വൈക്കം മുഹമ്മദ് ബഷീറും എസ്.കെ. പൊറ്റക്കാടും ചായക്കടകള്‍ക്ക് ബദലായി ഉപയോഗിച്ചിരുന്ന വാക്കാണ് ‘ചായ് മക്കാനി’. അറബിയും ഉറുദുവും കലര്‍ന്ന മക്കാനി എന്ന പദത്തില്‍നിന്ന് ഉരുത്തിരിഞ്ഞതാണ് ഇതെന്ന് ഞങ്ങളുടെ ഹിന്ദിമാഷ് വിമല്‍ജി പറയുന്നു. അതായത് ഇവിടെ കാശുകൊടുത്ത് ആര്‍ക്കും ചായകുടിക്കാം എന്നാണ് വിവക്ഷിതാര്‍ത്ഥം.
വീടിനോട് ചേര്‍ന്ന ചായ്പിലോ വരാന്തയിലോ ആയിരുന്നു ഇത്തരം ചായമക്കാനികള്‍ ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. ഇന്നത്തെ ചായക്കടയുടെ സെറ്റപ്പുകള്‍ അവയ്ക്ക് ഒന്നുമുണ്ടായിരുന്നില്ല; പേരു വിവരങ്ങള്‍ കൊട്ടിഘോഷിക്കുന്ന ഒരു സൈന്‍ബോര്‍ഡുപോലും.
ഇവിടെ ആവശ്യക്കാര്‍ക്ക് ചായകുടിക്കാം, പഴംപൊരി തിന്നാം, പരിപ്പുവടയും കഴിക്കാം. പുട്ടുംകടലയും അടിക്കാം. കൂടാതെ എസ്.കെ. പൊറ്റക്കാടിന്റെ സ്‌പെഷല്‍ റസീപ്പി കടമെടുത്തു പറഞ്ഞാല്‍ പുട്ട് + മുതിര പുഴുങ്ങിയത് + പപ്പടം കാച്ചിയതും കൂട്ടിയുള്ള സ്‌പെഷല്‍ കോമ്പിനേഷന്‍ – കുതിര ബിരിയാണിയും വീശാം.
ചായമക്കാനിയുടെ ഒരു ഭാഗത്ത് സമോവറില്‍ വെള്ളം തിളയ്ക്കുന്നുണ്ടാകും. പത്തുപൈസ നാണയം ചായമാഷ് അതില്‍ നിക്ഷേപിക്കുമ്പോള്‍ ണിം, ണിം, ണിം എന്ന മണിനാദം കേള്‍ക്കാം. വെള്ളം തിളയ്ക്കുന്നതറിയാനുള്ള നാടന്‍ ‘മാപിനി’യാണത്. ണിം, ണിം ശബ്ദം കുറഞ്ഞാല്‍ നിങ്ങള്‍ക്ക് ലഭിക്കുക, വാട്ടച്ചായ ആയിരിക്കുമെന്ന് സാരം.
‘ചായമക്കാനി’ എന്ന പദത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും കൂടുതലറിയാന്‍ താല്‍പര്യമുള്ള ഗവേഷണവിദ്യാര്‍ത്ഥികള്‍ക്ക് എസ്. ശ്രീധരമേനോന്റെയും വേലായുധന്‍ പണിക്കശ്ശേരിയുടെയും പുസ്തകങ്ങള്‍ റഫര്‍ ചെയ്യാവുന്നതാണ്.
വേലായുധന്‍ പണിക്കാശ്ശേരി / എ. ശ്രീധര മേനോന്‍
പ്രാദേശികവാര്‍ത്തകളായ പള്ളിപ്പെരുന്നാള്‍ കൊടികയറുന്ന ദിവസവും സമീപത്തുള്ള ക്ഷേത്രത്തിലെ അന്നദാനം, ഉത്സവം എന്നിവയ്ക്കും പുറമേ ആയിടെ ഒളിച്ചോടിപ്പോയി വിവാഹിതമായി തിരിച്ചുവന്ന കാമുകീകാമുകന്മാരുടെ നിലവിലെ വിശേഷങ്ങളും, ലോക്കല്‍ സിനിമാ കൊട്ടകയില്‍ കളിക്കുന്ന പടത്തിന്റെ ഗുണനിലവാരവും ചര്‍ച്ചചെയ്യപ്പെടുന്ന പൊതുഇടമാണ് ചായമക്കാനികള്‍.
പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമുള്ള വാര്‍ത്തകള്‍ റേഡിയോ പങ്കുവെയ്ക്കുമ്പോള്‍ കാതുകൂര്‍പ്പിച്ചതു കേള്‍ക്കുന്ന നാട്ടുകാരുടെ ഒരു പഴയകാല ചിത്രവും ചായമക്കാനികള്‍ക്ക് പറയാനുണ്ട്. ഇന്ദിരാഗാന്ധി വെടിയേറ്റ ദാരുണ വൃത്താന്തം ഞാനറിഞ്ഞത് പൂങ്കുന്നം ‘സര്‍ദാര്‍ കേഫി’ലെ റോഡിയോ വാര്‍ത്തയില്‍ നിന്നാണ്.
എന്നാല്‍ ഇത്തരം ചായക്കടകളുടെ ആകര്‍ഷണീയത ഇപ്പോള്‍ തുലോം കുറഞ്ഞുപോയിരിക്കുന്നു. ഫെയ്സ്ബുക്ക്, വാട്സാപ്പ് കലാപരിപാടികളിലൂടെ വാര്‍ത്തകള്‍ കൂടുതല്‍ വേഗത്തിലും ജാഗ്രതയോടെയും നിങ്ങള്‍ക്കു ലഭിക്കുന്നു. ചിലപ്പോള്‍ ഫാബ്രിക്കേറ്റഡ് വാര്‍ത്തകളും കേള്‍ക്കാം.
മക്കാനിയുടെ കഴുക്കോലില്‍ ‘ഇവിടെ രാഷ്ട്രീയം പറയരുത്’ എന്ന് ചോക്കുകൊണ്ട് എഴുതിവെച്ചിട്ടുണ്ട്. എന്നാല്‍ ചായക്കട ഉടമ അയാളുടെ കക്ഷിരാഷ്ട്രീയത്തിന്റെ ചുമടിറക്കുന്നതില്‍ ഇവിടെ നമ്പര്‍ വണ്‍ തന്നെയായിരിക്കും.
ചായമക്കാനിയോട് ചേര്‍ന്നോ അതില്‍ തൊട്ടടുത്തുള്ള കട വരാന്തകളില്‍ ബീഡി തെറുക്കുന്ന തൊഴിലാളികളുടെ സംഖ്യ ചാവക്കാട് – മണലൂര്‍, അന്തിക്കാട് ബെല്‍റ്റില്‍ കുറഞ്ഞുപോയിരിക്കുന്നു. ബീഡിതെറുപ്പും ചായകൂടിയും രാഷ്ട്രീയം പറച്ചിലും അട+ചക്കര+പഞ്ചാര പോലെയാണ്. അതുകൊണ്ടാകണം എപ്പോഴും ബീഡിവലിച്ചു തള്ളുന്ന എന്റെ സുഹ്യത്ത് പി. ഇ. പീറ്റര്‍ (പംകിന്‍ ഈറ്റര്‍ – മത്തങ്ങത്തീനി പീറ്റര്‍) ‘ബീഡി, ജീവന്റെ നാഡി’ എന്ന് പറയാറുള്ളത്. ഈ കക്ഷിയ്ക്ക് വാചകമടിക്കാന്‍ ബീഡിയും ചായയും ആവശ്യമെന്നു എല്ലാ നാട്ടുകാര്‍ക്കുമറിയാം.
പി. കേശവദേവ് / ഓടയില്‍നിന്ന്
പി. കേശവദേവ് തന്റെ പ്രശസ്തനോവല്‍ ‘ഓടയില്‍നിന്ന്’ എഴുതിയത് നാലുകെട്ട് ബീഡി വലിച്ചു തള്ളിയും അഞ്ചാറു ചായകുടിച്ചും മാത്രമാണെന്ന് ഒരിടത്ത് വായിച്ചതോര്‍മ്മവരുന്നു. അതായത് എഴുത്തിന്റെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ ചായക്കും ബീഡിക്കും കഴിയുമെന്നാണ് തോന്നുന്നത്.
ബ്രിട്ടീഷ് ഭരണകാലത്ത് മലബാര്‍ പ്രദേശത്തിന്റെ കളക്ടറായിരുന്ന വെള്ളക്കാരന്‍ കാനോലി സായ്പ് കച്ചവടക്കാരുടെ സൗകര്യാര്‍ത്ഥം -കൊടുങ്ങല്ലൂര്‍വരെ ചരക്കുകളുമായി ജലമാര്‍ഗ്ഗം സഞ്ചരിക്കാന്‍ കനാല്‍ നിര്‍മ്മിച്ചു നല്‍കി എന്നാണ് ചരിത്രപുസ്തകത്തില്‍ കാണുക, വില്പനച്ചരക്കുകള്‍ നിറച്ച കെട്ടുവള്ളങ്ങള്‍ കനോലി കനാലിലൂടെ നീങ്ങിയിരുന്ന ആ കാലം അസ്തമിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞു.
സായ്പ്പിന്റെ തിരുശേഷിപ്പെന്നപോലെ കേരളീയര്‍ ‘കനോലി കനാല്‍’ എന്ന പേരുനല്‍കി അദ്ദേഹത്തെ വാക്കാല്‍ ആദരിക്കുന്നു. കാനോലി സായ്പ്പിന്റെ ഓര്‍മ്മപുതുക്കാനോ അതോ പുതുമയ്ക്കു വേണ്ടിയോ എഴുത്തുകാര്‍ ‘കാനോലി കനാല്‍ കഥ പറയുന്നു, കനോലി സ്വച്ഛന്ദമായ് ഒഴുകുന്നു എന്നും മറ്റും ഉപയോഗിച്ചു വരുന്നുണ്ട്. അത് നല്ല കാര്യവുമാണ്.
നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിലുള്ള എച്ച്. വി. കനോലി (കനോലി സായ്പ്പ്) യുടെ ഛായാചിത്രം
ആദ്യകാലങ്ങളില്‍ തൃശ്ശൂര്‍ നിന്ന് മണലൂര്‍വരെ മാത്രമായിരുന്നു ബസ്സ് സര്‍വീസ് ഉണ്ടായിരുന്നത്. അതും ഒന്നേ ഒന്ന് – അതാണ് ഡര്‍ബാര്‍ ബസ്. പേരിനെ വെല്ലുവിളിച്ചുകൊണ്ടെന്നപോലെ തുരുമ്പെടുക്കാറായ, ആടിയുലയുന്ന ഒരു ബസ്സായിരുന്നു ‘ഡര്‍ബാര്‍’. പലകുറി ഞാനതില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഒരു ദര്‍ബാറോ അല്ലെങ്കില്‍ ഒരു ‘ഡര്‍ബാറോ’ അതില്‍ എനിക്ക് അനുഭവപ്പെട്ടിട്ടില്ല.
തൃശ്ശൂര്‍ മുന്‍സിപ്പാലിറ്റി ബസ് സ്റ്റാന്റില്‍നിന്ന് രാവിലെ ഡ്രൈവര്‍ക്ക് തോന്നുമ്പോള്‍ തോന്നുന്ന സമയത്ത് പുറപ്പെടാറുള്ള ആ വാഹനത്തിന്റെ രൂപം ഇപ്പോഴും മനസ്സിലുണ്ട്. ഏനാമ്മാവില്‍ യാത്ര അവസാനിപ്പിക്കുന്ന ഡര്‍ബാര്‍ അഞ്ചാറുമണിക്കൂറോളം ചത്തുമരവിച്ചപോലെ കടവ് പരിസരത്ത് കാണാം; അടുത്ത ട്രിപ്പടിക്കുംവരെ.
യാത്രക്കാര്‍ ഏകദേശം നിറഞ്ഞാല്‍ മാത്രമെ ആ ദര്‍ബാറിന് (അല്ലെങ്കില്‍ ഡര്‍ബാറിനു) ജീവന്‍ വെയ്ക്കൂ, അനക്കംവെക്കൂ. പെട്രോള്‍ കാശ് മുതലാകണമല്ലോ! അക്കരയെത്താന്‍ കാനോലി കനാല്‍ മുറിച്ചുള്ള കടത്തുവഞ്ചിയും ചങ്ങാടയാത്രയും മാത്രമായിരുന്നു യാത്രക്കാരുടെ ആശ്രയം.
