| Monday, 14th July 2025, 8:44 am

ക്ലബ്ബ് ലോകകപ്പ് കിരീടം സ്വന്തമാക്കി ചെല്‍സി; പാമറിന്റെ ഇരട്ടഗോളില്‍ എരിഞ്ഞടങ്ങി പി.എസ്.ജി

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ വമ്പന്‍ വിജയം സ്വന്തമാക്കി ചെല്‍സി. പി.എസ്.ജിയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ ചെല്‍സി കിരീടമുയര്‍ത്തിയത്. ചെല്‍സിയുടെ കോള്‍ പാമറിന്റെ ഇരട്ട ഗോളാണ് മത്സരത്തില്‍ ശ്രദ്ധേയമായത്.

മത്സരം തുടങ്ങി 22ാം മിനിട്ടിലാണ് കോള്‍ പി.എസ്.ജിയുടെ വലകുലുക്കിയത്. അധികം വൈകാതെ 30ാം മിനിട്ടിലും കോളിന്റെ തീയുണ്ട പി.എസ്.ജി ഏറ്റുവാങ്ങി. ശേഷം ജോവോ പെഡ്രോ 43ാം മിനിട്ടിലും പി.എസ്.ജിക്കെതിരെ സ്‌ട്രൈക്ക് നടത്തി.

ആദ്യ പകുതിയില്‍ തന്നെ ചെല്‍സി മൂന്ന് ഗോളിന് മുന്നിട്ട് നിന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ അഗ്രസീവായ പി.എസ്.ജി 51ാം മിനിട്ടില്‍ ചെല്‍സി പോസ്റ്റിലേക്ക് ഉന്നം വെച്ചെങ്കിലും ഗോള്‍ കീപ്പര്‍ സാന്‍ചെസിന്റെ തകര്‍പ്പന്‍ സേവ് ചെല്‍സിയെ രക്ഷിച്ചു. പിന്നീട് 67ാം മിനിട്ടില്‍ ചെല്‍സിയും കൗണ്ടര്‍ ചെയ്‌തെങ്കിലും കീപ്പര്‍ ഡൊണാറുമ്മ പി.എസ്.ജിക്കും രക്ഷകനായി.

എന്നാല്‍ മത്സരത്തിനിടയില്‍ രോവോ നെവസ് റെഡ് കാര്‍ഡ് വാങ്ങിയത് പി.എസ്.ജിക്ക് വീണ്ടും തിരിച്ചടിയായി. അതേസമയം ഗസ്റ്റോ, കോള്‍വില്‍, കൈസഡോ, നെറ്റോ എന്നിവര്‍ ചെല്‍സിക്ക് വേണ്ടി യെല്ലോ കാര്‍ഡ് കീശയിലാക്കി. പി.എസ്.ജിക്കായി ഡെംബാലെയും ന്യൂനോ മെന്‍ഡസും യെല്ലോ കണ്ടു.

ഫൈനല്‍ പോരാട്ടത്തിന് 4-2-3-1 എന്ന ഫോര്‍മേഷനില്‍ ഇറങ്ങിയ ചെല്‍സിയുടെ ക്ലീന്‍ ഗെയ്മും പി.എസ്.ജിക്കെതിരെ റൈറ്റ് വിങ്ങിലൂടെയുള്ള അറ്റാക്കിങ് മോഡും എടുത്ത് പറയേണ്ട ഒന്നാണ്. അതേസമയം 4-3-3 എന്ന ഫോര്‍മേഷനില്‍ ചെല്‍സിക്കെതിരെ ഗോള്‍ നേടാന്‍ ശ്രമിച്ചെങ്കിലും പി.എസ്.ജിയുടെ മുന്നേറ്റങ്ങള്‍ വിഫലമാകുകയായിരുന്നു.

ടൂര്‍ണമെന്റില്‍ വമ്പന്‍മാരെ വെട്ടിവീഴ്ത്തിയാണ് പി.എസ്.ജി ഫൈനലില്‍ എത്തിയതെങ്കിലും ചെല്‍സിയുടെ കൗണ്ടര്‍ സ്‌ട്രൈക്ക് ടീമിന് തിരിച്ചടിയാകുകയായിരുന്നു. അറ്റാക്കിലും ബോള്‍ കൈവശം വെച്ചതിലും ഷൂട്ടിലും മുന്നിലായിരുന്നെങ്കിലും ചെല്‍സിയുടെ പ്രതിരോധം തകര്‍ക്കാന്‍ പി.എസ്.ജി.ക്ക് സാധിച്ചില്ല.

Content Highlight: Chelsea beat PSG to win Club World Cup

We use cookies to give you the best possible experience. Learn more