ശരീരത്തിൽ ഐറിഷ്‌വിപ്ലവകാരികളുടെ രക്തമുള്ളവനെന്നാണ് ചെയുടെ പിതാവ് സ്വന്തം മകനെ വിശേഷിപ്പിച്ചത്. അതെ, അനീതിയോടും അടിച്ചമർത്തലിനോടും വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന നീതിബോധത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും ജന്മഗുണമുള്ളവനായിട്ടാണ് ഇടതുപക്ഷ രാഷ്ട്രിയക്കാരനായ ആ പിതാവ് ചെഗുവേര എന്ന സ്വന്തം മകനെ കണ്ടത്.
അർജന്റിനിയയുടെ, പൊതുവെ ലാറ്റിനമേരിക്കയുടെയും തിളച്ചുമറിയുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ സൃഷ്ടിച്ച വിപ്ലവകാരിയായിരുന്നു ചെഗുവേര. ആ മഹാവിപ്ലവകാരിയുടെ 58-ാം രക്തസാക്ഷിദിനമാണ് 2025 ഒക്ടോബർ 9. ചെഗുവേരയുടെ 58-ാം രക്തസാക്ഷിദിനം കടന്നുപോകുന്നത് ഗസയിലും പശ്ചിമേഷ്യൻമേഖലയിലും സുഡാൻ ഉൾപ്പെടെയുള്ള ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലും ബൊളീവിയ ഉൾപ്പെടെയുള്ള തെക്കേഅമേരിക്കൻ നാടുകളിലും വിഭവങ്ങളും സമ്പത്തും കയ്യടക്കാനായി സാമ്രാജ്യത്വം നവഫാസിസ്റ്റ് സംഘങ്ങളെ ഇളക്കിവിട്ട് വംശഹത്യകളും രാഷ്ട്രീയ അട്ടിമറികളും തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്.
ലാറ്റിനമേരിക്കയിലെ പുത്തൻകൊളോണിയൽ കൊള്ളയ്‌ക്കെതിരെ ഉയർന്നുവന്ന 1950-കളിലെയും 1960-കളിലെയും വിപ്ലവ വിമോചന മുന്നേറ്റങ്ങൾ ചരിത്രത്തിലെ സ്വാതന്ത്ര്യത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള മനുഷ്യരുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന സമകാലീന പോരാട്ടങ്ങളാണ്.
സി.ഐ.എയുടെ ആസൂത്രണത്തിലും കാർമ്മികത്വത്തിലും ലാറ്റിനമേരിക്കൻ വിമോചനസമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലുകയായിരുന്നു. സ്വേച്ഛാധിപത്യ പട്ടാള ഭരണകൂടങ്ങളെ അവരോധിച്ചുകൊണ്ട് സാമ്രാജ്യത്വത്തിനെതിരെ പോരാടുന്ന വിപ്ലവ വിമോചനശക്തികളെ കൂട്ടക്കൊല ചെയ്യുകയായിരുന്നു അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റും സി.ഐ.എയും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലാകെ.
വിമോചകനായ സൈമൺബൊളീവറുടെ ഇതിഹാസസമാനമായ കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളിലൂടെയാണ് ലാറ്റിനമേരിക്കൻ ജനതയുടെ ദേശീയ വിമോചന സമരങ്ങളുടെ ആധുനിക ചരിത്രമാരംഭിക്കുന്നത്. ഏതൊരു ലാറ്റിനമേരിക്കൻ പോരാളിയുടെയും ചരിത്ര രാഷ്ട്രീയഭാവനകളെയും ആശയങ്ങളെയും രൂപപ്പെടുത്തുന്നതിൽ ബൊളിവേറിയൻ സമരങ്ങൾക്കും ചരിത്രത്തിനും പ്രധാന പങ്കാണുള്ളത്.
