പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ സമനിലയില്‍ തളച്ച് ബ്രെന്‍ഫോര്‍ഡ്. ജിടെക് കമ്മ്യൂണിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് വീതം ഗോളുകളാണ് ഇരുവരും നേടിയത്. മത്സരത്തില്‍ പന്തടക്കം ഉണ്ടായിട്ടും ബ്രെന്‍ഫോര്‍ഡ് ചെല്‍സിയെ സമനിലയില്‍ തളക്കുകയായിരുന്നു.
മത്സരത്തില്‍ ഗോള്‍ നേടിയത് ബ്രെന്‍ഫോര്‍ഡായിരുന്നു. 35ാം മിനിട്ടില്‍ കെവിന്‍ ഷെഡിലൂടെയാണ് ദി ബീസ് വലകുലുക്കിയത്. അതോടെ ഒന്നാം പകുതിയുടെ ആധിപത്യം ബ്രെന്‍ഫോര്‍ഡ് താരങ്ങള്‍ ഏറ്റെടുത്തു. നിരവധി മുന്നേറ്റങ്ങള്‍ നടത്താനും തിരിച്ചടിക്കാനും ചെല്‍സി ശ്രമിച്ചെങ്കിലും ചുവപ്പും വെള്ളയും കുപ്പായക്കാര്‍ അതൊക്കെയും നിലംപരിശാക്കി.
എന്നാല്‍, രണ്ടാം പകുതിയില്‍ ദി ബ്ലൂസ് പതിയെ മത്സരത്തിലേക്ക് തിരിച്ച് വന്ന കാഴ്ചയ്ക്കാണ് ആരാധകര്‍ സാക്ഷിയായത്. മത്സരം പുനരാംഭിച്ചത് മുതല്‍ ചെല്‍സി താരങ്ങള്‍ ആക്രമണവുമായി എതിര്‍ പോസ്റ്റിലേക്ക് കുതിച്ചു. ഒടുവില്‍ 61ാം മിനിട്ടില്‍ ഫലം ഗോളിന്റെ രൂപത്തില്‍ എത്തി.
കോള്‍ പാമറായിരുന്നു ടീമിന്റെ സമനില ഗോള്‍ നേടിയത്. ജാവോ പെഡ്രോ നല്‍കിയ പന്ത് സ്വീകരിച്ചായിരുന്നു ഈ ഗോള്‍ നേട്ടം. ഇരുടീമുകളും ഒപ്പത്തിനൊപ്പം എത്തിയതോടെ കളിയുടെ ആവേശം മൈതാനത്തും ഗാലറിയിലും കുത്തനെ ഉയര്‍ന്നു. പിന്നീട് ചെല്‍സി താരങ്ങളും ബ്രെന്‍ഫോര്‍ഡ് സംഘവും ലീഡ് നേടാനായി ശ്രമങ്ങളത്രയും.
ഇതില്‍ ആദ്യം വിജയിച്ചത് നീലക്കുപ്പായകരായിരുന്നു. 85ാം മിനിട്ടില്‍ മോയിസെസ് കൈസെഡോയാണ് ചെല്‍സിയുടെ രണ്ടാം ഗോള്‍ സ്വന്തമാക്കിയത്. അതോടെ കളി തങ്ങള്‍ സീല്‍ ചെയ്തുവെന്ന് ദി ബ്ലൂസ് ഉറപ്പിച്ചു. എന്നാല്‍, അങ്ങനെ വിട്ടുകൊടുക്കാന്‍ ബ്രെന്‍ഫോര്‍ഡ് താരങ്ങള്‍ തയ്യാറായിരുന്നില്ല.
അവര്‍ കളിക്കളത്തില്‍ പന്തുമായി കുതിച്ച് സമനില ഗോളിനായി മുന്നേറി. ഒടുവില്‍ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിട്ടില്‍ ചെല്‍സി ആരാധകരുടെ നെഞ്ച് തുളച്ച് ബ്രെന്‍ഫോര്‍ഡ് രണ്ടാം ഗോള്‍ കണ്ടെത്തി. അതോടെ മത്സരത്തില്‍ ചെല്‍സിക്കൊപ്പമെത്തി. ഏറെ വൈകാതെ മത്സരത്തിന്റെ ഫൈനല്‍ വിസില്‍ വന്നതോടെ ഇരുടീമുകളും പോയിന്റ് പങ്ക് വെച്ചു.
ആവേശം അവസാന നിമിഷം വരെ നിലനിന്ന മത്സരത്തില്‍ പന്തില്‍ ആധിപത്യം ചെല്‍സിക്കായിരുന്നു. 67 ശതമാനായിരുന്നു അവരുടെ പന്തടക്കം. ആറ് ഷോട്ട്‌സ് ഓണ്‍ ടാര്‍ഗറ്റുകളടക്കം 16 ഷോട്ടാണ് ദി ബ്ലൂസ് ബ്രെന്‍ഫോര്‍ഡ് വല ലക്ഷ്യമിട്ട് തൊടുത്തത്.
അതേസമയം, ബ്രെന്‍ഫോര്‍ഡിന് വെറും 33 ശതമാനം മാത്രമാണ് പൊസഷന്‍ ഉണ്ടായിരുന്നത്. പക്ഷേ, ശക്തമായ ചേര്ത്ത് നില്‍പ്പ് നടത്തി ചെല്‍സിയെ സമനിലയില്‍ തളക്കാന്‍ അവര്‍ക്കായി. ഏഴ് ഷോട്ടുകളാണ് ദി ബീസ് അടിച്ചത്. അതില്‍ നാലെണ്ണവും ഷോട്ട്‌സ് ഓണ്‍ ടാര്‍ഗറ്റായിരുന്നു.
Content Highlight: Chelsea and Brentford match tied for 2-2 with injury time goal in Premier League