റായ്പൂര്‍: മലയാളി കന്യാസ്ത്രീകളേയും കോണ്‍ഗ്രസിനേയും പരിഹസിക്കുന്ന കാര്‍ട്ടൂണുമായി ചത്തീസ്ഗഡ് ബി.ജെ.പി.
കന്യാസ്ത്രീകളുടെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ മതപരിവര്‍ത്തനത്തിലും മനുഷ്യക്കടത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് ചത്തീസ്ഗഡ് ബി.ജെ.പിയുടെ കാര്‍ട്ടൂണ്‍.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും കന്യാസ്ത്രീകളുടെ കാലില്‍ വീഴുന്ന രീതിയിലുള്ള കാര്‍ട്ടൂണായിരുന്നു ബി.ജെ.പി അവരുടെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചത്.
കന്യാസ്ത്രീകള്‍ ഒരു ആദിവാസി പെണ്‍കുട്ടിയുടെ കഴുത്തില്‍ ‘മത പരിവര്‍ത്തനം’ എന്നും ‘മനുഷ്യക്കടത്ത്’ എന്നും ലേബല്‍ ചെയ്ത ഒരു ചരട് കുരുക്കിയിരിക്കുന്നതായിട്ടായിരുന്നു കാര്‍ട്ടൂണ്‍ ചിത്രീകരിച്ചത്.
‘കോണ്‍ഗ്രസ് പാര്‍ട്ടി മത പരിവര്‍ത്തനത്തെയും മനുഷ്യക്കടത്തുകാരെയും പിന്തുണയ്ക്കുന്നു’ എന്നായിരുന്നു അടിക്കുറിപ്പ്.
എന്നാല്‍ വിഷയത്തില്‍ ചത്തീസ്ഗഡ് ബി.ജെ.പിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. ബി.ജെ.പി മുതലക്കണ്ണീര്‍ ഒഴുക്കരുതെന്നായിരുന്നു സി.പി.ഐ എക്സില്‍ കുറിച്ചു.
ബി.ജെ.പിയുടെ കാപട്യം എല്ലാവര്‍ക്കും മനസ്സിലായെന്നും ഇതാണ് നിങ്ങളുടെ പാര്‍ട്ടി എന്നും സി.പി.ഐ വിമര്‍ശിച്ചു. ഇതിന് പിന്നാലെ ചത്തീസ്ഗഡ് ബി.ജെ.പി പോസ്റ്റ് പിന്‍വലിച്ചു.
ബി.ജെ.പിയുടെ പോസ്റ്റ് കേരളത്തിലെയും ചത്തീസ്ഗഢിലെയും പാര്‍ട്ടിയുടെ പരസ്പരവിരുദ്ധമായ നിലപാടുകളെയാണ് കാണിക്കുന്നതെന്ന വിമര്‍ശനം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
കന്യാസ്ത്രീകളെ സംരക്ഷിക്കുന്ന കോണ്‍ഗ്രസിനെ ചത്തീസ്ഗഢ് ബി.ജെ.പി കുറ്റപ്പെടുത്തുമ്പോള്‍ കന്യാസ്ത്രീകളുടെ അറസ്റ്റിനെ അപലപിക്കുന്ന നിലപാടായിരുന്നു കേരളത്തിലെ ബി.ജെ.പി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചത്.
മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും നടന്നിട്ടുണ്ടെന്ന ഉറച്ച നിലപാടായിരുന്നു തുടക്കം മുതല്‍ ചത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് സ്വീകരിച്ചത്.
അതേസമയം 9 ദിവസത്തെ ജയില്‍വാസത്തിന് ശേഷം കന്യാസ്ത്രീകള്‍ക്ക് ഇന്ന് എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്.
Content Highlight: Chattisgarh BJP Cartoon Mocks Congress and Nuns