ചെഗുവേരയും മുഴുവൻ ലാറ്റിനമേരിക്കൻ സമൂഹങ്ങളുടെയും ദേശീയതയെ സ്വപ്‌നം കണ്ട വിപ്ലവകാരിയായിരുന്നു. വിശാലമായ ലാറ്റിനമേരിക്ക, ഒരേ സംസ്‌കാരവും ചരിത്രവുമുള്ള ജനതകളുടെ ഏകോപനത്തിലുടെയും പോരാട്ടങ്ങളിലുടെയും യു.എസ് യൂറോ സാമ്രാജ്യ ആധിപത്യവാഴ്ച അവസാനിപ്പിക്കുകയായിരുന്നു ചെ യുടെ രാഷ്ടീയലക്ഷ്യം. നവകൊളോണിയൽ അധിനിവേശശക്തികൾക്കെതിരായ വിമോചന പോരാട്ടത്തിന്റെ തീച്ചൂളകൾ തീർത്ത ജീവിതവും രക്തസാക്ഷിത്വവുമാണ് ചെയുടേത്.
ജനിച്ചു വളർന്ന കുടുംബസാഹചര്യങ്ങളിൽ നിന്ന് തന്നെ മാർക്‌സിസത്തോടും തൊഴിലാളിവർഗരാഷ്ട്രിയത്തോടും ആഭിമുഖ്യമാരംഭിച്ച ചെഗുവേര വിദ്യാഭ്യാസ കാലത്ത് തന്നെ ലാറ്റിനമേരിക്കയുടെ വിമോചനത്തിനും സോഷ്യലിസത്തിനും വേണ്ടി പോരാടാനുള്ള ഉറച്ച നിലപാടുകളിലെത്തുകയായിരുന്നു.
സാർവ ദേശീയ മാനവികതയുടെയും മർദ്ദിത ദേശീയതകളുടെയും തൊഴിലാളിവർഗ രാഷ്ട്രീയചിന്തയുടേതുമായ ചരിത്രവും സാഹിത്യവും ദർശനങ്ങളും ചെറുപ്പത്തിലേ വായിച്ചും പഠിച്ചും മനുഷ്യ സ്‌നേഹത്തിന്റെയും വിമോചനത്തിന്റേതുമായ തന്റെ വീക്ഷണങ്ങളെ പോഷിപ്പിച്ചെടുത്തു.
1950 ലെയും 1951 ലെയും മോട്ടോർ സൈക്കിൾ യാത്രകൾ ഗ്വാട്ടിമലയിൽ യുണൈറ്റഡ് ഫ്രൂട്ട്‌സ് കമ്പനിയുടെ ചൂഷണത്തിനെതിരായ സമരാനുഭവങ്ങൾ, ചിലിയിലെ ഖനി തൊഴിലാളികളുടെ ദുരിതങ്ങൾ, ഇക്വഡോറിലെയും പെറുവിലെയും സാമ്രാജ്യത്വ നിഷ്ഠൂരതകൾ. ചെയുടെ വിപ്ലവകാരിയെ ലക്ഷ്യബോധമുള്ള കർമ്മധീരനാക്കി. ഗ്വാട്ടിമലയിലെ അമേരിക്കൻ ഫ്രൂട്ട്‌സ് കമ്പനികളുടെ സായുധ ഗുണ്ടാസംഘങ്ങളും പട്ടാളവും നടത്തുന്ന ഭീകരമായ അടിച്ചമർത്തലുകളുടെ അനുഭവങ്ങളിൽ നിന്നാണ് ശക്തമായ ഒരു ഗറില്ലാസായുധസേനയുണ്ടെങ്കിലേ ജനങ്ങളുടെ സമരങ്ങളെ മുന്നോട്ട് നയിക്കാനാവൂവെന്ന തിരിച്ചറിവിലേക്ക് ചെഗുവേരയെത്തുന്നത്.
യാതൊരുവിധ ജനാധിപത്യപരമായ രാഷ്ട്രീയപ്രവർത്തനങ്ങളും സാധ്യമല്ലാതിരുന്ന ലാറ്റിനമേരിക്കയിലെ സ്വേച്ഛാധിപത്യ പാവഭരണകൂടങ്ങളുടേതായ സാഹചര്യങ്ങൾക്കകത്ത് നിന്നാണ് ചെ തന്റെ സായുധ സൈനിക രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ള ആലോചന നടത്തുന്നത്. സായുധ രാഷ്ട്രീയ പ്രവർത്തനത്തിനായുള്ള സംഘാടന പരിശീലന പ്രവർത്തനങ്ങൾക്കിടയിലാണ് ഭരണകൂട വേട്ടയിൽ നിന്നും രക്ഷപ്പെടാനായി ചെയ്ക്ക് ഗ്വാട്ടിമല വിടേണ്ടി വന്നത്. മെക്‌സിക്കോയിലെത്തിയ ചെ ക്യൂബൻ വിപ്ലവകാരികളുമായി പരിചയപ്പെടുന്നു.