പ്രസ്തുത താല്‍ക്കാലിക ജലവാഹനത്തില്‍ യാത്രക്കാര്‍ക്ക് പുറമെ അവരുടെ പശു, പോത്ത്, ആട്, നായ തുടങ്ങിയ വളര്‍ത്തു മൃഗങ്ങളും യാത്രക്കാരായി ശ്വാസമടക്കിപ്പിടിച്ച് കടത്തു കടക്കാനുണ്ടാകും. ഒരാള്‍ക്ക് പത്തുപൈസയായിരുന്നു അന്ന് കടത്തുകൂലി. ആദ്യകാലങ്ങളില്‍ കനോലി കനാലിലൂടെ കെട്ടുവള്ളങ്ങളിലാണ് ചരക്കുകള്‍ തൃശ്ശൂര്‍ വഞ്ചിക്കുളം വഴി കൊടുങ്ങല്ലൂര്‍ ചന്തയിലെത്തിച്ചിരുന്നതെന്ന് തൊയക്കാവ് ഗ്രാമവാസി വി.ആര്‍. റാഫോല്‍ പറയുന്നു
ഇന്ദിരാഗാന്ധി വെടിയേറ്റ ദാരുണ വൃത്താന്തം ഞാനറിഞ്ഞത് പൂങ്കുന്നം ‘സര്‍ദാര്‍ കേഫി’ലെ റോഡിയോ വാര്‍ത്തയില്‍ നിന്നാണ്
തെങ്ങിന്‍തോപ്പുകളുടെ നടുവില്‍ അഞ്ചുസെന്റിലുള്ള ‘തൈവെപ്പുകള്‍’, ചകിരിതല്ലുന്ന പെണ്ണുങ്ങള്‍, അഴുകിയ ചകിരിയുടെ മനംമടുപ്പിക്കുന്ന ഗന്ധവുമെല്ലാം ഈ പ്രദേശങ്ങളിലെ നിത്യ കാഴ്ചകളായിരുന്നു. അല്ലെങ്കില്‍ ദൃശ്യാനുഭവങ്ങളായിരുന്നു.
ചേച്ചി മാത്തിരിയെ കെട്ടിച്ചുവിട്ടത് ഏനാമ്മാവിലുള്ള തൊയ്ക്കാവിലാണ്. എന്റെ അളിയന്‍സ് – പോളാശാന്‍ വെങ്കിടങ്ങില്‍ മെഡിക്കല്‍ ഷോപ്പുടമയായി വിലസിയിരുന്ന കാലം – 1974 മുതലായിരുന്നു. ചേച്ചിക്കു കുട്ടികളെ തറ, പറ പഠിപ്പിക്കുന്ന റോളായിരുന്നു. അതായത് കക്ഷി എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ ആണ്.
അളിയന്‍സിന്റെ തറവാട് കുടുംബത്തില്‍ പത്തുമുപ്പതോളം പേര്‍ അംഗങ്ങളായുണ്ട്. അവരുടെ സംരക്ഷണത്തിനെന്നോണം അഴകാര്‍ന്ന, കറുത്ത ലാബ്രഡോര്‍ പട്ടിയും (പെന്‍സി) അതിന്റെ അരഡസന്‍ കുഞ്ഞുങ്ങളുമുണ്ട്. അവ അമ്മയുടെ പാലുകുടിക്കാന്‍ ‘കൂര്‍’ ‘കുര്‍’ ‘കൂര്‍’ എന്ന ശബ്ദമുണ്ടാക്കി കടിപിടി കൂടുന്ന രംഗവും എന്റെ തൊയക്കാവ് ഓര്‍മ്മകളില്‍ മായാതെനില്ക്കുന്നു.
ഫാദര്‍: വടക്കന്‍ കേരള രാഷ്ട്രീയചരിത്രത്തില്‍ അല്‍പമല്ല, വല്ലാതെ ഒച്ചപ്പാടുണ്ടാക്കിയ സോഷ്യല്‍ ആക്റ്റിവിസ്റ്റ് കൂടിയായ കത്തോലിക്ക വൈദികനാണ്. അദ്ദേഹത്തിന്റെ ജന്മസ്ഥലവും ഈ പറഞ്ഞ തൊയ്ക്കാവ്പള്ളിക്ക് സമീപസ്ഥമാണ്.
മലയോരകര്‍ഷകരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി രാഷ്ട്രീയ രംഗത്തിറങ്ങിയ ഫാദര്‍ വടക്കനും കത്തോലിക്കാ സഭയുമായും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍മൂലം തെറ്റിപ്പിരിഞ്ഞു. വാശിമൂത്ത അദ്ദേഹത്തെ പള്ളിയില്‍ കുര്‍ബ്ബാന ചൊല്ലുന്നത് സഭ വിലക്കി പ്രതികാരം ചെയ്തു.
ഫാ. ജോസഫ് വടക്കന്‍
ധീരധിക്കാരിയും നല്ലൊരു പ്രാസംഗികനുമായിരുന്ന വടക്കനച്ചന്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ ചരിത്രപ്രസിദ്ധമായ വിദ്യാര്‍ത്ഥി കോര്‍ണറില്‍ വിശുദ്ധ കുര്‍ബാന ചൊല്ലി സഭയെ വെല്ലുവിളിച്ചു. യുവവിദ്യാര്‍ത്ഥി നേതാവ് ബി. വെല്ലിംഗ്ടണ്‍ ഫാദര്‍ വടക്കന്റെ വലംകൈയുമായി വന്നു.
തൃശൂരിന്റെ രാഷ്ട്രീയവും സാംസ്‌കാരികവുമായ അനേകം സംഭവപരമ്പരകള്‍ക്ക് സാക്ഷ്യം വഹിച്ച ഭൂമികയാണ് തേക്കിന്‍കാട് മൈതാനം. സ്വാതന്ത്ര്യ സമര പോരാളി മാഡം കാമയും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും മകള്‍ ഇന്ദിരാഗാന്ധി മുതല്‍ ആദ്യകാല കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യസമരപോരാളിയും തൃശൂര്‍ക്കാരനുമായ വി.ആര്‍ കൃഷ്ണനെഴുത്തച്ഛന്‍ വരെ പ്രസംഗിച്ച ഇടമാണ് ഈ പരിസരം.
ഫാ. ജോസഫ് വടക്കന്‍ തേക്കിന്‍കാട് മൈതാനിയില്‍ നടത്തിയ പ്രതിഷേധ കുര്‍ബാന
കത്തോലിക്കാസഭയെ വെല്ലുവിളിച്ച് തേക്കിന്‍കാട് വിദ്യാര്‍ത്ഥി കോര്‍ണറിലെ നെഹ്‌റുമണ്ഡപത്തില്‍ ബഹുജനം സാക്ഷിയായി വടക്കനച്ചന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചപ്പോള്‍ അദ്ദേഹത്തിനു പിന്തുണയുമായി കേരളത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമെത്തിയ ആയിരക്കണക്കിന് മലയോരകര്‍ഷകരും തൃശൂര്‍ക്കാരുമാണ് തടിച്ചുകൂടിയത്.
സംഭവം പത്രക്കാരേയും കത്തോലിക്ക സഭയേയും അമ്പരപ്പിച്ചു. എന്നാല്‍ വടക്കനച്ചന്‍ ആഗ്രഹിച്ചപോലെ പ്രത്യേകമൊരു ഇംപാക്റ്റ് ആ കുര്‍ബ്ബാനവഴി കര്‍ഷകതൊഴിലാളി (കെ.റ്റി. പി) പാര്‍ട്ടിക്കും ലഭിച്ചില്ല എന്നതാണ് സത്യം. ഭരണകൂടം ഇളകിയില്ല.
അച്ചന്റെ നേതൃത്വത്തിലുള്ള കേരള തൊഴിലാളി പാര്‍ട്ടിക്കുവേണ്ടി തൃശൂര്‍ ഹൈറോഡില്‍ തൊഴിലാളി പ്രസ്സും അതേ പേരില്‍ ദിനപത്രവും ആരംഭിച്ചെങ്കിലും ഫാദര്‍ വടക്കന്റെ മരണശേഷം ‘കേരള തൊഴിലാളി പാര്‍ട്ടി’ (കെ.ടി.പി.)യും ‘തൊഴിലാളി’ പത്രവും എങ്ങോ അലിഞ്ഞുപോയി.
‘എന്റെ കുതിപ്പും, കിതപ്പും’ എന്ന ഫാദര്‍ വടക്കന്റെ ആത്മകഥ കേരള ക്രിസ്ത്യാനികളുടെ ഏകദേശ ചരിത്രവും മലയോരകര്‍ഷകരുടെ സമരപ്പോരാട്ടങ്ങളും പ്രതിപാദിച്ചുള്ള ഉത്തമഗ്രന്ഥമാണ്.
ചേച്ചിയേയും അളിയന്‍സിനെ കാണാനുള്ള എന്റെ തൊയക്കാവ് സന്ദര്‍ശനവേളകളിലാണ് ഏനാമ്മാവ്, വെങ്കിടങ്ങ്, മണലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ സാധാരണക്കാരായ പൊങ്ങച്ചവും പത്രാസും തൊട്ടുതീണ്ടാത്ത ജനങ്ങളുമായി പരിചയപ്പെടാന്‍ ഇടയായത്.
അളിയന്‍സ് പോളാശാന് ഇടതടവില്ലാതെ ചായകുടിക്കുന്ന സ്വഭാവമുണ്ട്. അപ്പോഴൊക്കെ തെറുപ്പ് ബീഡി വലിയും നിര്‍ബന്ധമാണ്. അദ്ദേഹം വഴിയാണ് ഞാന്‍ തൊയക്കാവിലെ ചായമക്കാനി ഉടമയും അവിടെയുള്ള ഏക പണിക്കാരനുമായ ബോംബെ റിട്ടേണ്‍ഡ് അഹമ്മദ്ക്കായെ പരിചയപ്പെടുന്നത്.
ശംഖ് മാര്‍ക്ക് ലുങ്കിചുറ്റി അതിനുമേല്‍ അറകളുള്ള, വീതികൂടിയ ലെതര്‍ ബെല്‍റ്റും കൈയ്യുള്ള ബനിയനും ധരിച്ച അഹമ്മദ്ക്കായുടെ വയസ്സ് ഏകദേശം അന്ന് അറുപത്തഞ്ചിനോടടുത്തുവരും. അധികം ഉയരമില്ലാത്ത ഇദ്ദേഹത്തിന്റെ താമസം ചെത്തിത്തേക്കാത്ത ആ കൊച്ചുവീട്ടിലും. വീടിന്റെ മുന്നിലേക്ക് നീട്ടിയെടുത്ത ചായ്പിലാണ് പേരില്ലാത്ത ആ ചായ്മക്കാനി.
‘അഹമ്മദ്ക്കായുടെ ചായപ്പീടിക’ എന്നാണത് പൊതുവെ അറിയപ്പെടുക. ബീഡര് കുഞ്ഞിപ്പാത്തുമ്മ, മകന്‍ സൈനുദ്ദീന്‍ എന്നിവരെ കൂടാതെ എങ്ങുനിന്നോ വലിഞ്ഞുകയറി വന്ന വെള്ളപ്പൂച്ചയും അതിന്റെ രണ്ട് കുഞ്ഞുങ്ങളുമാണ് മറ്റ് അന്തേവാസികള്‍.
അഹമ്മദ്ക്കായുടെ ചായമക്കാനിയിലെത്തുന്ന കസ്റ്റമേഴ്സിനെ സേവിക്കാനെന്നവണ്ണം പൂച്ചക്കുടുംബം അവിടെ വരുന്നവരുടെ കാലുകളില്‍ ഉരുമ്മുകയും ‘മ്യാവൂ’, ‘മ്യാവൂ’ എന്ന് സംഗീതാത്മകമായ ശബ്ദമുണ്ടാക്കി സന്ദര്‍ശകരെ സോപ്പിടുകയും ചെയ്യും.
കോള്‍കൃഷി ലാഭകരമല്ലാതായപ്പോള്‍ മുതലാളി അഥവാ ജന്മി ആ നിലം വിറ്റ് കാശാക്കി.
നനച്ചുവെച്ച അരി കുഞ്ഞിപ്പാത്തുമ്മ ഇടിച്ച് ശീലപ്പൊടിയാക്കുന്നതും, ചില്ലറ ക്ലീനിംഗ് പരിപാടികളും നടത്തുന്നതു കാണാം. സൈനുദ്ദീന്‍ അന്നു വട്ടുരുട്ടിക്കളിക്കുന്ന കുട്ടിയായിരുന്നു. വെള്ളേപ്പം, അരിപ്പത്തിരി, നൂലപ്പം എന്നീ പലഹാരങ്ങളും പുട്ടും കടലയുമാണ് ചായമക്കാനിയില്‍ പ്രാതലായി ലഭിക്കുക.
