പൂര്‍ത്തിയാക്കും.
കൂടാതെ കുട്ടികളുടെ പോഷകാഹാരപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിലവിലുള്ള അങ്കണവാടികളെ ശക്തിപ്പെടുത്തുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിനുള്ള നിശ്ചിത ഇടവേളകളിലുള്ള മെഡിക്കല്‍ ക്യാമ്പ് എന്നിവ നടത്തും. മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുക, കുട്ടികള്‍ക്ക് പഠിക്കാന്‍ സോളാര്‍ ലൈറ്റ് നല്‍കുക എന്നിവയടക്കമുള്ള നടപടികള്‍ സ്വീകരിക്കും.
കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടി കൈക്കൊള്ളാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മന്ത്രിമാരായ കെ. രാജന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, എം.ബി. രാജേഷ്. ജി.ആര്‍. അനില്‍, ഒ.ആര്‍. കേളു, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നിയമ സെക്രട്ടറി കെ.ജി. സനല്‍ കുമാര്‍ റവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യം എന്നിവര്‍ സംസാരിച്ചു.
ആദിവാസി, ദലിത് സമുദായങ്ങളില്‍ നിന്നുള്ള ഭൂരഹിത കുടുംബങ്ങള്‍ക്ക് ഭൂമി ആവശ്യപ്പെട്ട് 2007ല്‍ ലാഹ ഗോപാലന്റെ നേതൃത്വത്തില്‍ സാധു ജന വിമോചന സമര വേദി (എസ്.ജെ.വി.എസ്.വി) ആരംഭിച്ച ഒരു നീണ്ട ഭൂവകാശ സമരമായിരുന്നു ചെങ്ങറ സമരം.
ഭൂവുടമസ്ഥ ഘടനകളെ വെല്ലുവിളിക്കുകയും അക്രമവും അടിച്ചമര്‍ത്തലും ഉള്‍പ്പെടെയുള്ള അധികാരികളില്‍ നിന്ന് കഠിനമായ പോരാട്ടങ്ങള്‍ നടത്താനും പ്രസ്ഥാനത്തിന് കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരുമായുള്ള ഒരു ഒത്തുതീര്‍പ്പിന് ശേഷം 2009 ഒക്ടോബറില്‍ പ്രതിഷേധം അവസാനിച്ചു.
Content Highlight: Chengara land dispute: Pinarayi Vijayan says rehabilitation of 1986 families will be expedited