റൗൾ കാസ്‌ട്രോ വഴി ഫിദലുമായി അടുക്കുന്നു. ക്യൂബൻ വിപ്ലവത്തിൽ പങ്കാളിയാകുന്നു. സായിറമയിസ്ത്ര മലനിരകളിലെ ഐതിഹാസികമായ ഗറില്ലാ പോരാട്ടങ്ങളിലൂടെ ബാറ്റിസ്റ്റാ ഭരണകൂടത്തിൽ നിന്നും അധികാരം പിടിച്ചെടുത്ത് ക്യൂബയിൽ കാസ്‌ട്രോവിന്റെ നേതൃത്വത്തിൽ വിപ്ലവ ഗവർമെന്റ് രൂപീകരിക്കുന്നു. വിപ്ലവ സർക്കാറിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു.
അമേരിക്കയുടെ മൂക്കിന് താഴെ ക്യൂബയിലെസോഷ്യലിസ്റ്റ് രാഷ്ട്രത്തെ പൊറുപ്പിക്കാൻ സാമ്രാജ്യത്വ ശക്തികൾക്ക് ആവുമായിരുന്നില്ല. ക്യൂബൻ വിപ്ലവവും സോഷ്യലിസ്റ്റ് സർക്കാറും മുഴുവൻ ലാറ്റിനമേരിക്കൻ വിമോചന ശക്തികൾക്കും പുതിയ ദിശാബോധവും കരുത്തും പകർന്നു.
ക്യൂബൻവിപ്ലവത്തോടെയാണ് യു.എസ് ഉം സി.ഐ.എ യും ലാറ്റിനമേരിക്കൻ വിമോചന പ്രസ്ഥാനങ്ങൾക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കുമെതിരായ കുരിശുയുദ്ധം തുറന്ന രീതിയിലാക്കുന്നതും സി ഐ എ ഗുഢാലോചനകളും സൈനിക അട്ടിമറികളും വിമോചനശക്തികൾക്കെതിരായ കൂട്ടക്കൊലകളും പതിവ് പരിപാടിയാക്കുന്നത്. സി ഐ എ പ്രതിവിപ്ലവ പദ്ധതികൾ അനുസരിച്ച് കാസ്‌ട്രോവിനും ക്യൂബക്കെതിരായ ഇടപെടലുകൾ എല്ലാ സീമകളും ലംഘിച്ചു.
ലാറ്റിനമേരിക്കയിൽ സിഐഎ പാവ സർക്കാറുകൾ വഴി സോഷ്യലിസ്റ്റ് ജനാധിപത്യ സ്വഭാവമുള്ള എല്ലാ സർക്കാരുകളെയും പ്രസ്ഥാനങ്ങളെയും വ്യക്തികളെയും ഉന്മൂലനം ചെയ്തു. ഈയൊരു സാഹചര്യത്തിലാണ് ക്യൂബൻ സർക്കാറിലെ പദവികൾ വിട്ടെറിഞ്ഞു ചെ അപ്രത്യക്ഷനാവുന്നതും ബൊളീവിയൻ ഗറില്ലാ യുദ്ധങ്ങൾക്ക് നേതൃത്വം നൽകുന്നതും. 1967ഒക്ടോബർ 9 ന് രക്തസാക്ഷിത്വം വരിക്കുന്നതും. സിഐഎയും ബൊളീവിയൻ സൈനിക സ്വേച്ഛാധിപത്യവുമാണ് ചെയെന്ന മഹാവിപ്ലവകാരിയെ അരുംകൊല ചെയ്തത്.
