| Wednesday, 5th August 2026, 8:09 am

അർജന്റൈൻ സൂപ്പർതാരത്തെ റാഞ്ചി; ചെൽസി ഇനി ഡബിൾ സ്ട്രോങ്ങ്

സുദേവ് എ

അര്‍ജന്റൈന്‍ യുവതാരം വാലന്റിന്‍ ബാര്‍ക്കോയെ സ്വന്തമാക്കി ചെല്‍സി. ഏഴ് വര്‍ഷത്തെ കരാറിലാണ് 21കാരനായ ബാര്‍ക്കോ ഇംഗ്ലീഷ് പ്രിമീയര്‍ ലീഗിലേക്ക് ചേക്കേറിയത്. ഫ്രഞ്ച് ടീം ആര്‍.സി സ്ട്രോസ്ബര്‍ഗില്‍ നിന്നുമാണ് താരം ചെല്‍സിയിലെത്തിയത്. എന്നാല്‍ ബാര്‍ക്കോയുടെ കരാര്‍ തുക എത്രയാണെന്ന് ചെല്‍സി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

ബൊക്ക ജൂനിയേര്‍സ് അക്കാദമിയില്‍ നിന്നുമാണ് ബാര്‍ക്കോ കളി പഠിച്ചത്. 2024 സീസണില്‍ താരം ഇംഗ്ലീഷ് ക്ലബ്ബ് ബ്രൈറ്റണിലേക്ക് എത്തിയിരുന്നു. എന്നാല്‍ ഇംഗ്ലീഷ് ക്ലബ്ബിനൊപ്പം ഒരു സീസണില്‍ മാത്രമാണ് താരം പന്തുതട്ടിയത്. പിന്നീടാണ് 21കാരന്‍ സ്ട്രോസ്ബര്‍ഗിലേക്ക് കൂടുമാറിയത്. ഇപ്പോള്‍ ബാര്‍ക്കോ വീണ്ടും ഇംഗ്ലീഷ് പ്രിമീയര്‍ ലീഗിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.

2026 ഫിഫ ലോകകപ്പ് ഫൈനലിലെത്തിയ അര്‍ജന്റീന ടീമിന്റെ ഭാഗമായിരുന്നു ബാര്‍ക്കോ. ലോകകപ്പില്‍ ഒരു മത്സരത്തില്‍ മാത്രമാണ് 21കാരന്‍ അര്‍ജന്റീനക്ക് വേണ്ടി കളത്തിലിറങ്ങിയത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ജോര്‍ദാനെതിരെയെയായിരുന്നു താരം കളിച്ചത്. ലോകകപ്പിന് ശേഷം ക്ലബ്ബ് ഫുട്‌ബോള്‍ വീണ്ടും സജീവമായതോടെ പുതിയ ടീമില്‍ മികച്ച പ്രകടനം നടത്താനാവും ബാര്‍ക്കോ ലക്ഷ്യം വെക്കുക. ഇംഗ്ലീഷ് പ്രിമീയര്‍ ലീഗിന്റെ പുതിയ സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി താരം ചെല്‍സിക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം പ്രീ സീസണിലെ ആദ്യ മത്സരത്തില്‍ വെസ്റ്റേണ്‍ സിഡ്നി വാണ്ടറേഴ്‌സിനെതിരെ ആവേശ വിജയമായിരുന്നു ദി ബ്ലൂസ് സ്വന്തമാക്കിയത്. 6-4 എന്ന ത്രില്ലര്‍ സ്‌കോറിനായിരുന്നു ചെല്‍സി വിജയിച്ചുകയറിയത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ ടോട്ടന്‍ഹാം ഹോട്‌സ്പറിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ചെല്‍സി പരാജയപ്പെട്ടു.

ഇന്നാണ് ചെല്‍സി പ്രീ സീസണിലെ തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങുന്നത്. ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസാണ് ടീമിന്റെ എതിരാളികള്‍. ഇതിന് ശേഷം ഓഗസ്റ്റ് ഏഴിന് എ.സി മിലാനെതിരെയും തൊട്ടടുത്ത ദിവസം ജോഹര്‍ ദാറുല്‍ ടാസിമിനെതിരെയും ചെല്‍സി കളത്തിലിറങ്ങും.

ഓഗസ്റ്റ് 22നാണ് ഇംഗ്ലീഷ് പ്രിമീയര്‍ ലീഗിന്റെ പുതിയ സീസണ് തുടക്കമാവുന്നത്. ഓഗസ്റ്റ് 25ന് ഫുള്‍ഹാമിനെതിരെയാണ് ചെല്‍സിയുടെ ആദ്യ മത്സരം. ഇത്തവണ കിരീടം മാത്രം ലക്ഷ്യം വെച്ചായിരിക്കും ചെല്‍സി പോരാട്ടത്തിനിറങ്ങുക.

Content Highlight: Chelsea sign Argentine youngster Valentin Barco

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more