ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഈ സീസണിലെ മാഞ്ചസ്റ്റർ സിറ്റിയുടെ അപരാജിത കുതിപ്പിന് അവസാനമായിരിക്കുകയാണ്. സീസണിലെ ആദ്യ ഏഴ് മത്സരങ്ങൾ വിജയിച്ചെത്തിയ മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൺ വില്ലയ്ക്ക് മുന്നിൽ പരാജയപ്പെടുകയായിരുന്നു.
മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിറ്റിയെ ആസ്റ്റൺ വില്ല കീഴടക്കിയത്. ഈ സീസണിലെ സിറ്റിയുടെ വിജയ യാത്ര തുടരുകയായിരുന്നുവെങ്കിൽ ലീഗിന്റെ ചരിത്രം തന്നെ സിറ്റിക്ക് തിരുത്തി കുറിക്കാൻ അവസരം ഉണ്ടായിരുന്നു.
ഈ തോൽവിയോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ചെൽസിയുടെ ഒരു ചരിത്ര റെക്കോഡും തകരാതെ നിലനിൽക്കുകയാണ്.ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ഒരു സീസണിന്റെ തുടക്കത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരത്തിൽ വിജയിക്കുന്ന ടീം എന്ന ചെൽസിയുടെ നേട്ടമാണ് ഇപ്പോഴും തകരാതെ സുരക്ഷിതമായി നിൽക്കുന്നത്.
2005-06ൽ ഹോസെ മൗറീഞ്ഞോയുടെ കീഴിലായിരുന്നു ചെൽസിയുടെ ചരിത്ര കുതിപ്പ്. സീസണിന്റെ തുടക്കത്തിലെ ഒമ്പത് മത്സരങ്ങളിലായിരുന്നു ചെൽസി തോൽവി അറിയാതെ മുന്നേറിയത്. ഈ സീസണിൽ ഏഴ് മത്സരങ്ങൾ അപരാജിതമായി മുന്നേറിയ സിറ്റിയുടെ തേരോട്ടത്തിൽ ചെൽസിയുടെ ഈ റെക്കോഡ് തകർന്നു വീഴുമെന്ന് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തിയിരുന്നു.
എന്നാൽ ആസ്റ്റൺ വില്ലയ്ക്ക് മുന്നിൽ സിറ്റി വീണതോടെ ചെൽസിയുടെ 20 വർഷം പഴക്കമുള്ള ചെൽസിയുടെ റെക്കോഡും തലയുയർത്തി നിൽക്കുകയാണ്. ആ സീസണിൽ വ്യക്തമായ ആധിപത്യത്തോട് കൂടിയായിരുന്നു ചെൽസി ഇംഗ്ലീഷ് ഫുട്ബോളിന്റെ ചാമ്പ്യന്മാരായി മാറിയിരുന്നത്. ഇതിന് ശേഷം പല ചാമ്പ്യന്മാരും മാറിമാറി വന്നെങ്കിലും ഒരു ടീമിനും ഈ റെക്കോഡ് തൊടാൻ പോലും സാധിച്ചിട്ടില്ല.
അതേസമയം മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള മത്സരം ആരംഭിച്ച് ആറാം മിനിട്ടിൽ തന്നെ ആസ്റ്റൺ വില്ല സിറ്റിയുടെ വല കുലുക്കി. സിറ്റി സെന്റർ ബാക്ക് മാർക് ഗയിയുടെ പിഴവ് മുതലെടുത്ത ജോൺ മക്ഗിൻ മുന്നേറ്റതാരം നിക്കോളാസ് ജാക്‌സണ് പന്ത് കൈമാറി. ബോക്‌സിനുള്ളിൽ നിന്നും ജാക്‌സൺ തൊടുത്ത ഷോട്ട് സിറ്റി ഗോൾകീപ്പർ ഡൊണാരുമയെയും കടന്ന് വലയിലെത്തി.
രണ്ടാം പകുതി തുടങ്ങി ഏഴാം മിനിട്ടിൽ ഹാലണ്ടിലൂടെ സിറ്റി ഗോൾ മടക്കി. 52ാം മിനിട്ടിൽ ബോക്‌സിന് പുറത്ത് നിന്നും ഇലിമാൻ എൻഡായ എടുത്ത ഫ്രീകിക്ക് ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ ഹാലണ്ട് വലയിലെത്തിച്ചു.
മത്സരത്തിന്റെ അറുപതാം മിനിട്ടിൽ വില്ലയുടെ രണ്ടാം ഗോൾ വന്നു. പകരക്കാരനായി കളത്തിലിറങ്ങി ഇബ്രാഹിം എംബായെ നിമിഷങ്ങൾക്കകം വലത് വിങ്ങിലൂടെ നടത്തിയ മുന്നേറ്റം നിക്കോളാസ് ജാക്‌സന്റെ ഗോളിൽ കലാശിച്ചു. ബോക്‌സിനുള്ളിൽ എംബായെയുടെ ബോൾ സ്വീകരിച്ച ജാക്‌സൺ തൊടുത്ത ഗ്രൗണ്ടഡ് ഷോട്ട് സിറ്റി പ്രതിരോധനിരയെ കാഴ്ചക്കാരാക്കി വലയിലെത്തി.
സീസണിലെ ആദ്യ തോൽവി നേരിട്ടെങ്കിലും എട്ട് മത്സരങ്ങളിൽ ഏഴ് ജയത്തോടെ 21 പോയന്റുമായി മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഒക്ടോബർ 29ന് ഇ.എഫ്.എൽ കപ്പിൽ ബ്രൈറ്റണിനെതിരെയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത മത്സരം.
Content Highlight: Chelsea unbroken historical record in English premiere league