1950-കളുടെ അവസാനം അതായത് ക്യൂബൻ വിപ്ലവത്തോടെയാണ് അമേരിക്ക കമ്യൂണിസ്റ്റ് വിരുദ്ധ കുരിശുയുദ്ധം അതിന്റെ നൃശംസനീയമായ മാനങ്ങളിൽ തീക്ഷ്ണമാക്കുന്നത്. കമ്യൂണിസത്തിനും ക്യൂബക്കുമെതിരായ ഇടപെടലുകൾ എല്ലാ സീമകളും തകർത്ത് മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു.
ശീതയുദ്ധകാലത്തെ കമ്യൂണിസ്റ്റ് വേട്ടയും നവസ്വതന്ത്രരാജ്യങ്ങൾക്കെതിരായ അട്ടിമറി ശ്രമങ്ങളും ലാറ്റിനമേരിക്കൻ ദേശീയവിമോചന പ്രസ്ഥാനങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ഗൂഢാലോചനകളും നിറഞ്ഞതായിരുന്നു 1950-60 കാലഘട്ടമെന്നത്. സി.ഐ.എയുടെ മുൻകയ്യിൽ ആവിഷ്‌കരിക്കപ്പെട്ട പ്രതിവിപ്ലവപദ്ധതിയനുസരിച്ച് 638 തവണയാണ് ഫിദൽകാസ്‌ട്രോവിന് നേരെ വധശ്രമമുണ്ടായത്.
ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിലവിലുള്ള സോഷ്യലിസ്റ്റ് ജനാധിപത്യ സ്വഭാവത്തിലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളെയും വ്യക്തികളെയുംവരെ ഇല്ലാതാക്കാൻ അമേരിക്ക മുന്നോട്ടുവന്നു. കൂട്ടക്കൊലയുടെ പരമ്പരയാണ് ഇതോടെ ലാറ്റിനമേരിക്കയിൽ, പ്രത്യേകിച്ച് മധ്യഅമേരിക്കയിൽ സി.ഐ.എയുടെ മുൻകയ്യിൽ അരങ്ങേറിയത്. ബൊളീവിയൻ സൈനികയുദ്ധങ്ങളിൽ നേരിട്ട് നേതൃത്വം നൽകിയ ചെഗുവേരയെ അവർ നിഷ്ഠൂരമായി വധിച്ചു. വേണ്ടത്ര തങ്ങളെ അനുസരിക്കുന്നില്ലെന്ന് തോന്നുന്ന പ്രസിഡണ്ടുമാരെ ഗ്വാട്ടിമലയിലും എൽസാൽവദോറിലും തുടർച്ചയായി അട്ടിമറിക്കുകയെന്നത് പതിവാക്കിമാറ്റി.
അമേരിക്കൻ ബഹുരാഷ്ട്രകുത്തകകൾ കയ്യടക്കി വെച്ചിരിക്കുന്ന കൃഷിഭൂമിയും തോട്ടങ്ങളും വീണ്ടെടുക്കാൻ സമരം നടത്തുന്ന റെഡ് ഇന്ത്യക്കാർക്ക് പ്രാമുഖ്യമുള്ള കർഷകസംഘടനകളെയും രാഷ്ട്രീയപ്രസ്ഥാനങ്ങളെയും വിമോചനഗ്രൂപ്പുകളെയും ഇല്ലാതാക്കാൻ ഡെത്ത് സ്‌ക്വാഡുകൾക്ക് രൂപം നൽകാൻ ഭീകരമർദ്ദകരും കൊലയാളികളുമായ ഫാസിസ്റ്റുകളെ തെരഞ്ഞെടുത്തു. ‘സ്‌കൂൾ ഓഫ് അമേരിക്കാസി’ൽ പരിശീലിപ്പിച്ചു.
ഇത്തരം ഡെത്ത് സ്‌ക്വാഡുകളുടെ നിഷ്ഠൂരമായ നടപടികളിലും കൂട്ടക്കൊലകളിലും പ്രതിഷേധിക്കുന്നവരെ പോലും തെരഞ്ഞുപിടിച്ച് കശാപ്പു ചെയ്തു. കൊലയ്ക്കും ഭീകരതയ്ക്കും പരിശീലനം കിട്ടിയ ഡെത്ത് സ്‌ക്വാഡുകളുടെ അഴിഞ്ഞാട്ടത്തിൽ മനുഷ്യത്വവും ജനാധിപത്യവും ചവിട്ടിയരക്കപ്പെട്ടു.