അഹമ്മദ്ക്ക ചായ അടിക്കുന്നത് ഒരു ടിപ്പിക്കല്‍ രീതിയിലാണ്. ആളുടെ ഇടതുകൈയ്യിലെ തകര (ടിന്‍) നിര്‍മ്മിതമായ വലിയ കപ്പാണ് ഉള്ളത്. അതിലാകട്ടെ സമോവറില്‍ നിന്നെടുത്ത തിളയ്ക്കുന്ന വെള്ളവും ചായപ്പൊടിയും പാലും പഞ്ചസാരയും ചേര്‍ന്ന മിശ്രിതവുമാണ്.
വലതുകൈയ്യിലെ വലിയ അലൂമിനിയം കപ്പിലേക്ക് ആ പാനീയം ഒഴിക്കുന്ന ആ മെത്തേഡ് കണ്ടാല്‍ നാം അന്തംവിടും. അതായത് ‘ഠപ്പ്’ എന്നൊരു ശബ്ദത്തോടെയാണ് ചായ കപ്പിലേക്ക് പതിക്കുക. അനനുകരണീയമാണ് അഹമ്മദ്ക്കായുടെ ഈ സ്‌റ്റൈല്‍.
കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെ ഗുണഭോക്താവായി മാറിയ അഹമ്മദ്ക്കായുടെ ആകെയുള്ള സ്വത്താണ് ജന്മിയില്‍നിന്ന് കൈമാറ്റംചെയ്യപ്പെട്ട ആ അഞ്ചുസെന്റ് സ്ഥലവും (തൈവെയ്പ്പ്) പിന്നീട് അവിടെ കെട്ടിപ്പൊക്കിയ ചായമക്കാനിയും.
ആദ്യകാലങ്ങളില്‍ കൊപ്രാക്കച്ചവടക്കാരനും കോള്‍പ്പാടമുടമയുമായി മാറിയ ഒരു കക്ഷിയില്‍ നിന്നു ലഭിച്ച പ്രസ്തുത സ്ഥലത്ത് അഹമ്മദ്ക്ക ചായക്കട അഥവാ ചായമക്കാനി ആരംഭിച്ച് ജീവിതം കണ്ടെത്തുകയായിരുന്നു.
കുട്ടിക്കാലങ്ങളില്‍ വാപ്പയോടൊത്ത് കൊപ്രാക്കളത്തില്‍ നിരത്തിവെച്ച കൊപ്രക്ക് കാവലിരുന്ന് കാക്കയെ ആട്ടുന്ന പണി ചെയ്തു. അഹമ്മദ്ക്കായുടെ വാപ്പ മയ്യത്തായതോടെ കൊപ്രമുതലാളികൂടിയായ ജന്മിയുടെ ചക്ക് ആട്ടി വെളിച്ചെണ്ണയെടുത്തും കോള്‍നിലത്ത് വിത്തെറിഞ്ഞും കന്നുപൂട്ടിയും അവന്‍ നാലണ സമ്പാദിക്കാനുള്ള തീവ്രശ്രമത്തിലായി.
കോള്‍കൃഷി ലാഭകരമല്ലാതായപ്പോള്‍ മുതലാളി അഥവാ ജന്മി ആ നിലം വിറ്റ് കാശാക്കി. അല്പകാലം കഴിഞ്ഞ് അദ്ദേഹം മരണമടയുകയും ചെയ്തു. അഹമ്മദ് കുട്ടി എന്ന അഹമ്മദ്ക്കായുടെ ജീവിതം ഇതോടെ പ്രതിസന്ധിയിലുമായി.
പണിയില്ലാതെ കുറേനാള്‍ ഈ കക്ഷി തെക്കുവടക്കു നടന്നു. അയാള്‍ക്ക് ഉമ്മയും കെട്ടിച്ചുവിടാറായ രണ്ട് സഹോദരിമാരുമുണ്ട്. ജീവിതം വഴിമുട്ടിയ ആ പയ്യന്‍ കേരളത്തിലെ മറ്റുയുവാക്കളെപ്പോലെ നാടുവിടാന്‍ നിര്‍ബ്ബന്ധിതനായി.
ഇത്തരം ചെറിയ ഡയസ്‌പോറ അനുഭവങ്ങള്‍ കേരളത്തിലെ യുവാക്കള്‍ക്ക് ധാരാളം പറയാനുണ്ടാകും. കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് പ്രവാസം വളരെക്കാലത്തിനുശേഷമാണ് ആരംഭിച്ചതെന്ന് ചരിത്രം പറയുന്നു.
1930 മുതല്‍ മദ്രാസ്, ബോംബൈ, കല്‍ക്കത്ത എന്നീ സംസ്ഥാനങ്ങളില്‍ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ കേരളത്തിലെ തീരദേശ പ്രദേശങ്ങളിലും ഇതരഭാഗങ്ങളിലുമുള്ള അനേകര്‍ നാടു വിട്ടു. ചിലര്‍ സിലോണിലേക്കും കുറെപേര്‍ മലേഷ്യയിലും ബര്‍മ്മയിലും അഭയം കണ്ടെത്തി.
രണ്ടാംലോക മഹായുദ്ധം വരെ കേരളത്തില്‍ നിന്നുള്ള ഈ ഒഴുക്ക് തുടര്‍ന്നു. ഈ ഒഴുക്കില്‍പെട്ടും പെടാതെയുമുള്ള അഹമ്മദ് കുട്ടി അഥവാ അഹമ്മദ്ക്കായുടെ ജീവിതനൗക എവിടെ നങ്കൂരമടിച്ചുവെന്നു നോക്കാം.
‘മലബാറി’യെന്നാല്‍ മലയാളി എന്നാണ് മുംബൈക്കാരുടെ കണ്ടെത്തല്‍!
ഗതികിട്ടാതെ തൊയക്കാവ് അഹമ്മദ് കുട്ടി (അഹമ്മദ്ക്ക) കീശയില്‍ അമ്പത് രൂപയില്‍ താഴെയുള്ള സംഖ്യയുമായി തൃശ്ശൂരില്‍നിന്ന് വണ്ടികയറി ചെന്നെത്തിയത് ബോംബെ ദാദറിലാണ്. തന്നെ പ്രതീക്ഷിച്ച് ഒരു കുഞ്ഞുകുട്ടിയും അവിടെയില്ലയെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ അവന്‍ തളര്‍ന്നുപോയി.
ആദ്യമായി പട്ടണംകണ്ട വളര്‍ത്തുനായയെപ്പോലെ പയ്യന്‍ പരിഭ്രാന്തനായി. ദാദര്‍ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലെ ടീസ്റ്റാളില്‍നിന്ന് പത്തുപൈസയ്ക്ക് ചായയും പത്തുപൈസയ്ക്ക് വട-പാവും കഴിച്ച അവന്‍ അവിടെത്തന്നെ കുറേനേരം കുത്തിയിരുന്നു (ബോംബെ ചായക്ക് മധുരം വളരെ കൂടുതലാണെന്ന് അഹമ്മദ് കുട്ടി).
ചീറിപ്പായുന്ന ഇലക്ട്രിക് ട്രെയിനുകളും പൃഷ്ടഭാഗം തീപിടിച്ചപോലെ ധ്രുതഗതിയില്‍ നടന്നുനീങ്ങുന്ന കാല്‍നടയാത്രികരെയും (അതില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ല) നോക്കി അവന്‍ വാപൊളിച്ചു. ഇവര്‍ എങ്ങോട്ടാണ് പായുന്നതെന്ന് എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായില്ല.
”ചൂട്ടുവീശി പാതിരാവില് ഘാട്ട് പോകും മൂപ്പരേ…” എന്ന് രാരിച്ചന്‍ എന്ന പൗരനില്‍ നായകവേഷമിട്ട (രാരിച്ചന്‍) ലത്തീഫ് പാടിയപോലെ ”… നിന്റെ മുണ്ടിലെ തീയ് പിടിച്ചുലോ” എന്നും അഹമ്മദ് കുട്ടി മൂളാതിരുന്നില്ല. അവന്‍ നേരിയ തോതില്‍ ചിരിക്കാനും തുടങ്ങി.
‘പള്ള പയ്ക്കുന്നേരം’ അഹമ്മദ് കുട്ടി, ദാദര്‍ റെയില്‍വെ ബ്രിഡ്ജ് ക്രോസ് ചെയ്ത് ഈസ്റ്റിലെത്തി. തൊട്ടുമുന്നില്‍ കണ്ട ‘ഗരീബി’ ഹോട്ടലിലും ‘മുള്‍ട്ടാനി റെസ്റ്റോറന്റി’ലും അവന്റെ കണ്ണുകള്‍ ഉടക്കി. ഗരീബിയിലെ സിഗ്ഡി (കരിയടുപ്പ്) റോട്ടി ചൂടുന്ന ഒരാള്‍ അഹമ്മദ് കുട്ടിയെ തറച്ചു നോക്കി.
പരിഭ്രമിച്ച പയ്യന് നന്നായി വിശക്കുന്നുണ്ടെന്ന് അയാള്‍ക്ക് മനസ്സിലായി. ചെക്കന്റെ പ്രായവും കോലവും കണ്ട ആ പണിക്കാരന്‍ പയ്യനെ വിളിച്ച് പരിപ്പും ചോറും നല്‍കിയെന്ന് അഹമ്മദ്ക്ക സാക്ഷ്യം പറഞ്ഞു.
കേരളം വിട്ടാല്‍ സഹായമനസ്സുള്ളവരെ കണ്ടുമുട്ടാറുണ്ടെന്ന് അഹമ്മദ്ക്കായുടെ ഭാഷ്യം. ഏറെക്കുറെ അത് ശരിയാണെന്ന് ഞാനും പറയും. എന്തായാലും ‘ഗരീബി’ ഹോട്ടല്‍ പണിക്കാരന്‍ കരുണാമയനാണ്. അയാള്‍ക്ക് വിശപ്പിന്റെ വിലയറിയാം.
സ്വന്തം നാട്ടിലും വീട്ടിലും അയാളെ കാത്തിരിക്കാന്‍ ആരുമില്ലാതായതോടെ പണിയെടുക്കുക, കാശുണ്ടാക്കുക, കിടന്നുറങ്ങുക എന്ന ആപ്തവാക്യം അഹമ്മദ്കുട്ടി മുറുകെപ്പിടിച്ചു.
ആ കക്ഷി ദാദര്‍ (ഈസ്റ്റ്) ദാദാ സാഹേബ് ഫാല്‍ക്കേ റോഡിലെ ‘മലബാറി’ ഹോട്ടലുടമയെ അഹമ്മദ് കുട്ടിയ്ക്ക് പരിചയപ്പെടുത്തി. ‘മലബാറി’യെന്നാല്‍ മലയാളി എന്നാണ് മുംബൈക്കാരുടെ കണ്ടെത്തല്‍! മേശതുടച്ചും ഗ്ലാസ് കഴുകിയും ബോംബെയില്‍ പലസ്ഥലങ്ങളിലുള്ള ചെറുതും വലുതുമായ ചായമക്കാനികള്‍ മുതല്‍ ത്രീസ്റ്റാര്‍ നക്ഷത്രഹോട്ടലുകളില്‍ വരെ വിവിധ ജോലികള്‍ ചെയ്ത അഹമ്മദ്ക്കയുടെ സംഭവബഹുലമായ ഈ ജീവിതസമരത്തിനിടയില്‍ പലപ്പോഴും അദ്ദേഹം വിഷമവൃത്തത്തില്‍ പെട്ടു.
ബാല്‍ താക്കറെ
1966-ല്‍ ബാല്‍ താക്കറെ ശിവജി പാര്‍ക്ക് മൈതാനത്തില്‍ വെച്ച് കാളി വിഗ്രഹത്തില്‍ തേങ്ങയുടച്ച് ശിവസേന ഒരു രാഷ്ട്രീയപ്പാര്‍ട്ടിയായി പ്രഖ്യാപിച്ചതോടെ ബോംബെയിലെ സാമൂഹികവും രാഷ്ട്രീയവുമായ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. ജനജീവിതം ദുസ്സഹമായി.
ബോംബെയിലെ ഗവണ്‍മെന്റ് ഓഫീസുകളിലും കോര്‍പ്പറേറ്റ് ഹൗസുകളിലും തുണിമില്ലുകളിലും മറ്റുമുള്ള ജോലികള്‍ ദക്ഷിണേന്ത്യക്കാര്‍ അടിച്ചുമാറ്റുന്നുവെന്നാണ് ബാല്‍താക്കറെയുടെ ആദ്യത്തെ ആരോപണം.
