| Friday, 29th August 2025, 9:27 am

ചെമ്പരിക്ക ഖാസിയുടെ ദുരൂഹമരണം; ഹക്കീം ഫൈസിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: ഇ.കെ വിഭാഗം സമസ്ത ഉപാധ്യക്ഷനും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സി.ഐ.സി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി ആദൃശ്ശേരിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിക്കാണ് അന്വേഷണ ചുമതല.

അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ രൂപീകരിക്കപ്പെട്ട ആക്ഷന്‍ കമ്മിറ്റിയുടെ ഉപാധ്യക്ഷന്‍ ഉബൈദുല്ല കടവത്ത്, ചെമ്പരിക്ക ജുമാമസ്ജിദ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സര്‍ദാര്‍ മുസ്തഫ എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പല തെളിവുകളും കയ്യിലുണ്ടെന്ന് ഹക്കീം ഫൈസി ആദൃശ്ശേരി ഒരു പൊതുവേദിയില്‍ പ്രസംഗിച്ചിട്ടുണ്ടെന്നും ഈ കൊലയാളി സംഘം പണ്ഡിത സംഘടനയെ പോലും വിലക്കെടുത്തിരിക്കുന്ന അവസ്ഥയാണെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

കൊലപാതകവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുടെ തെളിവുകളും ഡിജിറ്റല്‍ തെളിവുകളും രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും ആക്ഷന്‍ കമ്മിറ്റി തങ്ങളുടെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പി കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിക്ക് ഇപ്പോള്‍ അന്വേഷണച്ചുമതല നല്‍കിയിരിക്കുന്നത്.

15 വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച അബ്ദുല്ല മൗലവിയുടെ മരണത്തില്‍ കൊലപാതക സാധ്യതയുള്ളതായി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ 15 വര്‍ഷമായി സി.ബി.ഐ അന്വേഷണം നടത്തിയിട്ടും കുറ്റക്കാര്‍ക്കെതിരെ തെളിവൊന്നും ലഭിക്കാത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

2010 ഫെബ്രുവരി 15ന് പുലര്‍ച്ചെ 6.50നാണ് അബ്ദുല്ല മൗലവിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിട്ടില്‍ നിന്നും 900 മീറ്റര്‍ അകലെയുള്ള ചെമ്പരിക്ക കടപ്പുറത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ മരണം കൊലപാതകമാണെന്ന് ബന്ധുക്കളും നാട്ടുകാരും പറയുമ്പോഴും ഈ ദിശയിലേക്കുള്ള അന്വേഷണം ഇനിയും നടന്നിട്ടില്ലെന്നാണ് പരാതി.

Content Highlight: Chembarika Qazi’s mysterious death; Investigation into Hakeem Faizi Adrissery’s revelations

We use cookies to give you the best possible experience. Learn more