എൽസാൽവദേറിലെ കത്തോലിക്കാ ബിഷപ്പ് റഫിലോയെ നിഷ്ഠൂരമായി കൊലപ്പെടുത്തി മൃതശരീരം നഗ്നമാക്കി ഏറ്റവും അപമാനിക്കപ്പെട്ട തരത്തിൽ തെരുവിലിട്ട ഡെത്ത്‌സ്‌ക്വാഡുകൾക്കെതിരെ സാർവ്വദേശീയതലത്തിൽ തന്നെ പ്രതിഷേധമുയർത്തിയ സംഭവമായിരുന്നു.
ജോൺ.എഫ്.കെന്നഡിയുടെ കാലംതൊട്ട് ഗ്വാട്ടിമലയിൽ നടന്ന കൂട്ടക്കൊലകളിൽ ഏറ്റവും ചുരുങ്ങിയത് 50,000 പേരെങ്കിലും കശാപ്പ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അമേരിക്ക തന്നെ ഔദേ്യാഗികമായി സമ്മതിക്കുന്നുണ്ട്. ഈയൊരു കാലഘട്ടത്തിൽ ലാറ്റിനമേരിക്കയിൽ രണ്ടു ലക്ഷത്തിലധികം കത്തോലിക്കരെങ്കിലും കൂട്ടക്കൊലകൾക്ക് ഇരയായിട്ടുണ്ടെന്നാണ് നോംചോംസ്‌ക്കി പറയുന്നത്. ഗ്രനഡയിലെ സൈനിക ഇടപെടലും പനാമയിലെ സി.ഐ.എയുടെ മയക്കുമരുന്ന് കച്ചവടത്തിന് തടസ്സം നിന്ന പ്രസിഡണ്ട് നൊറീഗയെ പിടിച്ചുകെട്ടി അമേരിക്കയിൽ കൊണ്ടുവന്ന് തുറങ്കലിലടച്ചതും ഈയൊരു കാലഘട്ടത്തിലെ അമേരിക്കൻ തെമ്മാടിത്തത്തിന്റെ ഉദാഹരണങ്ങളിൽ ചിലത് മാത്രമാണ്.
പ്രസിഡണ്ട് നൊറീഗ
മറ്റൊരു ക്യൂബ സൃഷ്ടിക്കപ്പെടാതിരിക്കാനുള്ള ആസൂത്രിതമായ പരിപാടികളാണ് ലാറ്റിനമേരിക്കൻ നാടുകളിൽ സി.ഐ.എ ആവിഷ്‌ക്കരിച്ചത്. കമ്യൂണിസവും സോഷ്യലിസ്റ്റ് വിമോചനപ്രസ്ഥാനങ്ങളും ഉയർത്തുന്ന ഭാവിയിലെ രാഷ്ട്രീയ വെല്ലുവിളിയെ നേരിടാനും തകർക്കാനും കഴിയുന്ന വിധ്വംസകപ്രവർത്തനങ്ങളാണ് അമേരിക്ക രൂപപ്പെടുത്തിയത്. ചിലിയിൽ അലൻഡെയെ അട്ടിമറിച്ച് പിനോഷെയെ അധികാരത്തിൽ വാഴിച്ചു. രക്തപങ്കിലമായ കശാപ്പുകളാണ് പിനോഷെ അഴിച്ചുവിട്ടത്.