കേരളത്തില്‍നിന്ന് ‘ടൈപ്പും ഷോര്‍ട്ടും’ പഠിച്ചെത്തുന്നവര്‍ ഏതെങ്കിലും സ്ഥാപനത്തില്‍ പണി തരപ്പെടുത്തി കാണക്കാണെ അതിന്റെ തലപ്പത്തു കയറി എല്ലാവരേയും ഭരിക്കുന്ന പ്രവണതയാണ് ഉള്ളതെന്ന താക്കറെയുടെ പ്രസ്താവനയോടെ പാവങ്ങളായ മഹാരാഷ്ട്രീയര്‍ ഇളകി മറിഞ്ഞു.
ശിവസേനയുടെ പ്രധാന മുദ്രാവാക്യം അങ്ങനെ രൂപപ്പെട്ടു. ‘ആംചി മാഠി’ ‘ആംചി മാണുസ്’ (ഞങ്ങളുടെ മണ്ണ്, ഞങ്ങളുടെ ആളുകള്‍) അക്രമാസക്തരായ ശിവസൈനികര്‍ മലയാളികളേയും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനക്കാരെയും ബോംബെയില്‍നിന്ന് കെട്ടുകെട്ടിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു.
ഹോട്ടലുകള്‍ മുതല്‍ ടൈലറിങ്ങ് ഷോപ്പുകള്‍വരെയും പെട്ടിക്കടകളും വഴിവാണിഭക്കാരായ മലയാളികളുടെ കച്ചവടങ്ങളും ശിവസേനക്കാര്‍ നശിപ്പിച്ച് രോഷംതീര്‍ത്തു. പല ദക്ഷിണേന്ത്യന്‍ സ്ഥാപനങ്ങളും അഗ്‌നിക്കിരയാക്കി. മരണഭയം പിടികൂടിയ സാധാരണക്കാരെ സംരക്ഷിക്കാന്‍ ബോംബെ പോലീസിനോ അവരുടെ ഭരണകൂടത്തിനോ കഴിഞ്ഞില്ല. അല്ലെങ്കില്‍ അവര്‍ അതിന് തുനിഞ്ഞില്ല എന്നുപറയുന്നതാകും കൂടുതല്‍ ശരി.
ബോംബെയില്‍ ഈ അക്രമം നീണ്ടുനിന്നപ്പോള്‍ ഗതികിട്ടാതെ അഹമ്മദ് കുട്ടി എന്ന ഇന്നത്തെ അഹമ്മദ്ക്കാ ബോംബെയോട് നീണ്ട സലാം തന്നെ പറയേണ്ടിവന്നുവെന്ന് തൊയക്കാവിലെ പേരില്ലാ ചായമക്കാനിയിലിരുന്ന് അദ്ദേഹം തന്റെ ജീവിതത്തിന്റെ കഥയും കഥയില്ലായ്മയും പറഞ്ഞു. അസ്വസ്ഥനായ അഹമ്മദ്ക്കാ ബീഡി തുരുതുരാ വലിച്ചാണ് മനഃസ്സംയമനം ചെയ്തത്.
അഹമ്മദ് കുട്ടി പിന്നീട് മദ്രാസിലേക്കാണ് ട്രെയ്ന്‍ പിടിച്ചത്. മഹാനഗരത്തില്‍ വര്‍ഷങ്ങള്‍ പണിയെടുത്ത അദ്ദേഹം ‘രണ്ടുമുക്കാലുണ്ടാക്കാന്‍’ കഴിയാതെപോയ സ്വയം പരാജയപ്പെട്ടവരുടെ ഘോഷയാത്രയില്‍ ലയിച്ചു. സ്വന്തം നാട്ടിലും വീട്ടിലും അയാളെ കാത്തിരിക്കാന്‍ ആരുമില്ലാതായതോടെ പണിയെടുക്കുക, കാശുണ്ടാക്കുക, കിടന്നുറങ്ങുക എന്ന ആപ്തവാക്യം അഹമ്മദ്കുട്ടി മുറുകെപ്പിടിച്ചു.
മദ്രാസിലെ റോയ്‌പേട്ട മുതല്‍ മാമ്പലം വരെയും അഡയാറിലും മറീനബീച്ചിന് സമീപമായ ഗോപാലപുരം വരെയുള്ള ചെറുകിട, ഇടത്തരം ഹോട്ടലുകളില്‍ അദ്ദേഹം എല്ലുമുറിയെ പണിയെടുത്തു. ഊണും ഉറക്കവുമെല്ലാം 14:12 ചതുരശ്ര അടി മാത്രം വിസ്തീര്‍ണ്ണമുള്ള ചെറിയ ഹോട്ടലുകളിലോ അവയുടെ പുറകുവശത്തുള്ള സാമാന്യം വ്യത്തികെട്ട മുറികളിലോ മറ്റു ജോലിക്കാര്‍ക്കൊപ്പമായിരുന്നുവെന്ന് അഹമ്മദ്ക്ക പറഞ്ഞു.
ടെലിവിഷന്‍ ചാനലിലെ വാര്‍ത്താവായനക്കാരനെപ്പോലെയാണ് അഹമ്മദ്ക്കാ അപ്പോള്‍ സംസാരിച്ചത്.
രാഷ്ട്രീയത്തില്‍ (തമിഴ് അരചിയല്‍) ഒട്ടും താല്പര്യമില്ലായെങ്കിലും തമിഴ് ഭാഷയുടെ സൗകുമാര്യവും അവരുടെ സംസ്‌കാരവും നെഞ്ചേറ്റിയ അഹമ്മദ്ക്കാ തമിഴും മലയാളവും ഹിന്ദിയും കലര്‍ന്ന മണിപ്രവാള ഭാഷയിലാണ് സംസാരിക്കുക.
ഈ നീണ്ടകാലയളവില്‍ അദ്ദേഹത്തിന്റെ പൂര്‍ണ്ണമാകാത്ത ജീവിതാഭിലാഷം തെല്ലൊരു ഖേദഭാവത്തോടെ അപ്പോള്‍ വെളിപ്പെടുത്തി. തമിഴ് സിനിമയില്‍ ചെറിയ ഏതെങ്കിലും ഒരു റോളില്‍ പ്രത്യക്ഷപ്പെടണമെന്നായിരുന്നു ആ സ്വപ്‌നം, പക്ഷേ പൂര്‍ത്തീകരിക്കപ്പെട്ടില്ല.
മദ്രാസിലെ ഫിലിം സ്റ്റുഡിയോകള്‍ക്കു മുന്നില്‍ നടീനടന്മാരെ ഒരുനോക്കു കാണാന്‍ കാത്തുനില്ക്കുമ്പോഴൊക്കെ ഇവരെല്ലാം യഥാര്‍ത്ഥ ജീവിതത്തില്‍നിന്ന് എത്ര അകലെയാണെന്ന നഗ്നയാഥാര്‍ത്ഥ്യം അഹമ്മദ്ക്കാ പയ്യെപ്പയ്യെയാണ് തിരിച്ചറിഞ്ഞത്. പുറംപൂച്ചും പൊങ്ങച്ചവും കൂടെകൂട്ടുന്ന സിനിമയും പച്ചയായ ജീവിതവും രണ്ടാണെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായത് വളരെ വൈകിയാണത്രെ! അഹമ്മദ്ക്കാ, ഏതായാലും അത് നന്നായി. ഇപ്പോള്‍ ഞാനാണ് ‘അയ്യത്തട’ എന്നായത്.
ചെറുതും വലുതുമായ ഹോട്ടലുകളിലും ചായമക്കാനികളിലും ജോലിചെയ്ത നമ്മുടെ തൊയക്കാവ്കാരന്‍ അവിടെ ചായകുടിക്കാന്‍ വരാറുള്ള ചില വ്യക്തികളുമായുള്ള സൗഹൃദങ്ങളും കൂട്ടത്തില്‍ വെളിപ്പെടുത്തി.
മദ്രാസ് റോയ്‌പേട്ടയില്‍ തൃശൂര്‍ അമ്മാടംകാരന്‍ അന്തോണി നടത്തുന്ന ചായക്കടയില്‍ ജോലി ചെയ്യവെ ദിനവും രാവിലെ അവിടെയെത്താറുള്ള ഒരു കഥാപാത്രമാണ് ‘മൂരിചന്തു’. അഹമ്മദ്ക്കായുടെ കൈകൊണ്ട് തയ്യാറാക്കിയ ചായയും ഇഡ്ഡലിയും വടയുമെല്ലാം മനസ്സറിഞ്ഞ് ആസ്വദിച്ച് കഴിക്കുന്ന മൂരിചന്തു സാക്ഷാല്‍ ‘മുല്‍ചന്ദ്’എന്ന മാര്‍വാഡിയാണെന്ന് മനസ്സിലാക്കാന്‍ എനിക്ക് അല്പസമയമെടുത്തു.
തന്റെ വാപ്പയുടെ മുഖശ്രീയുള്ള ആ മാന്യനുമായി ഒരാത്മബന്ധം അങ്ങനെയാണ് അഹമ്മദ്ക്കാ കണ്ടെത്തിയത്. ഇതിനിടെ പലകുറി ദീപാവലിയും ആടിമാസവും പൊങ്കലും വന്നുപോയി. അപ്പോഴാണ് അന്നത്തെ അഹമ്മദ് കുട്ടിയും ഇന്നത്തെ അഹമ്മദ്ക്കാ എന്ന നമ്മുടെ കഥാപാത്രത്തിന്റെ സെന്‍സ് ഓഫ് നൊസ്റ്റാള്‍ജിയ ഉണര്‍ന്നതത്രെ.
കൈയില്‍ അല്പം കാശുമായി തൊയക്കാവില്‍ മടങ്ങിയെത്തിയ അദ്ദേഹത്തെ സുസ്വാഗതം ചെയ്യാന്‍ അവിടെ ആരുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഉമ്മയും സഹോദരന്മാരും മരണമടഞ്ഞിട്ട് നാളേറെയായിരുന്നു.
സര്‍ക്കാര്‍ അനുവദിച്ചുനല്‍കിയ അഞ്ചു സെന്റ് തെവെപ്പിന്റെ രേഖകള്‍ കൈയ്യില്‍ ലഭിക്കാന്‍ വില്ലേജ്, താലൂക്ക് ഓഫീസുകളില്‍ കയറിയിറങ്ങിയ കഥകള്‍ അഹമ്മദ്ക്കാ അപ്പോള്‍ വള്ളിപുള്ളി തെറ്റാതെ വിവരിച്ചു. അവസാനം ഒരുനാള്‍ പട്ടയം അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ രേഖ അദ്ദേഹം കൈപ്പറ്റി.
ആ അഞ്ചുസെന്റില്‍ ഉയര്‍ന്നുവന്ന ചായമക്കാനിക്ക് ധര്‍മ്മസങ്കടങ്ങളും ഏറെക്കുറെ തിക്തമായ അനുഭവങ്ങളും പേറി കനല്‍ജീവിതം നയിച്ച അഹമ്മദ്ക്കാ എന്ന ശുഭാപ്തിവിശ്വാസിയുടെ സഹനകഥകളും പറയാനുണ്ട്.
അഹമ്മദ്ക്കാ പരിശ്രമശാലിയാണ്. ബോംബെയിലെയും മദ്രാസിലെയും ഹോട്ടലുകളില്‍ മേശതുടച്ചും ഗ്ലാസ് കഴുകിയും ചായയടിച്ചും മറ്റു കടകളില്‍ ചായ കൊണ്ടുകൊടുക്കുന്ന ബാഹര്‍ വാലയുടെ വേഷം കെട്ടിയും ജീവിതം കണ്ടെത്തിയ അദ്ദേഹത്തെ ഈ ലോകം പലതും പഠിപ്പിച്ചിരിക്കുന്നു.
ഞാന്‍ പരിചയപ്പെടുമ്പോള്‍ ഉദ്ദേശം അറുപത് വയസ്സിനു മുകളില്‍ പ്രായമുള്ള അഹമ്മദ്ക്കാ വിവാഹിതനും ഒരു മകന്റെ പിതാവുമാണ്. അദ്ദേഹത്തെപ്പോലെ അദ്ധ്വാനശീലരും ശുഭാപ്തിവിശ്വാസികള്‍ക്കും വേണ്ടി ഈ ലോകം കാത്തിരിക്കുന്നു.
