| Thursday, 14th August 2025, 5:58 pm

ക്ലബ്ബ് വേള്‍ഡ് കപ്പിലെ സമ്മാനത്തുക ജോട്ടയുടെ കുടുംബത്തിന്; ചെല്‍സി വീണ്ടും ഹൃദയം കീഴടക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

കാറപകടത്തില്‍ മരണപ്പെട്ട ലിവര്‍പൂള്‍ സൂപ്പര്‍ താരം ഡിയാഗോ ജോട്ടയുടെയും സഹോദരന്‍ ആന്ദ്രേ സില്‍വയുടെയും കുടുംബത്തിന് ധനസഹായവുമായി ചെല്‍സി താരങ്ങള്‍. ക്ലബ്ബ് വേള്‍ഡ് കപ്പില്‍ നിന്നും ലഭിച്ച തുകയുടെ ഒരു വിഹിതമാണ് ചെല്‍സി താരങ്ങള്‍ ജോട്ടയുടെയും സില്‍വയുടെയും കുടുംബത്തിന് കൈമാറുന്നത്.

85 മില്യണോളം സമ്മാനമായി ലഭിച്ച ചെല്‍സി താരങ്ങള്‍, തങ്ങളുടെ ബോണസിന്റെ ഒരു വിഹിതം ഇതിനായി മാറ്റിവെച്ചിട്ടുണ്ട്. 135 കോടിയോളം രൂപയാണ് ചെല്‍സി താരങ്ങള്‍ക്ക് ബോണസായി ലഭിച്ചത്. ഇതിന് തുല്യമായ തുക ജോട്ടയുടെയും സില്‍വയുടെയും കുടുംബത്തിന് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ, ജോട്ടയുടെ ക്ലബ്ബായ ലിവര്‍പൂളും തങ്ങളുടെ പ്രിയപ്പെട്ടവനോടുള്ള പ്രതിബദ്ധത വ്യക്തമാക്കിയിരുന്നു. താരവുമായുള്ള കരാറിലെ ബാക്കി തുക മുഴുവനായും ക്ലബ്ബ് ജോട്ടയുടെ കുടുംബത്തിന് ടീം നല്‍കും. ഇതിന് പുറമെ താരത്തിന്റെ കുട്ടികളുടെ പഠന ചെലവും ക്ലബ്ബ് ഏറ്റെടുത്തിട്ടുണ്ട്.

ജോട്ടയോടുള്ള ആദരസൂചകമായി ലിവര്‍പൂള്‍ 20ാം നമ്പര്‍ ജേഴ്‌സി പിന്‍വലിക്കുകയും ചെയ്തിരുന്നു.

ജൂലൈ മൂന്നിനാണ് ഡിയാഗോ ജോട്ടയും സഹോദരന്‍ ആന്ദ്രേ സില്‍വയും മരണപ്പെടുന്നത്. ഇരുവരും സഞ്ചരിച്ച ലാംബോര്‍ഗിനി സ്പെയ്നിലെ സമേറയില്‍ വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു.

പലാസിയോസ് ഡി സനാബ്രിയയ്ക്ക് സമീപമുള്ള ബജാസ് ഹൈവേയില്‍ (A 52) ചൊവ്വാഴ്ച രാവിലെയൊടെയാണ് അപകടമുണ്ടായത്. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലാണ് താരത്തിന്റെ മരണം. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന കാമുകി റൂട്ട് കാര്‍ഡോസോയെയാണ് താരം വിവാഹം ചെയ്തത്.

Content highlight:  Chelsea players have donated money to the families of Liverpool superstar Diego Jotta and his brother Andre Silva.

We use cookies to give you the best possible experience. Learn more