അർജന്റീനയിൽ 50000 ഓളം യുവാക്കളാണ് ഇക്കാലത്ത് അപ്രത്യക്ഷമായത്. അവിടെ രൂപംകൊണ്ട അമ്മമാരുടെ പ്രസ്ഥാനത്തിന്റെ വക്താക്കൾ പറയുന്ന ഹൃദയഭേദകമായ അനുഭവങ്ങൾ അമേരിക്കൻ ക്രൂരതയുടെ അമേരിക്കൻ ക്രൂരതയുടെ മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന കഥകളാണ്. തങ്ങളുടെ മക്കളെയെല്ലാം സൈന്യത്തിനകത്തെ ഡെത്ത്‌സ്‌ക്വാഡുകൾ കൊണ്ടുപോയി കൊല്ലുകയായിരുന്നുവെന്നാണ് ഈ അമ്മമാർ ഗദ്ഗദത്തോടെ, അദമ്യമായ രോഷത്തോടെ ലോകത്തോട് പറയുന്നത്.
ഇതെല്ലാം നടന്നത് സി.ഐ.എയുടെ നേതൃത്വത്തിലായിരുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിഷേധങ്ങളെ മയപ്പെടുത്തുകയെന്ന തന്ത്രത്തോടെ മുൻ അമേരിക്കൻ പ്രസിഡണ്ട് ക്ലിന്റൺ ഗ്വാട്ടിമലയിലെയും അർജന്റീനയിലെയും തങ്ങളുടെ ഭൂതകാല ചെയ്തികൾക്ക് മാപ്പു ചോദിക്കുകയുണ്ടായി.
എൽസാൽവദോറിൽ മാത്രം ഇക്കാലയളവിൽ സി.ഐ.എയുടെ ഓപ്പറേഷനുകൾക്കായി 450 കോടി ഡോളറാണ് അമേരിക്ക പമ്പ് ചെയ്തത്. കത്തോലിക്കാപ്പള്ളി തന്നെ ഈ കൂട്ടക്കൊലകളിൽ സി.ഐ.എ വഹിച്ച പങ്ക് പുറത്തുകൊണ്ടുവന്നിട്ടുണ്ട്. എഴുപതുകളിൽ എൽസാൽവദോറിലെ സെൻട്രൽ മെറാസോൺമേഖലയിലെ മൊസോട്ടെ എന്ന റെഡ് ഇന്ത്യൻ ഗ്രാമത്തിൽ അതിക്രമിച്ച് കടന്നുകയറി ‘അറ്റ്‌ലാകാറ്റൽ’ എന്ന സൈനിക ബറ്റാലിയൻ നടത്തിയ മൃഗീയമായ കൂട്ടക്കുരുതി ചരിത്രത്തിൽ ഏറ്റവും കിരാതമായ നരഹത്യകളിൽ ഒന്നാണ്. ഈ മൃഗീയമായ കൂട്ടക്കുരുതിയ്ക്ക് നേതൃത്വം നൽകിയ സൈനിക ബറ്റാലിയനെ പരിശീലിപ്പിച്ചത് സി.ഐ.എ ആണെന്ന വസ്തുത കത്തോലിക്കാസഭ തന്നെ തെളിവുസഹിതം പുറത്തുകൊണ്ടുവന്നതാണ്.
ക്യൂബക്ക് നേരെ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന കുത്തിത്തിരുപ്പുകളും ഗൂഢാലോചനകളും അവിരാമമായി തുടർന്നുകൊണ്ടിരിക്കുകയാണ്. ഇക്കാലയളവിലെ ക്യൂബക്കെതിരായ ഗൂഢാലോചനകളും അട്ടിമറിശ്രമങ്ങളും രേഖപ്പെടുത്താൻ ഒരു പക്ഷെ മഹാഗ്രന്ഥങ്ങൾ തന്നെ രചിക്കേണ്ടിവരും. ഫിദൽ കാസ്‌ട്രോവിനെ വധിക്കാൻ നടത്തിയ അനവധിയായ ശ്രമങ്ങൾക്ക് പുറമെ ക്യൂബൻ വിമതന്മാരെയും പലായനം ചെയ്തവരെയും സംഘടിപ്പിച്ച് ഒരു പ്രതിവിപ്ലവപദ്ധതിയുടെ പ്രയോഗത്തിലാണ് അമേരിക്ക. മിയാമി നഗരത്തിൽ അമേരിക്ക കുടിയിരുത്തിയിരിക്കുന്ന ക്യൂബൻ പ്രവാസികളെ ഉപയോഗപ്പെടുത്തി ക്യൂബൻ സോഷ്യലിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കാൻ കഴിയുമോയെന്ന പരീക്ഷണമാണ് സി.ഐ.എ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