ജീവിതത്തിന്റെ കയറ്റിറക്കപ്പലകയില്‍ ഉയരങ്ങളിലേക്കുള്ള കുതിപ്പ് കാത്തിരിക്കുന്നവരാണ് നാമെല്ലാം. പലരും അതിന് പല വഴികള്‍ തേടുന്നു. അന്നുമിന്നും കുറുക്കുവഴികളിലൂടെയും ചരട് വലിച്ചും കുതികാല്‍ വെട്ടിയും പണം കൊയ്യാന്‍ മോഹിക്കുന്നവരുടേതാണീ ലോകം.
അഹമ്മദ്ക്കായെ മൂക്കുകയറിട്ട് കൊണ്ടു നടത്താന്‍ മാത്രം പ്രലോഭനങ്ങള്‍ ഏറെയുള്ളതായിരുന്നു ബോംബെ മഹാനഗരം. ഇപ്പോഴും അതുപോലെത്തന്നെ. പോക്കറ്റടി, കള്ളക്കടത്ത്, കൊലപാതകം, പിടിച്ചുപറി, തുടങ്ങിയ മനുഷ്യകുലത്തിന്റെ ശാപങ്ങള്‍ അരങ്ങുതകര്‍ത്തിരുന്ന അക്കാലങ്ങളില്‍ പോലും നേരിന്റെ പന്ഥാവിലൂടെ സഞ്ചരിച്ചിരുന്ന ഈ തൊയക്കാവുകാരന്‍ കാര്യമായൊന്നും സമ്പാദിച്ചില്ല എന്നത് നേരാണ്.
തൃശൂര്‍ പട്ടണത്തില്‍ ലാഭകരമായ പ്രവര്‍ത്തിക്കുന്ന ചായക്കടകളാണ് ഏറെയുമെന്ന് ഈ അന്വേഷണത്തില്‍ വെളിപ്പെട്ടു.
സമൂഹത്തിലെ സഹജീവികളോടുള്ള മമതയും സഹവര്‍ത്തിത്വ മനോഭാവവും കൈമുതലാക്കിയ അദ്ദേഹം ഇനിയെങ്കിലും ജീവിതവിജയം നേടട്ടെ. അഹമ്മദ്ക്കായുടെ ജീവിതം പുഷ്ടിപ്പെടട്ടെ, പിന്നെക്കാണാം ചേട്ടാ എന്ന് ആശംസിച്ച് ആ ചായമക്കാനിയില്‍ നിന്ന് വിടചൊല്ലി.
ഇപ്പോള്‍ അനവധി വര്‍ഷങ്ങള്‍ പിന്നിട്ടു. കഴിഞ്ഞ മാസം തൊയക്കാവിലേക്ക് ഒരു ഗാര്‍ഹികാവശ്യ ത്തിനായി ഹ്രസ്വസന്ദര്‍ശനം നടത്തി. ഏനാമ്മാവ് ബണ്ടിനുമുകളില്‍ പാലം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു, കനോലി കനാല്‍ സ്വച്ഛമായി താഴെ ഒഴുകുന്നുണ്ട്. തൃശ്ശൂരില്‍നിന്ന് യാത്രികരുമായി സഞ്ചരിച്ചിരുന്ന ‘ദര്‍ബാര്‍’ അഥവാ ഡര്‍ബാറിന്റെ മനംമടുപ്പിക്കുന്ന സര്‍വ്വീസിനു പകരം ഡസണ്‍ കണക്കിന് വോള്‍വോ ബസ്സുകളും ചാവക്കാടുവരെയും അതിനപ്പുറത്തേക്കും സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.
തെങ്ങിന്‍ തോപ്പുകളുടെ ആകര്‍ഷണീയത കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കാര്‍ന്നുതിന്നിരിക്കുന്നു. ടാറിട്ട റോഡുകളും അവയ്ക്കരികില്‍ ആഡംബര ബംഗ്ലാവുകളും പോര്‍ച്ചില്‍ പാര്‍ക്കു ചെയ്തിരിക്കുന്ന പുതുപുത്തന്‍ മോഡല്‍ കാറുകളും, ഇരുചക്രവാഹനങ്ങളും പുതുപുത്തന്‍ പരിഷ്‌കാരത്തിന്റെ ചിഹ്നങ്ങളാണ്.
തൊയക്കാവ് പള്ളിപരിസരത്ത് ഞാനെത്തിയെങ്കിലും അവിടെ അഹമ്മദ്ക്കായുടെ ചായ്മക്കാനിയില്ല. അദ്ദേഹത്തെയോ ബീഡര് കുഞ്ഞിപ്പാത്തുമ്മയേയോ മകന്‍ സൈനുദ്ദീനെയോ ആരുമറിയില്ല. ചില സമീപവാസികള്‍ക്ക് കേട്ടറിവ് മാത്രമുണ്ട്. ഫാ. വടക്കന്‍ താമസിച്ചിരുന്ന കെട്ടിടം ഇപ്പോള്‍ ശൂന്യമാണ്. 2002-ല്‍ മരണമടഞ്ഞ അദ്ദേഹത്തിന്റെ ഓര്‍മ്മകളുയര്‍ത്താന്‍ ഒരു സ്മാരകം അവിടെ ഉയര്‍ന്നുവന്നേക്കാം.
എന്റെ അളിയന്‍സും മാത്തിരിച്ചേച്ചിയും മരണമടഞ്ഞപ്പോള്‍ ഞാന്‍ അന്യദേശത്തായിരുന്നു. അവരുടെ തറവാട് വേറെ ഏതോ ആള്‍ വിലയ്ക്കുവാങ്ങി. അവിടെ കൂറ്റന്‍ കെട്ടിടം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. രാവിലെ പത്തുമണിയുടെ കുര്‍ബ്ബാനസമയം അറിയിച്ചുകൊണ്ട് തൊയക്കാവ് പള്ളിയില്‍ മണിമുഴങ്ങി. താല്‍ക്കാലികമായി എന്റെ പ്രിയപ്പെട്ട ആ ഗ്രാമത്തിനോട് വിടപറഞ്ഞ് തൃശ്ശൂരിലേക്ക് ബസ്സുപിടിച്ചു.
പൊന്നാനിയില്‍ വന്നേരി പ്രദേശത്തുള്ള നാടകകൃത്ത് പാര്‍ത്ഥസാരഥിയുടെ കേരളത്തില്‍ അങ്ങോളമിങ്ങോളം പലകുറി കളിച്ച ഏകാങ്കമാണ് ‘ഊണിന് നാലണ’. ചെറുകാടിന്റെ ഒരു കൊച്ചു കഥയെ ആസ്പദമാക്കിയാണ് ഊണിന് നാലണ രചന.
ഭരത് ഗോപിയും കെ.പി.എ.സി. ലളിതയും കൊടിയേറ്റത്തില്‍
അടൂര്‍ ഗോപാലകൃഷ്ണന്റെ കൊടിയേറ്റത്തില്‍ നായകന്‍ (ഭരത്‌ഗോപി) മധുവിധു പിറ്റേന്ന് സമീപത്തുള്ള ചായക്കടയിലേക്ക് വെച്ചടിക്കുന്ന രംഗം ഓര്‍ക്കുക. നവവധു(കെ.പി.എ.സി. ലളിത) ഗ്ലാസ്സില്‍ ചായയുമായി പുത്യാപ്ലയെ പള്ളിയുണര്‍ത്താന്‍ ചെന്നപ്പോള്‍ ഭര്‍ത്താവിന്റെ പായ ശൂന്യമാണ്. ചായക്കടകള്‍ സമൂഹത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഇടമാണെന്നതിന്റെ ചെറിയൊരു ദൃഷ്ടാന്തമായി ഈ രംഗത്തെ കണക്കാക്കാമെന്ന് തോന്നുന്നു.
‘മറുനാട്ടില്‍ ഒരു മലയാളി’ എന്ന ശശികുമാറിന്റെ പോപ്പുലര്‍ സിനിമയില്‍ നായകന്‍ (പ്രേംനസീര്‍) യഥാര്‍ത്ഥത്തില്‍ ക്രിസ്ത്യാനിയാണ്. മദ്രാസില്‍ ഹിന്ദുവിന്റെ വേഷം ഹോട്ടലില്‍ ജോലി ലഭിക്കാനുള്ള ഒരു തന്ത്രം മാത്രമാണ്. മുഴുനീള തമാശപ്പടമാണ് ‘മറുനാട്ടിലൊരു മലയാളി’.
മറുനാട്ടില്‍ ഒരു മലയാളി
ചായക്കടയിലെ ‘ചായകുടിക്ക്’ വിവിധ ഉദ്ദേശ്യങ്ങളുണ്ടായിരുന്നു; ഇപ്പോഴുമുണ്ട്. ചില ഇടങ്ങളില്‍ സൗജന്യ പത്രവായന തരമാക്കാം. സുഹൃത്തുക്കള്‍ക്ക് ഒത്തുകൂടി പുളുവടിക്കാം. നാട്ടുവിശേഷങ്ങള്‍ പങ്കുവെയ്ക്കാം തുടങ്ങിയവ കൊണ്ടാടിയിരുന്ന ചായമക്കാനികളുടെ സ്ഥാനം ഇന്ന് ഏറെക്കുറെ ഇന്റര്‍നെറ്റ് കയ്യടക്കി.
അവ സെല്‍ഫോണിലും ഫേസ്ബുക്ക് പോസ്റ്റിലും ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാഫ് പരിപാടികളിലെത്തിനിന്ന് നെറ്റ് കിട്ടാതെ വട്ടം കറങ്ങുന്നുവെന്ന് സുഹൃത്ത് ചന്ദ്രമോഹന്‍ പറയുന്നു. സ്വന്തം ചായക്കടയിലെ കസ്റ്റമേഴ്‌സ് അയാളുടെ സര്‍വയലന്‍സില്‍ ആണത്രെ.
കേരളത്തിലെ ആദ്യത്തെ തുണിമില്‍ തൃശൂര്‍ സീതാറാം ടെക്സ്റ്റയില്‍സ് കത്തിനശിച്ചതോടെ രണ്ടായിരത്തിലധികം മില്‍ തൊഴിലാളികളുടെ ജീവിതം വഴിമുട്ടി. ചിലര്‍ പെട്ടിക്കട തുറന്നപ്പോള്‍ വേറെചിലര്‍ ഫ്‌ളോര്‍മില്‍ ജോലിക്കാരായി.
കുഞ്ചമ്പി എന്ന് വിളിപ്പേരുള്ള മാധവന്‍നായര്‍ ഹോട്ടല്‍ തുടങ്ങി. അതായിരുന്നു കേഫ് മോഹനാ. മില്ലില്‍ സ്പിന്നിങ്ങ് വിഭാഗത്തിലെ തൊഴിലാളിയായിരുന്ന ശ്രീധരന്‍ പിന്നീട് പൂങ്കുന്നം ഗേറ്റിന്നരികെ ചായക്കട തുടങ്ങി ജീവിതം കണ്ടെത്തി.
പട്ടാളക്കാരനായിരുന്ന കുട്ടപ്പന്‍ നായര്‍ പിരിഞ്ഞുപോന്നതിനുശേഷം അദ്ദേഹം ഞങ്ങളുടെ പ്രദേശത്ത് ആരംഭിച്ചതാണ് ‘സര്‍ദാകേഫ്. എന്റെ വീടിന് സമീപമുള്ള ഏഴ് ചായക്കടകളും ഇന്നും സജീവമാണ്. സുഹൃത്ത് നന്ദകുമാറിന്റെ ബ്രാഹ്‌മിണ്‍സ് ഹോട്ടലും മറ്റൊരു സുഹൃത്ത് കണ്ണന്റെ അന്നപൂര്‍ണ്ണയും വെജിറ്റേറിയന്‍ ഭക്ഷണം നല്കി നിങ്ങളെ സല്‍ക്കരിക്കുമ്പോള്‍ തൊട്ടടുത്തുള്ള ഹോട്ടല്‍ അരവിയില്‍ അടിപൊളി ബീഫും പൊറോട്ടയും ബിരിയാണിയും ലഭിക്കുന്നുണ്ട്.
