| Sunday, 17th May 2026, 6:33 pm

ഏഴ് ഫൈനലുകള്‍, 100 ശതമാനം പരാജയം; നാണക്കേടിന്റെ കൊടുമുടിയില്‍ ചെല്‍സി

ഫസീഹ പി.സി.

2025 – 26 എഫ്. എ കപ്പില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റിക്ക് മുന്നില്‍ പരാജയപ്പെട്ടിരുന്നു. ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ടീമിന്റെ തോല്‍വി. ഇതോടെ ടീം തുടര്‍ച്ചയായ നാലാം എഫ്.എ കപ്പ് ഫൈനലില്‍ തോല്‍വി വഴങ്ങുകയായിരുന്നു.

ഇതിനൊപ്പം തന്നെ മറ്റൊരു നാണക്കേടും ചെല്‍സി തങ്ങളുടെ പേരില്‍ എഴുതി. തുടര്‍ച്ചയായ ഏഴ് ആഭ്യന്തര ഫൈനലില്‍ തോല്‍വി എന്ന മോശം നേട്ടമാണ് ദി ബ്ലൂസ് സ്വന്തമാക്കിയത്. 2019ലാണ് ഈ അനാവശ്യ സ്ട്രീക്കിന് തുടക്കമായത്.

ആ വര്‍ഷം കരബാവോ കപ്പിന്റെ കപ്പില്‍ ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റിക്ക് മുന്നില്‍ മുട്ടുകുത്തി. പിന്നാലെ അടുത്ത വര്‍ഷം എഫ്.എ കപ്പ് ഫൈനലിലും ടീം തോല്‍വി വഴങ്ങി. 2020ല്‍ ആഴ്‌സണലാണ് ചെല്‍സിയെ തകര്‍ത്തത്.

2021ല്‍ എഫ്.എ കപ്പ് ഫൈനലില്‍ ലെസ്റ്റര്‍ സിറ്റിക്ക് മുന്നിലും ടീം വീണു. അടുത്ത വര്‍ഷം വീണ്ടും ഫൈനലില്‍ എത്തിയെങ്കിലും കണ്ണീരോടെ മടങ്ങാനായിരുന്നു ചെല്‍സിയുടെ വിധി. ഇത്തവണ ലിവര്‍പൂളാണ് ടീമിന് ചെക്ക് വെച്ചത്.

ആ വര്‍ഷം തന്നെ ചെല്‍സി കരബാവോ കപ്പിന്റെ കലാശപ്പോരിന് യോഗ്യത നേടിയെങ്കിലും അവസാന നിമിഷം കപ്പിനും ചുണ്ടിനുമിടയില്‍ വീണ്ടും കാലിടറി. 2022 കരബാവോ കപ്പ് ഫൈനലിലും ലിവര്‍പൂള്‍ തന്നെയാണ് കിരീടനേട്ടത്തില്‍ വിലങ്ങ് തടിയായത്.

2026 എഫ്.എ കപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്ന ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും. Photo: chelseafc.com

2024ല്‍ കരബാവോ ഫൈനലില്‍ ഒരിക്കല്‍ കൂടി ചെല്‍സിയും ലിവര്‍പൂളും ഏറ്റുമുട്ടി. അപ്പോഴും ദി ബ്ലൂസിന് കീഴടങ്ങേണ്ടി വന്നു. ഇപ്പോള്‍ എഫ്.എ കപ്പ് ഫൈനലിലും തോറ്റ് ടീമിന് മറ്റൊരു കിരീടനഷ്ടം കൂടി നേരിടേണ്ടി വന്നിരിക്കുന്നു.

മത്സരത്തില്‍ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. ഏര്‍ലിങ് ഹാലണ്ട് സിറ്റിക്കായി മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ചെല്‍സിയുടെ ഗോള്‍കീപ്പര്‍ റോബര്‍ട്ട് സാഞ്ചസിന്റെ മിന്നും സേവുകള്‍ ഗോളുകള്‍ അകറ്റി നിര്‍ത്തി. മറുവശത്ത് ചെല്‍സിയും ഗോളിനായി പരിശ്രമിച്ചു.

ഒടുവില്‍ രണ്ടാം പകുതി സിറ്റിയുടെ ശ്രമങ്ങള്‍ ഫലം കാണുകയായിരുന്നു. 71ാം മിനിറ്റില്‍ അന്റോയിന്‍ സെമന്യോ ഗോള്‍ വല കുലുക്കി. സമനിലക്കായി ചെല്‍സി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ സിറ്റിയെ ചാമ്പ്യന്മാരാക്കി ഫൈനല്‍ വിസിലെത്തി.

Content Highlight: Chelsea have lost seven finals in a row the domestic cups

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more