യു.എസ് കൂട്ടക്കുരുതി കാലത്തെ എല്‍ സാല്‍വദോറിലെ സൈനികര്‍
ക്യൂബയുടെ ‘ജനാധിപത്യത്തിലേക്കുള്ള പരിവർത്തന പരിപാടി’ക്കായി 80 മില്യൻ ഡോളറാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് നീക്കിവെച്ചത്. കാസ്‌ട്രോവിന്റെയും വെനിസ്വലൻ പ്രസിഡണ്ട് ഷാവേസിന്റെയും ധീരവും അപ്രതിരോധ്യവുമായ നേതൃത്വത്തിൻ കീഴിൽ ലാറ്റിനമേരിക്കൻ നാടുകളിലും കരീബിയൻ ദ്വീപുകളിലും വളർന്നുവന്നിരുന്ന അമേരിക്കൻ വിരുദ്ധ പ്രസ്ഥാനങ്ങളെയും രാഷ്ട്രങ്ങളെയും നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള അസ്ഥിരീകരണത്തിന്റെയും കടന്നാക്രമണത്തിന്റെയും പരിപാടികളാണ് സി.ഐ.എയും പെന്റഗണും രൂപപ്പെടുത്തിയിരിക്കുന്നത്.
ചെ യുടെ രക്തസാക്ഷിത്വത്തിന് ശേഷമാണ് 1973-ൽ ചിലിയിൽ അലൻഡെയുടെ സർക്കാരിനെ അട്ടിമറിച്ച സി.ഐ.എ ഓപ്പറേഷൻ നടന്നത്. ചിലിയിലെ തീവ്രവലതുപക്ഷത്തിന്റെ സഹായത്തോടെ പിനോഷെ എന്ന പട്ടാളമേധാവിയെ സി.ഐ.എ അധികാരമേൽപ്പിക്കുകയായിരുന്നു. അതിനവരെ പ്രേരിപ്പിച്ചത് അലൻഡെ സർക്കാരിന്റെ സോഷ്യലിസ്റ്റ് ഭരണനടപടികളായിരുന്നു.
പിനോഷെ
ചെമ്പ് ഖനികളുടെ ദേശസാൽക്കരണമടക്കം അലൻഡെ സർക്കാർ നടപ്പാക്കിയ സോഷ്യലിസ്റ്റ് പരിഷ്‌കാരങ്ങളിൽ പ്രകോപിതരായിട്ടാണ് അമേരിക്കൻ ബഹുരാഷ്ട്രകുത്തകകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനായി സി.ഐ.എ അലൻഡെയെ അട്ടിമറിച്ചതും നിഷ്ഠൂരമായി കൊലചെയ്തതും. പാബ്ലോ നിരൂദ ഉൾപ്പെടെ ആയിരക്കണക്കിന് കമ്യൂണിസ്റ്റ് വിപ്ലവകാരികളെയാണ് ചിലിയിൽ സി.ഐ.എ നിഷ്ഠൂരം കൊന്നുകളഞ്ഞത്. അട്ടിമറിക്കുശേഷം മിൽട്ടൺഫ്രീഡ്മാന്റെ നേതൃത്വത്തിലുള്ള ചിക്കാഗോ സ്‌കൂളുകാർ നിയോലിബറൽ നയങ്ങൾ അടിച്ചേൽപ്പിക്കുകയായിരുന്നു. ദേശസാൽക്കരിച്ച ഖനികളും മറ്റ് വിഭവസമ്പത്തും വൻകിട കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുക്കുകയായിരുന്നു. ഈ നിയോലിബറൽ നയങ്ങളിലൂടെയാണ് അമേരിക്കൻ സാമ്രാജ്യത്വം ലോകമെമ്പാടും നവഫാസിസ്റ്റ് ശക്തികളെ വളർത്തിക്കൊണ്ടുവന്നത്.
Content Highlight: Che Guevara’s martyrdom and CIA sabotage against socialism and national liberation movements: K.T. Kunhikannan