ഇന്ത്യന്‍ കോഫിഹൗസിന്റെ ശാഖയും സുല്‍ത്താന്‍ബത്തേരിക്കാരന്‍ ബിജുവിന്റെ പേരില്ലാ ചായമക്കാനി, കുട്ടപ്പന്റെ ചായക്കടയും പോരാതെ കൂള്‍ ഹബ്ബുകള്‍ ഇവിടെ രണ്ടാണ്. ഇവയ്ക്കു പുറമെ മൂന്ന് ബേക്കറികളും ഉണ്ട്. വിവിധയിനം കേക്കുകള്‍, കുക്കീസ്, ബിസ്‌കറ്റുകള്‍ തുടങ്ങിയവക്കു പുറമെ ബോംബെ ഓര്‍മ്മകള്‍ പുതുക്കേണ്ടവര്‍ക്ക് കഠക് മീഠാ തീന്‍ നമ്പര്‍ ചായയും ഇവിടെ തയ്യാര്‍. തൃശൂര്‍ പട്ടണത്തില്‍ ലാഭകരമായ പ്രവര്‍ത്തിക്കുന്ന ചായക്കടകളാണ് ഏറെയുമെന്ന് ഈ അന്വേഷണത്തില്‍ വെളിപ്പെട്ടു.
സമ്പന്നരും സാധാരണക്കാരും മൊബൈല്‍ ആപ്പുകള്‍ വഴി ഇഷ്ട ഹോട്ടലുകളില്‍ നിന്ന് ഇഷ്ടഭോജ്യങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നു.
മുന്‍സിപ്പല്‍ ഓഫീസ് റോഡിലെ ‘ഹോട്ടല്‍ രാധാകൃഷ്ണ’യ്ക്ക് (ഉഡുപ്പി) എട്ട് പതിറ്റാണ്ടിലധികം പ്രവര്‍ത്തന പാരമ്പര്യം അവകാശപ്പെടാനുണ്ട്. അവശേഷിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിക്കാതെ അവ തൃശൂര്‍ തേക്കിന്‍കാടിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന അഗതികള്‍ക്ക് രാത്രികളില്‍ വിതരണം ചെയ്തുവരുന്ന സന്മനസ്സിന്റെ ഉടമകളും കൂടിയാണ് ഈ പാര്‍ട്ടണര്‍മാര്‍.
സ്വരാജ് റൗണ്ടിലെ ‘പത്തന്‍സ്’ ഹോട്ടലില്‍നിന്ന് ആദ്യകാലങ്ങളില്‍ ഒന്നര രൂപ വിലയുള്ള പാഴ്‌സല്‍ ഊണ് വാങ്ങിയാല്‍ ചുരുങ്ങിയത് മൂന്നുപേര്‍ക്ക് വയറുനിറക്കാന്‍ മതിയാകുമായിരുന്നു. പത്തന്‍സ് ഹോട്ടല്‍ അവിടെ ഇപ്പോള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വില കൂടുതലാണെന്ന് പറയാതെപറയുന്നു.
റൗണ്ട് സൗത്തിലെ എസ്.എന്‍. കഫേ ഇപ്പോഴില്ല. അവിടെ വസ്ത്രവ്യാപാരമാണ് കാണുക. സി എം എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്ന എന്‍. എന്‍ കഫേയുടെ ഗിരാക്കുകള്‍ (കസ്റ്റമേഴ്‌സ്). എസ്.എന്‍. വഴിയേ ‘വിനായക ഹോട്ടലാ’ക്കി മാറ്റിയെങ്കിലും ഉടമസ്ഥരായ തുളു ബ്രാഹ്‌മണര്‍ അതിന് ഷട്ടറിട്ടിട്ട് നാളേറെക്കഴിഞ്ഞു.
തൃശൂരില്‍ പ്രമുഖ ഉഡുപ്പി ഹോട്ടലുകള്‍ ഇപ്പോള്‍ അംഗുലീപരിമിതമാണ്. മാംഗ്ലൂര്‍, ബാംഗ്ലൂര്‍ പട്ടണങ്ങളില്‍ നിന്ന് അനേക വര്‍ഷങ്ങള്‍ മുമ്പ് കൊടുങ്ങല്ലൂരിലും കൊച്ചിയിലും കോഴിക്കോടും തൃശൂരിലുമെത്തി ഹോട്ടല്‍ വ്യാപാരം ആരംഭിച്ച അവരുടെ പിന്‍തലമുറക്കാര്‍ക്ക് ഇപ്പോള്‍ ഈ രംഗത്ത് താല്പര്യമില്ലാതായിരിക്കുന്നു.
കാരണം, പഴയകാല ഹോട്ടലുടമകളുടെ മക്കളും പേരക്കിടങ്ങളുമെല്ലാം ഉപരിപഠനം നടത്തി വിവിധ മേഖലയില്‍ ജോലി സമ്പാദിച്ചിട്ടുണ്ട്. അവര്‍ ബാങ്ക്, ഐ.റ്റി തുടങ്ങി വിവിധ മേഖലയുടെ ഒഴുക്കിലാണ് സഞ്ചരിക്കുന്നത്. ഇതേ അവസ്ഥ തന്നെയാണ് ബോംബെ ഇറാനിയന്‍ ഹോട്ടലുകള്‍ക്കും സംഭവിച്ചിരിക്കുന്നത്. അവയുടെ പ്രവര്‍ത്തനവും ഇന്ന് കാര്യക്ഷമമല്ല.
ഇറാനി റസ്റ്റോറന്റുകളില്‍ ‘ജൂക്‌ബോക്‌സു’കള്‍ നിങ്ങളെ ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള സിനിമാപ്പാട്ടുകള്‍ പാടികേള്‍പ്പിച്ചിരുന്ന കാലം അങ്ങു വിദൂരതയിലാണ്. ജൂക്‌ബോക്‌സില്‍ 1 രൂപ നാണയം ഒരു സ്ലോട്ടിലിടുമ്പോള്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള പാട്ട് ഏതെന്ന് കാണിക്കുന്ന ആ മെഷീനിലെ കീ ബോര്‍ഡില്‍ (നമ്പറുകളില്‍) അമര്‍ത്തിയാല്‍ മാത്രം മതി. പിന്നെ പാട്ടിന്റെ പൊടിപൂരമായി.
വൃദ്ധരായ ഇറാനിയന്‍ റസ്റ്റോറന്റുകളുടെ പിന്തുടര്‍ച്ചാവകാശികളായ ചെറുപ്പക്കാര്‍ ജൂക്‌ബോക്‌സ് സംഗീത പരിപാടി റദ്ദു ചെയ്തു. വെയ്റ്റര്‍ വിളിച്ചു പറയുന്ന കസ്റ്റമറുടെ ‘പറ്റ്’ എത്രയെന്ന് അവര്‍ക്ക് കേള്‍ക്കാനാകുന്നില്ലത്രെ.
ഒരു സിംഗിള്‍ ചായ മാത്രം കുടിച്ച് ജൂക്‌ബോക്‌സില്‍ നിന്നൊഴുകുന്ന സംഗീതത്തിന്റെ മാസ്മരികത ശ്രവിച്ച് ഈ പ്രപഞ്ചം തന്നെ വിസ്മരിക്കുന്ന എന്നേപ്പോലെയുള്ളവരെ ഒഴിവാക്കാന്‍ കൂടിയാകാം ഇറാനി ഹോട്ടല്‍ ഉടമകള്‍ ‘പാട്ടുയന്ത്രപ്പരിപാടി നിര്‍ത്തിവെച്ചതെന്നും പറയാവുന്നതാണ്.
മഹാനഗരത്തില്‍ ഇന്ന് നിലവിലുള്ള ഇത്തരം ഈറ്ററികള്‍ ഇപ്പോള്‍ അടച്ചുപൂട്ടലിന്റെ വക്കത്താണത്രെ. ബി. മെവാന്‍ ആന്റ് കമ്പനി (ഗ്രാന്റ് റോഡ്), മാട്ടുംഗ ഈസ്റ്റില്‍ വിലകൊണ്ട് ഒട്ടും കൂള്‍ അല്ലാത്ത കൂളര്‍ ഇറാനി റസ്റ്റോറന്റ്, ഫോര്‍ട്ട് ഏരിയയിലെ സൊരാഷ്ടിയന്‍ ബേക്കറി, ബായ്ക്കുള ബേക്കറി ആന്റ് റസ്റ്റോറന്റ് എന്നിവ മാത്രമാണ് ഇപ്പോള്‍ ഫുള്‍ സ്വിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഇറാനി ഹോട്ടലുകള്‍.
രാഗം തിയേറ്ററിന് തൊട്ടടുത്തുള്ള ചെമ്പോട്ടില്‍ ലെയ്‌നിലെ ‘ഭാരത് ഹോട്ടല്‍’ അവരുടെ സ്വാദിഷ്ഠമായ വിഭവങ്ങള്‍ നല്കി ഇപ്പോഴും കസ്റ്റമേഴ്‌സിനെ ഊട്ടുന്നുണ്ട്. അതിനടുത്തുള്ള ‘ഹോട്ടല്‍ അക്ഷയ’ വെജും നോണ്‍വെജും ഭക്ഷണങ്ങള്‍ തയ്യാറാക്കി നിങ്ങളെ കാത്തിരിക്കുന്നു.
പോസ്റ്റ് ഓഫീസ് റോഡിലെ ‘ഹോട്ടല്‍ ഡിലൈറ്റ്’ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനിഷേധ്യ നേതാവ് സഖാവ് അഴിക്കോടന്‍ രാഘവന്‍ കുത്തേറ്റ് മരിച്ചത് ഈ ഹോട്ടലിന് എതിര്‍ഭാഗത്താണ്.
അഴീക്കോടന്‍ രാഘവന്‍
ഒരു നെറികെട്ട രാഷ്ട്രീയപ്പകയുടെ കഥ പറയുന്ന അഴിക്കോടന്‍ വധം എന്റെ ഓര്‍മ്മയില്‍ തൃശൂരില്‍ അരങ്ങേറിയ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമാണ്. സ: അഴീക്കോടന്റെ രക്തം കട്ടപിടിച്ച് റോഡില്‍ കുറെ നാള്‍ ഉണ്ടായിരുന്നു, ആസൂത്രിതമായ രാഷ്ട്രീയ വഞ്ചനയുടെ കഥകള്‍ അതിനു പറയാനുള്ളതുപോലെ. അതോടെ ഹോട്ടല്‍ ഡിലൈറ്റിന് ഷട്ടറിട്ടു.
പി.ഒ. റോഡിലുണ്ടായിരുന്ന മറ്റൊരു ‘ഹോട്ടല്‍ ബിസ്മില്ല’ മട്ടണ്‍ ബിരിയാണി വെച്ചുവിളമ്പിയിരുന്ന എണ്ണംപറഞ്ഞ ഞങ്ങളുടെ പട്ടണത്തിലെ ആദ്യ ഹോട്ടലായി എന്റെ ഓര്‍മ്മയിലെത്തുന്നു. അജ്ഞാതമായ കാരണങ്ങളാല്‍ ആ ഈറ്ററിയും അടച്ചുപൂട്ടിയിരിക്കുന്നു. അവിടെ പുതിയൊരു വസ്ത്രവ്യാപാരക്കടയാണ് ഇപ്പോള്‍ വഴിപോക്കരെ ആകര്‍ഷിക്കുന്നത്.
സി.എം.എസ് ഹൈസ്‌കൂളിന് സമീപമുള്ള ‘ചന്ദ്രാ കേഫി’ലെ ദേശയും ബീഫും പുട്ടും അയലക്കറിയുമെല്ലാം ഇനി ഭക്ഷിക്കാനാകില്ല. ആ ഹോട്ടലും അടച്ചുപൂട്ടി. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ ‘ചന്ദ്ര’യില്‍ നിന്ന് ഉച്ചയ്‌ക്കെന്തെങ്കിലും കഴിക്കാന്‍ അമ്മ 8 അണ (50 പൈസ) തരും. ചന്ദ്രയില്‍ നിന്ന് ദോശ ഒന്നിനു 10 പൈസയും ചായക്ക് 15 പൈസയുമായിരുന്നു വില. വെയ്റ്റര്‍ ദിനേശന്‍ തീന്‍മേശയുടെ സമീപത്തെത്തിയാല്‍ ആദ്യമേ പറയും ”രണ്ട് ദോശ. ചായവേണ്ടാട്ടാ” എന്ന്. അതിന് കയ്യില്‍ കാശില്ലല്ലോ!
കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയിലെ ഹോട്ടലുകളും ചായക്കടകളും കുറേനാള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായി. ഗവ: ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം പാലിക്കേണ്ടതുണ്ടല്ലോ. ചിലവ പിന്‍വാതിലിലൂടെ ഭക്ഷണം നല്കുന്ന പരിപാടിയും നടത്തി നിയമം കാറ്റില്‍ പറത്തിയിട്ടുണ്ട്.
