| Monday, 12th October 2026, 9:11 am

ഏതേലും സെറ്റില്‍ ചെല്ലുമ്പോള്‍ 'കനകമ്മേ കഞ്ഞിയായാല്‍ വിളിച്ചാ മതി' എന്ന് ഓരോരുത്തര്‍ പറയും, ആ ട്രോള്‍ വലിയ ഹിറ്റാണ്: ചെമ്പില്‍ അശോകന്‍

അമര്‍നാഥ് എം.

നാടകത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന നടന്മാരിലൊരാളാണ് ചെമ്പില്‍ അശോകന്‍. 20 വര്‍ഷത്തോളം പ്രൊഫഷണല്‍ നാടകത്തിന്റെ ഭാഗമായിരുന്ന അദ്ദേഹം ഭാഗ്യദേവതയിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്കെത്തിയത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകശ്രദ്ധ നേടി. ചരിത്രവിജയമായ ബെത്‌ലഹേം കുടുംബ യൂണിറ്റിലും ചെമ്പില്‍ അശോകന്റെ സാന്നിധ്യമുണ്ടായിരുന്നു.

ചെറിയ വേഷങ്ങളിലൂടെ സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന അശോകനെ സോഷ്യല്‍ മീഡിയയില്‍ പലര്‍ക്കും മീമിലൂടെയാണ് പരിചയമുള്ളത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങളിലെ കോമഡി സീന്‍ ഇപ്പോഴും പല ട്രോള്‍ പേജുകളില്‍ മീം മെറ്റീരിയലാണ്. സോഷ്യല്‍ മീഡിയ അധികം ഉപയോഗിക്കാറില്ലെങ്കിലും ഈ ട്രോളിനെക്കുറിച്ച് അറിയാമെന്ന് പറയുകയാണ് ചെമ്പില്‍ അശോകന്‍.

ഏത് സെറ്റില്‍ ചെന്നാലും ആ സിനിമയിലെ സീന്‍ വെച്ചാണ് പലരും തന്നെ തിരിച്ചറിയുന്നതെന്നും അത്രക്ക് ഹിറ്റാകുമെന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്നും അശോകന്‍ പറഞ്ഞു. 20 വര്‍ഷത്തോളം നാടകത്തില്‍ കോമഡി കഥാപാത്രങ്ങളായിരുന്നു ചെയ്തതെന്നും സിനിമയിലെത്തിയ ശേഷവും അത് തുടര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ഫിലിംസിനോട് സംസാരിക്കുകയായിരുന്നു ചെമ്പില്‍ അശോകന്‍.

‘കനകമ്മേ കഞ്ഞിയായാല്‍ വിളിച്ചാ മതി’ എന്ന ഡയലോഗ് വെച്ചാണ് ഇപ്പോഴും എന്നെ ആളുകള്‍ തിരിച്ചറിയുന്നത്. ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ അല്ലെങ്കില്‍ വേറെ എവിടെയെങ്കിലും പോകുമ്പോള്‍ ഈ ഡയലോഗ് വെച്ച് പലരും തിരിച്ചറിയുന്നുണ്ട്. സത്യം പറഞ്ഞാല്‍ അത് ഇത്ര ട്രെന്‍ഡാകുമെന്ന് ഒരിക്കലും കരുതിയില്ല. സോഷ്യല്‍ മീഡിയയില്‍ ആ ട്രോള്‍ വലിയ ഹിറ്റാണ്.

മഴക്കാലത്തും ഹര്‍ത്താലിന്റെ സമയത്തുമൊക്കെ പലരും അത് എനിക്ക് അയച്ച് തരാറുണ്ട്. കോവിഡിന്റെ സമയത്തൊക്കെ ആ ട്രോള്‍ വലിയ ഹിറ്റായിരുന്നു. ആര്‍ത്തുങ്കല്‍ പള്ളിയുടെയടുത്തായിരുന്നു പുതിയ തീരങ്ങളുടെ ഷൂട്ട്. സാധാരണ കോമഡി സീനുകളാണ് എനിക്ക് തരാറുള്ളത്. ഞാന്‍ സീന്‍ വായിച്ചാലും എനിക്ക് അതില്‍ തമാശയൊന്നും തോന്നാറില്ല. പക്ഷേ, ഈ സീന്‍ വായിച്ചപ്പോള്‍ എനിക്ക് ചിരി നിര്‍ത്താന്‍ പറ്റിയില്ല.

രാവിടെ കുളിച്ച് പൗഡറൊക്കെയിട്ട് ഷര്‍ട്ടിട്ട് കട്ടിലില്‍ കിടക്കുന്ന ഒരാളെന്ന് പറയുമ്പോള്‍ അതില്‍ നല്ല തമാശയുണ്ടെന്ന് മനസിലായി. എന്റെ ചിരി കണ്ടിട്ട് സത്യന്‍ സാര്‍ പോലും സീന്‍ ഷൂട്ട് ചെയ്യാന്‍ കുറച്ച് സമയമെടുത്തു. ‘ചിരി നിര്‍ത്തിയിട്ട് നമുക്ക് സീനെടുക്കാം’ എന്ന് പറഞ്ഞ് പുള്ളി മാറിനിന്നു. എനിക്ക് അതുപോലെ ഒരാളെ അറിയാം,’ ചെമ്പില്‍ അശോകന്‍ പറഞ്ഞു.

Content Highlight: Chembil Ashokan about the story of his viral meme

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more