വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികൾക്ക് സുപരിചിതനായ നടനാണ് ചെമ്പിൽ അശോകൻ. പ്രൊഫഷണൽ നാടകരംഗത്ത് നിന്നും സീരിയൽ രംഗത്തുനിന്നുമാണ് അശോകൻ സിനിമയിലേക്കെത്തുന്നത്.
ഇപ്പോഴിതാ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് പറയുകയാണ് നടൻ ചെമ്പിൽ അശോകൻ. സിനിമ വലിയ വിജയമായതോടെ ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് പലരും വിളിച്ച് സംസാരിക്കാറുണ്ടെന്നും റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. മമിത ബൈജു അവതരിപ്പിച്ച ആഷ്‌ലിയുടെ ഗ്രാൻഡ് ഫാദറായാണ് ചെമ്പിൽ അശോകൻ ചിത്രത്തിലെത്തിയത്.
ചെമ്പിൽ അശോകൻ,മമിത ബൈജു. Photo. Screen Grab/ Youtube
കഥാപാത്രത്തിന്റെ പ്രായത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കാതിരുന്നതിനാൽ ഷേവ് ചെയ്ത് ചെറുപ്പക്കാരനായാണ് സെറ്റിലെത്തിയതെന്നും പിന്നീട് മുടിയിൽ നരയൊക്കെ ചേർത്താണ് കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. ചിത്രത്തിലേക്ക് എത്തിയതിനെക്കുറിച്ചുള്ള രസകരമായ അനുഭവവും ചെമ്പിൽ അശോകൻ പങ്കുവെച്ചു.
‘പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പനയാണ് ബെത്‌ലഹേമിലേക്ക് എന്നെ വിളിക്കുന്നത്. ഷൂട്ടിന് മൂന്നുനാല് ദിവസം മുമ്പ് തന്നെ കഥാപാത്രം എങ്ങനെയുള്ളതാണെന്നും പ്രായം എത്രയാണെന്നുമൊക്കെ ചോദിച്ചിരുന്നു. കഥാപാത്രത്തിന് കുറച്ചുകൂടി പ്രായം തോന്നിക്കാൻ താടി വളർത്തിയാൽ നന്നായിരിക്കുമെന്ന് കരുതിയാണ് അങ്ങനെ ചോദിച്ചത്. പക്ഷേ, മറുപടിയൊന്നും കിട്ടിയിരുന്നില്ല,’ നടൻ പറഞ്ഞു.
‘ഞാൻ ഗിരീഷിനെ കാണാൻ ചെല്ലുമ്പോൾ ഷേവ് ചെയ്തിട്ട് നല്ലൊരു ഷർട്ടൊക്കെ ഇട്ട് ചുള്ളനായിട്ടാണ് പോയത്. വാഗമണ്ണിലായിരുന്നു ഷൂട്ട്. എന്നെ കണ്ടിട്ട് ഗിരീഷ് കുറച്ച് പരുങ്ങുന്നുണ്ട്. അപ്പോൾ എനിക്ക് ഗിരീഷിനെ അറിയില്ലല്ലോ. ഡയറക്ടർ എവിടെയാണെന്ന് ചോദിച്ചപ്പോഴാണ് ഇതാണ് ഡയറക്ടറെന്ന് പറഞ്ഞത്,’ ചെമ്പിൽ അശോകൻ ഓർത്തെടുത്തു.
താൻ ഉദ്ദേശിച്ച കഥാപാത്രത്തിന് ഈ പ്രായം പോരെന്നായിരുന്നു ഗിരീഷ് എ.ഡി.യുടെ ആദ്യ പ്രതികരണം. എന്നാൽ സംവിധായകൻ ഉദ്ദേശിച്ച കഥാപാത്രത്തിന്റെ പ്രായം എത്രയാണെന്ന് തനിക്ക് നേരത്തേ അറിയില്ലായിരുന്നുവെന്നും നടൻ പറഞ്ഞു.
‘ഗിരീഷ് എന്നോട് കുറച്ച് ഒതുക്കിപ്പറഞ്ഞു, ‘ചേട്ടാ, ഞാൻ ഉദ്ദേശിച്ച ക്യാരക്ടറിന് ഈ പ്രായം പോരാ’ എന്ന്. അത് കേട്ടപ്പോൾ എനിക്ക് ഉള്ളിൽ തോന്നിയത്, ഏത് പ്രായമാണ് ഉദ്ദേശിച്ചതെന്നാണ്. തൃശൂർക്കാരുടെ ഭാഷയിൽ പറഞ്ഞാൽ ഞാൻ ചുള്ളനായിട്ടാണ് ചെന്നിരിക്കുന്നത്. കുറച്ച് പ്രായം തോന്നിക്കുന്ന കഥാപാത്രമാണ് ഉദ്ദേശിച്ചതെന്ന് അപ്പോഴാണ് മനസിലായത്. ഇതൊക്കെ നേരത്തേ അറിയാമായിരുന്നെങ്കിൽ കുറച്ച് മുടിയും താടിയുമൊക്കെ വളർത്തിവരാമായിരുന്നു,’ അശോകൻ പറഞ്ഞു.
ചെമ്പിൽ അശോകൻ.Photo. Screen Grab/ Youtube
പിന്നീട് മേക്കപ്പിലൂടെ പ്രായം തോന്നിക്കുന്ന രൂപത്തിലേക്ക് മാറിയാണ് ചെമ്പിൽ അശോകൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ആഷ്‌ലിയുടെ മുത്തച്ഛനായാണ് താൻ എത്തുന്നതെന്ന് ഗിരീഷ് തന്നെയാണ് പറഞ്ഞുതന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിൽ തന്റെ കഥാപാത്രത്തിന് അധികം സംഭാഷണങ്ങളുണ്ടായിരുന്നില്ലെന്നും പാട്ടിനൊപ്പമുള്ള രംഗങ്ങളാണ് കൂടുതലെന്നും ചെമ്പിൽ അശോകൻ കൂട്ടിച്ചേർത്തു.
Content Highlight: Chembil Ashokan Talks About Gireesh A.D And Bethlehem Kudumba Unit