അങ്ങനെയാണ് ഓണ്‍ലൈന്‍ ഭക്ഷണ വ്യാപാരശൃംഖലയുടെ ആരംഭം. സമ്പന്നരും സാധാരണക്കാരും മൊബൈല്‍ ആപ്പുകള്‍ വഴി ഇഷ്ട ഹോട്ടലുകളില്‍ നിന്ന് ഇഷ്ടഭോജ്യങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നു. അല്‍പസമയത്തിനുള്ളില്‍ നിങ്ങളുടെ ഗേറ്റിനപ്പുറം മോട്ടോര്‍ സൈക്കിളില്‍ സ്വിഗി, സൊമാറ്റോ കമ്പനികളുടെ ഡെലിവറി ചേട്ടന്‍മാര്‍ വന്നു ഹോണടിക്കുകയായി.
ഒരു പ്രത്യേക തൊഴില്‍മേഖല തന്നെ ഇതോടെ കേരളത്തിലും അന്യ സംസ്ഥാനങ്ങളിലും സംജാതമായി. ഡെലിവറിക്കാരില്‍ കോളേജ് വിദ്യാര്‍ത്ഥികളും തെക്കുവടക്കു നടന്നിരുന്ന, ഗതികിട്ടാത്ത ചെറുപ്പക്കാരും ഉള്‍പ്പെട്ടിരുന്നു. അവര്‍ക്കും നാല് കാശ് കയ്യില്‍ വരട്ടെ! ജീവിതം അല്പം സുന്ദരമാകട്ടെ.
‘ദം ബിരിയാണി’യും കെ.എഫ്.സി ചിക്കനും തന്തൂരി റൊട്ടിയും സമാനമായ വിലയേറിയ ഭക്ഷ്യപദാര്‍ത്ഥങ്ങളും ഡെലിവറി ചെയ്യുന്ന ഈ ചേട്ടന്‍മാര്‍ സാധരണ ഹോട്ടലിലെ ചായയും ഉഴുന്നുവടയും മറ്റും കഴിക്കാറുള്ളത് പലകുറി കണ്ടിട്ടുണ്ട്. ചിലര്‍ വീട്ടില്‍ നിന്നുള്ള പാഥേയം (പൊതിച്ചോറ്) മാത്രമേ കഴിക്കൂ. അവരുടെ കീശ അതിനേ അനുവദിക്കൂ എന്നാണ് സത്യം.
ഹോട്ടല്‍ തൊഴില്‍ മേഖലയില്‍ ഇ.എസ്.ഐ, പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവയുടെ പരിരക്ഷ നല്കാന്‍ സന്മനസ്സുള്ള ഹോട്ടലുടമകള്‍ വിരളമാണോ? പല ദിശകളിലേക്കും ഈ അന്വേഷണം ചെന്നെത്തുന്നു. മുതലാളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയമാണ് ജീവനക്കാരന്റെ തൊഴിലുറപ്പ്. തൊഴിലാളിയ്ക്കും ഹോട്ടലുടമയ്ക്കും സ്വന്തമായി യൂണിയനുകളുണ്ട്. എന്നാല്‍ ആവശ്യമുള്ളപ്പോള്‍ തൊഴിലാളി സംഘടനകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലായെന്ന പരാതികളും ഈ അന്വേഷണത്തില്‍ കേട്ടു.
ഹോട്ടല്‍ ജോലിയിലൂടെ സുസ്ഥിരവരുമാനവും കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ ധാരാളമുണ്ട്. അവരെല്ലാം ഹോട്ടല്‍ അടുക്കളകളില്‍ തകര്‍പ്പന്‍ സ്‌പെഷല്‍ ഭക്ഷണം പാചകം ചെയ്യുന്ന ‘കുശിനി വിദ്വാന്‍’മാരാണ്. ഉപ്പുമാ സ്‌പെഷലിസ്റ്റ് വിക്രം, ദോശ മാഷ് കുമാര്‍, ദം ബിരിയാണി സ്‌പെഷലിസ്റ്റ് കണ്ണന്‍ തുടങ്ങിയവര്‍ ‘സ്‌പെഷല്‍ ജീവനക്കാര്‍’ എന്റെ പരിചയക്കാരാണ്.
സ്‌പെഷല്‍ ഐറ്റമാണ് ഇത്തരം തൊഴിലാളികളുടെ തുരുപ്പ് ചീട്ട്. അവര്‍ക്ക് ആ പ്രത്യേക അന്തരീക്ഷം ‘പിടിക്കുന്നില്ലാ’യെങ്കില്‍ സ്‌പെഷല്‍ പാചകമെന്ന തുറുപ്പ് ഗുലാന്‍ ചീട്ടുകൊണ്ട് വെട്ടിമലര്‍ത്തി കളി നിര്‍ത്തും. ആ ഹോട്ടല്‍പ്പണി അവര്‍ ഉപേക്ഷിച്ചേക്കാം. അപ്പോള്‍ ഹോട്ടലുടമ താല്‍ക്കാലികയമായി വട്ടംതിരിയും, അടുത്ത കുക്കിങ്ങ് എക്‌സ്‌പേര്‍ട്ടിനെ കണ്ടെത്തുംവരെ.
അഹമ്മദ്ക്കായെ പോലെ ചായമാഷായും പലഹാരമുണ്ടാക്കുന്നതില്‍ സ്‌പെഷലിസ്റ്റായും ഹോട്ടലുടമയുടെ വേഷമണിഞ്ഞ് ക്യാഷിയറായും ത്രിബിള്‍ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റോളിലുള്ള ജോലികള്‍ ചെയ്യുന്നവര്‍ക്കേ ഈറ്ററികള്‍ ലാഭകരമാകൂ.
‘ചായമാഷ് പോയാല്‍, ദോശചുടുന്ന ആശാന്‍ ലീവെടുത്താലും ചിലപ്പോള്‍ കടപൂട്ടേണ്ട അവസ്ഥ തന്നെ ചിലര്‍ക്ക് വന്നേക്കാം. അതുകൊണ്ട് പണിക്കാരനില്ലെങ്കില്‍ മുണ്ടിനുമേല്‍ തോര്‍ത്തുചുറ്റി ചായ അടിച്ചും ദോശചുട്ടും മേശ തുടച്ചുമൊക്കെയുള്ള ഓള്‍ റൗണ്ടറുടെ പണിയെടുക്കുന്ന ഹോട്ടലുടമയ്‌ക്കേ ചായക്കടകള്‍ ലാഭകരമാക്കാനാകൂ,’ എന്റെ സുഹൃത്ത് ശ്രീധര്‍ പൂജാരി പറയുന്നു, ഈ കക്ഷി മംഗലാപുരം സ്വദേശിയും കുറേക്കാലം ഹോട്ടല്‍ ജീവനക്കാരനുമായിരുന്നു. ഇപ്പോള്‍ ബോംബെയില്‍ സ്വസ്തജീവിതം നയിക്കുന്നു.
ബിജു ചെറിയാന്‍ എന്ന ചെറുപ്പക്കാരന്‍ ഇന്നത്തെ ഹോട്ടലുടമ വയനാട്ടിലെ കല്‍പറ്റയില്‍ കാപ്പികൃഷി ചെയ്ത് മാന്യമായി വരുമാനമുണ്ടാക്കി ജീവിച്ചുപോന്ന കുടംബാംഗമാണ്. ഇപ്പോള്‍ 35-40 വയസ്സ് പ്രായമുള്ള ബിജു വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ്. വയനാട്ടില്‍ത്തന്നെ അദ്ദേഹത്തിന് മുപ്പതു പറ നെല്ല് വിതയ്ക്കുന്ന നെല്‍വയലും ബാക്കി രണ്ടേക്കറില്‍ പച്ചക്കറികളും കാപ്പിയും കൃഷി ചെയ്തു പോന്നു.
എന്നാല്‍ കോവിഡ് – 19 വ്യാപനത്തോടെ കാപ്പിയുടേയും മറ്റ് കൃഷി ഉല്പന്നങ്ങളുടേയും വിലയിടിഞ്ഞു. വിനോദിന്റെ കുടുംബത്തിന്റെ നട്ടെല്ല് തന്നെയും തകര്‍ക്കുന്നതിന് സമാനമായിരുന്നു ആ വിലയിടിവ്. ചാക്കുകണക്കിന് കാപ്പിക്കുരു വിറ്റുപോകാതെ പൂപ്പല്‍ പിടിച്ചു അദ്ദേഹത്തിന്റെ കയ്യാലയില്‍ കെട്ടിക്കിടന്ന് ഉപയോഗശൂന്യമായി.
എസ്.എസ്.എല്‍.സി പാസ്സായ വിനോദിന് പരമ്പരാഗതമായി സിദ്ധിച്ച കാപ്പികൃഷിയും കന്നുകാലി പരിപാലനവും മാത്രമേ കൈപ്പിടിയിലൊതുങ്ങൂ. മറ്റു ജോലികള്‍ക്ക് ‘വശത’ വേണമെന്ന് ബിജു പറയുന്നു.
കപ്പും ക്യാഷ് അവാര്‍ഡുകളും നേടിയ റപ്പായി ചേട്ടന്‍ പട്ടിണിപ്പാവങ്ങളുടെ പ്രതിനിധിയാണെന്ന് ഞാന്‍ കരുതുന്നു
ജീവിതമാര്‍ഗ്ഗം തേടി അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പാണ് അയാള്‍ തൃശൂര്‍ പട്ടണത്തിലെത്തിയത്.
അയാളുടെ വാമഭാഗം മറിയാമ്മയുടെ കുടുംബം വയനാട് കര്‍ണാടക അതിര്‍ത്തി പ്രദേശമായ ചിക്കമഗ്‌ളൂര്‍ റോഡിന് സമീപം ഹോട്ടല്‍ നടത്തിയിരുന്നു.
ഭാര്യാവീട്ടുകാരുടെ അനുഗ്രഹാശിസ്സുകളോടെ വിനോദ് ദമ്പതികള്‍ ഈ പട്ടണത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചെറിയ ചായക്കട ഏറ്റെടുത്തു. മോശമല്ലാത്ത കൈപുണ്യമുള്ള മറിയാമ്മയുടെ പലഹാരങ്ങള്‍ പരിസരവാദികള്‍ക്ക് ഇഷ്ടപ്പെട്ടു. അധ്വാനശീലനായ ബിജു അങ്ങനെ തൃശൂര്‍ പട്ടണത്തില്‍ ഉപജീവനമാര്‍ഗ്ഗം കണ്ടെത്തി.
മൂന്നുമക്കളുമൊത്ത് ചായക്കടയുടെ സമീപമായുള്ള വാടകവീട്ടിലാണ് അവര്‍ ഇപ്പോള്‍ താമസം. കച്ചവടം പച്ചപിടിക്കുമ്പോള്‍ വാടക കുത്തനെ കൂട്ടുന്നവരാണ് പൊതുവെ കടയുടമസ്ഥര്‍ എന്ന് ബിജു ആവലാതിപ്പെടുന്നു. കുക്കിംഗ് ഗ്യാസിന്റെ വില, ബീഫ്, കോഴി ഇറച്ചി, പച്ചക്കറി വിലയുടെ കുതിച്ചുകയറ്റം. അപര്യാപ്തമായ ഇതര സൗകര്യങ്ങളും ഈ ഹോട്ടലുടമയെ വലയ്ക്കുന്നുണ്ടത്രെ.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗാസ്‌ട്രോ എന്‍ട്രോളജി വിഭാഗം ആരംഭിച്ചതും വളരെക്കാലം അതിന്റെ തലവനായി പ്രവര്‍ത്തിച്ച വ്യക്തിയുമായ ഡോ. വി. ബാലകൃഷ്ണന്‍ തൃശൂര്‍ പാട്ടുരായ്ക്കല്‍ നിവാസിയായിരുന്നു.
അദ്ദേഹത്തിന്റെ ആത്മകഥാംശമുള്ള ഇംഗ്ലീഷ് പുസ്തകമാണ് ‘A PASSION NAMED LIFE’ . ഈ പുസ്തകത്തിന്റെ മലയാള വിവര്‍ത്തനത്തിന് ഡോ. ബി ഉമാദത്തന്‍ നല്കിയ പേരാണ് ‘ജഠരാഗ്നി ജ്വാലകള്‍’. ഈ പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടാതെ വിശപ്പിന്റെ, ജഠരത്തിന്റെ അഗ്നിജ്വാലകള്‍ നിരന്തരം ഉയര്‍ന്നു പൊങ്ങുന്ന തൃശൂരിലെ ഒരു പാവം റപ്പായി ചേട്ടനെ ഇവിടെ പരിചയപ്പെടുത്തുന്നു.
