നാടകരംഗത്ത് നിന്ന് സിനിമാലോകത്തെക്കെത്തിയ നടന്മാരിലൊരാളാണ് ചെമ്പില്‍ അശോകന്‍. രണ്ട് പതിറ്റാണ്ടോളം നാടകരംഗത്ത് തിളങ്ങിയ ചെമ്പില്‍ അശോകന്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചു.
തിയേറ്ററുകളില്‍ ചരിത്രവിജയമായ ബെത്‌ലഹേം കുടുംബ യൂണിറ്റിലും ചെറിയ വേഷത്തില്‍ ചെമ്പില്‍ അശോകന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നാടകത്തിലെ പ്രകടനം കണ്ടിട്ടാണ് തന്നെ സിനിമയിലേക്ക് വിളിച്ചതെന്ന് അശോകന്‍ പറയുകയാണ്. ഭാഗ്യദേവതയില്‍ ആകെ രണ്ട് സീനില്‍ മാത്രമേ താനുള്ളൂവെന്നും ആ വേഷം ഒരുപാട് ശ്രദ്ധിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
താനും മമ്മൂട്ടിയും ഒരേ നാട്ടുകാരനാണെന്നും അദ്ദേഹത്തിന്റെ സഹോദരനാണ് മമ്മൂട്ടിയോട് തന്നെ റെക്കമെന്‍ഡ് ചെയ്തതെന്നും ചെമ്പില്‍ അശോകന്‍ കൂട്ടിച്ചേര്‍ത്തു. ആദ്യമായി മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചത് പ്രമാണി എന്ന ചിത്രത്തിലാണെന്നും മറക്കാനാകാത്ത അനുഭവമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു ചെമ്പില്‍ അശോകന്‍.
‘ഇബ്രാഹിംകുട്ടി, മമ്മൂക്കയുടെ ബ്രദര്‍, പുള്ളിയാണ് എന്നെ മമ്മൂക്കക്ക് പരിചയപ്പെടുത്തിയത്. പുള്ളിക്ക് എന്നെ അറിയാമായിരുന്നു. ആ ഒരു പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രമാണിയിലാണ് ആദ്യമായി മമ്മൂക്കയുടെ കൂടെ അഭിനയിച്ചത്. സാധാരണ എങ്ങനെയാണെന്ന് ചോദിച്ചാല്‍, മമ്മൂക്കക്ക് പകരം ഒരു ഡ്യൂപ്പ് നിക്കും, അയാളുടെ കൂടെ റിഹേഴ്‌സല്‍ ചെയ്ത് ഓക്കെയായ ശേഷമായിരിക്കും മമ്മൂക്ക ടേക്കിന് വരിക.
അങ്ങനെ മമ്മൂക്ക വന്നു. എനിക്ക് ഡയലോഗ് പറയാന്‍ പറ്റിയില്ല, തെറ്റിച്ചു. സാധാരണ ആരെങ്കിലും ഡയലോഗ് തെറ്റിച്ചാല്‍ മമ്മൂക്ക ദേഷ്യപ്പെടും. ഞാനായതുകൊണ്ട് ദേഷ്യപ്പെട്ടില്ല. എന്റെ പറച്ചില്‍ കേട്ട് പുള്ളി ചിരി നിര്‍ത്തിയില്ല. ‘നീ സാധാരണ ഫസ്റ്റ് ടേക്കില്‍ ഓക്കെയാക്കുന്നതല്ലേ, എന്ത് പറ്റി’ എന്ന് മമ്മൂക്ക ചോദിച്ചു. നമുക്ക് പുള്ളിയുടെ കണ്ണില്‍ നോക്കാന്‍ പറ്റില്ല, ഭയങ്കര തീക്ഷ്ണതയാണ്,’ ചെമ്പില്‍ അശോകന്‍ പറയുന്നു.
ഡയലോഗ് തെറ്റിച്ചിട്ടും തന്നെ മമ്മൂട്ടി വഴക്ക് പറയാത്തത് പലരെയും അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രമാണിക്ക് ശേഷം താപ്പാന,പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ ചിത്രങ്ങളിലും മമ്മൂട്ടിക്കൊപ്പം അഭിനയിച്ചെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പുള്ളിക്കാരന്‍ സ്റ്റാറായ്ക്ക് ശേഷം മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായില്ലെന്നും അദ്ദേഹം പറയുന്നു.
Content Highlight: Chembil Ashokan shares his shooting experience with Mammootty