A PASSION NAMED LIFE / ഡോ. വി. ബാലകൃഷ്ണന്‍ / ജഠരാഗ്നി ജ്വാലകള്‍
‘തീറ്ററപ്പായി’ എന്ന് പൊതുവെ അറിയപ്പെടുന്ന റാഫേല്‍ സാധാരണക്കാരുടെ കുടുംബത്തില്‍ ജനിച്ചുവളര്‍ന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഭക്ഷണത്തോട് അമിതമായ ആര്‍ത്തി അവനെ ചെറുപ്പം മുതല്‍ വിഴുങ്ങിക്കൊണ്ടിരുന്നു.
”പഠിച്ച് പത്രാസായി നടക്കുന്നതിന് പകരം, പണിചെയ്ത് വയറുനിറയ്ക്കാന്‍ നോക്കടാ” എന്ന വീട്ടുകാരുടെ നിരന്തരമായ മന്ത്രോച്ചാരണത്തോടെ സ്‌കൂള്‍പ്പോക്കിന് എന്നന്നേയ്ക്കുമായി ‘സുല്ല്’ പറഞ്ഞ് റാഫേല്‍ എന്ന റപ്പായി ജീവിതകളരിയിലേയ്ക്കിറങ്ങി.
കിട്ടുന്ന ജോലികള്‍ ചെയ്തു. വയറു നിറയെ തിന്നു. പക്ഷെ ഒരിക്കലും കെട്ടടങ്ങാത്ത അതിമോഹങ്ങള്‍ പോലെ റപ്പായിയുടെ വിശപ്പിന് ശമനമുണ്ടായില്ല. തൃശൂര്‍ മാര്‍ക്കറ്റില്‍ തള്ളുവണ്ടി വലിക്കുക മുതല്‍ സമ്പന്ന വീടുകളില്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ ജോലികള്‍ വരെ ചെയ്ത് ഈ കക്ഷി ജീവിച്ചു.
ആയിടെ പല സോഷ്യല്‍ ക്ലബുകള്‍, വായനശാലകള്‍ തുടങ്ങിയവ ‘തീറ്റമത്സരം’ സംഘടിപ്പിക്കുന്ന ഒരു കാലമുണ്ടായിരുന്നു. തീറ്റി ആഘോഷിക്കുന്നത് മത്സരങ്ങളാക്കി അവയില്‍ പങ്കെടുക്കുന്ന റപ്പായി ഇരുന്ന ഇരുപ്പില്‍ എണ്‍പത് മുതല്‍ തൊണ്ണൂറ് ഇഡ്ഡലിയും ഒരു ബക്കറ്റ് ചായയും, പത്തമ്പത് നേന്ത്രപ്പഴവും തിന്ന് എപ്പോഴും ഇത്തരം മത്സരങ്ങളില്‍ കപ്പടിച്ചു.
തീറ്ററപ്പായി
കേരളത്തിലങ്ങോളമുള്ള വിവിധ സംഘടനകളുടെയോ രാഷ്ട്രീയപ്പാര്‍ട്ടികളുടെയോ കൊടിയുടെ നിറം നോക്കാതെ അവര്‍ ആഘോഷമാക്കാറുള്ള തീറ്റ മത്സരങ്ങളില്‍ റപ്പായി ക്ഷണിക്കപ്പെട്ടു. ചിലപ്പോള്‍ ക്ഷണിക്കപ്പെടാതെയും പങ്കുചേര്‍ന്ന് തിന്നു വിശപ്പടക്കി.
കല്യാണസദ്യകളിലുമെത്തി വയറു നിറയെ ഭക്ഷണം തരമാക്കി. കപ്പും ക്യാഷ് അവാര്‍ഡുകളും നേടിയ റപ്പായി ചേട്ടന്‍ പട്ടിണിപ്പാവങ്ങളുടെ പ്രതിനിധിയാണെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ഞങ്ങളുടെ നാട്ടിലെ തീറ്റ റപ്പായി ഇന്നില്ല. അദ്ദേഹത്തിന്റെ ഫോട്ടോ പ്രിന്റ് ചെയ്ത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തൃശൂര്‍ എരിഞ്ഞേരി അങ്ങാടി പരിസരങ്ങളിലെ വെള്ളേപ്പത്തെരുവില്‍ കാണാം. റപ്പായി ചേട്ടന്റെ കഥകള്‍ വിവരിക്കാന്‍ ഹോട്ടല്‍ അരുണിമയേയോ മൊണാലിസ സ്റ്റുഡിയോ ജനാര്‍ദ്ദനനെയോ സമീപിക്കുക.
അനുബന്ധമായി ഒരു സംഭവം കൂടെ പറയാം, എന്റെ മകള്‍ (രേഷ്മ) അന്ന് നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. അവള്‍ പഠിക്കുന്ന കോണ്‍വെന്റ് സ്‌കൂള്‍ അല്പം ദൂരെയാണ്. ഷര്‍ട്ടും ട്രൗസറും ധരിച്ച് തുണിസഞ്ചിയും പേറി വഴിനീളെ മാവിന് കല്ലെറിഞ്ഞും അന്യരുടെ മതില്‍ ചാടിക്കടന്ന പൂക്കള്‍ പൊട്ടിച്ചുമുള്ള ആദ്യത്തെ കാല സ്‌കൂള്‍ സഞ്ചാര പരിപാടി ഇന്ന് ഇല്ല. പകരം ഓട്ടോറിക്ഷയിലോ കാറുകളിലോ ആണ് കുട്ടികളുടെ സ്‌കൂളിലേക്കുള്ള പ്രയാണം.
മകള്‍ക്ക് ഉറക്കം അല്പം കൂടുതലുള്ള കൂട്ടത്തിലാണ്. വീടിന്നരികെ അംബാസിഡര്‍ കാര്‍ നിര്‍ത്തി കുട്ടികളെ കയറ്റിപോകുന്ന കാര്‍ ഉടമ കം ഡ്രൈവര്‍ ഗോപി (ഗോപിച്ചേട്ടന്‍) അന്ന് തുരുതുരായെന്ന് ഹോണടിച്ചു.
ബദ്ധപ്പെട്ട് സഞ്ചിയും വലിച്ചോടിച്ചെന്ന രേഷ്മയോട് ഗോപി ദേഷ്യപ്പെട്ടു. ”നീ എന്തൂട്ടാടി ചെയ്‌തേര്‍ന്നേ?” ”ഞാന്‍ കാപ്പി കുടിക്യായിരുന്നു” രേഷ്മ സത്യം പറഞ്ഞു. ”ഇത്ര നേരാ. അതിന് നീയെന്താ തീറ്ററപ്പായ്യ്യാ?” എന്ന് ഗോപി. തീറ്റ റപ്പായി അഥവാ റാഫേല്‍ എന്ന ഒരാളുടെ പ്രത്യേക വിശപ്പാണ് ഇവിടെ പരാമര്‍ശിക്കപ്പെട്ടതെങ്കില്‍, വിശന്നുപൊരിയുന്നവരെ എങ്ങിനെ നാം ആശ്വസിപ്പിക്കുമെന്ന ചോദ്യം ബാക്കി.
കഴിക്കുന്ന ഭക്ഷണസാധനങ്ങളുടെ ബില്ല് നല്കുന്ന പരിപാടി പൊതുവെ ഉണ്ടെങ്കിലും ഇതിനെ ‘പറ്റ്’ എന്നാണ് പറയുക. പണപ്പെട്ടിയും മുമ്പില്‍വെച്ച്, ചിലപ്പോള്‍ പത്രം നോക്കുന്ന, അല്ലെങ്കില്‍ മൊബൈലില്‍ ‘ടിക്‌ടോക്’ വര്‍ത്താനം കാണുന്ന കാഷിയറോട് വെയ്റ്റര്‍മാര്‍ വിളിച്ചുപറയുന്നതിലും ചില രസികന്‍ സംഗതികളുണ്ട്. ”ജോസേട്ടന്റെ പറ്റ് നാല്പത്തിരണ്ട് കാ, പത്തന്‍ സ്വാമി രൂപ ഇരുപത്തിനാല്. പിന്നിലുള്ള കരടിവാസു – ചായ പന്ത്രണ്ട്” എന്നിങ്ങനെയാണ് ‘പറ്റു’ പറയുന്ന രീതി.
കാഷ് കൗണ്ടറിലെ മാന്യന്‍ ചോദിക്കുന്നു ”ഇന്നെന്ത് പറ്റി?” ഇന്ന് എന്താണ് കഴിച്ചത് എന്നാണതിന്റെ ഫുള്‍ അര്‍ത്ഥം. അല്ലാതെ ഇന്നെന്തു പറ്റിപ്പോയി മാഷേ എന്ന് അര്‍ത്ഥമാക്കേണ്ടതില്ല.
”രണ്ട് ചായ, അതിലൊന്ന് ലേയ്റ്റ്”
”രണ്ട് ആംപ്ലെയ്റ്റ് ലൈനില്‍ക്ക്”
നെയ്‌റോസ്റ്റ്, അധികം മൊരീക്കാണ്ട്.” ഇത്തരം വിളിച്ചു പറയലുകള്‍ ചെറുകിട ഹോട്ടലുകളില്‍ എപ്പോഴും കേള്‍ക്കാം.
‘ലേയ്റ്റ്’ എന്നാല്‍ ലൈറ്റ് ചായയെന്നും ആംപ്ലെയ്റ്റ് – ഓംലെറ്റുമാണെന്ന് നിങ്ങള്‍ക്കും ഊഹിക്കാം.
എം.ഡി. (മസാല ദോശ), ജി.ഡി. (ഗീ ദോശ), വി.സി. (വെജ് കട്‌ലെറ്റ്), ബി.സി (ബീഫ് കട്‌ലെറ്റ്) എന്നിങ്ങനെ കോഡുഭാഷകളിലാണ് വെയ്റ്റര്‍മാര്‍ കാര്യങ്ങള്‍ ഒതുക്കുന്നത്. അവര്‍ ‘ബിസി’ ടൈപ്പുകളാകാം.
അന്യസംസ്ഥാനക്കാരും കേരളത്തിലെ ഹോട്ടലുകളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്കു പുറമേ ഭൂട്ടാന്‍, സിക്കിം, നേപ്പാളില്‍ നിന്നും തൊഴിലാളികള്‍ ഇവിടെയെത്തി ഷവര്‍മ്മ, ഖുബൂസ്, ദം ബിരിയാണ്, റുമാലി റോട്ടി തുടങ്ങിയവയുടെ നിര്‍മ്മിതിയില്‍ ഏര്‍പ്പെട്ട് നോണ്‍വെജ് ഹോട്ടലുകളുടെ പ്രശസ്തി വര്‍ദ്ധിപ്പിക്കുന്നു. പാലന്‍, ദേവേന്ദ്ര, മോട്ടുഭായ് എന്നിവര്‍ എന്റെ സുഹൃത്തുക്കളായ ഭൂട്ടാനികളാണ്.
സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച് വിജയം കണ്ട സംസ്ഥാനമാണ് കേരളം. കുടുംബശ്രീ കൂട്ടായ്മകളും ഹോട്ടലുകളും ഇത് സാക്ഷ്യപ്പെടുത്തുന്നു. സ്വകാര്യഹോട്ടലുകളില്‍ വിവിധതരത്തിലുള്ള ജോലികള്‍ ചെയ്തു ജീവിതം നയിക്കുന്ന അനേകം സ്ത്രീകളുമുണ്ട്.
ചന്ദ്രതാര, പെണ്ണഴകി, സുജാത, താമര, പാലക്കല്‍ മേരിക്കുട്ടി തുടങ്ങി ചിലര്‍ എന്റെ പരിചയക്കാരികളാണ്. രാവിലെ 8 മുതല്‍ വൈകീട്ട് ആറു വരെയാണ് ജോലി സമയം. ശനിയാഴ്ചകളിലാണ് ഹോട്ടല്‍ ജോലിക്കാരുടെ കൂലി ‘സെറ്റില്‍’ ചെയ്യുകയെന്ന് ചന്ദ്രതാര പറഞ്ഞു.
കെ.സി. ജോസ്
താല്ക്കാലികമായി ഈ അന്വേഷണത്തിന് വിരാമമിടുന്നു. ഇപ്പോള്‍ എനിക്കൊരു കട്ടിംഗ് ചായ കുടിക്കാതെ വയ്യ. ഞാന്‍ പാട്ടുരായ്ക്കലിലെ നന്ദന്റെ ഹോട്ടലിലേക്ക് കയറി. സുരേഷ് വിളിച്ചു പറഞ്ഞു. ”ജോസേട്ടന് സ്‌പെഷല്‍ ചായ, ലേയ്റ്റ്!” സംഗതി ശുഭം!
content highlights: Chaya Makkani and star hotels; Hotel history of Thrissur