| Saturday, 17th January 2026, 8:20 am

തൃശൂർ പൂരം എലമെന്റുകൾ WWF കോസ്റ്റ്യൂമിൽ; ‘ലോക’യ്ക്ക് ശേഷം ഏറെ പണിയെടുത്ത ചിത്രം ‘ചത്താ പച്ച’: മെൽവി ജെ

നന്ദന എം.സി

സിനിമയിലെ കഥാപാത്രങ്ങളെ പോലെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്ന ഘടകമാണ് അവരുടെ കോസ്റ്റ്യൂം ഡിസൈൻ. മലയാള സിനിമയിലെ മുൻനിര കോസ്റ്റ്യൂം ഡിസൈനർമാരിൽ ഒരാളായി ഇന്ന് മെൽവി.ജെ മാറിക്കഴിഞ്ഞു. ഒരു കഥാപാത്രത്തെ അതിന്റെ പൂർണതയിൽ എത്തിക്കാൻ കോസ്റ്റ്യൂം ഡിസൈനറുടെ പങ്ക് നിർണായകമാണെന്നതിന്റെ തെളിവുകളാണ് മെൽവിന്റെ സിനിമകൾ.

‘ലോക:, Photo: YouTube/ Screen grab

കഴിഞ്ഞ വർഷം ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിൽ ഒന്നായിരുന്നു ‘ലോക:’ എന്ന ചിത്രത്തിലെ നീലി. കല്യാണി പ്രിയദർശൻ അവതരിപ്പിച്ച ചന്ദ്ര എന്ന കഥാപാത്രത്തിന് ഗോത്തിക് സ്റ്റൈലിൽ ഒരുക്കിയ ബ്ലാക്ക്–റെഡ് കോമ്പിനേഷൻ മലയാളി പ്രേക്ഷകരെ ആ കഥാപാത്രത്തിലേക്ക് കൂടുതൽ ആകർഷിച്ചു.

‘ഭ്രമയുഗം’, ‘മിന്നൽ മുരളി’, ‘ലോക:’ ‘ചാവേർ’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം തന്റേതായ വ്യത്യസ്തത കൊണ്ടുവരാൻ മെൽവിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അർജുൻ അശോകൻ നായകനായെത്തുന്ന ‘ചാത്താ പച്ച’യിലും മെൽവിന്റെ സാന്നിധ്യം ശക്തമായി നിറഞ്ഞുനിൽക്കുകയാണ്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിലും പ്രേക്ഷകർ ഏറ്റവുമധികം ചർച്ച ചെയ്ത ഘടകങ്ങളിൽ ഒന്നായിരുന്നു ഓരോ കഥാപാത്രങ്ങളുടെയും കോസ്റ്റ്യൂം. മലയാള സിനിമയിൽ ആദ്യമായി മുഴുനീള WWF സ്റ്റൈൽ ആക്ഷൻ കോമഡിയായി ഒരുങ്ങുന്ന ‘ചാത്താ പച്ച’യുടെ കോസ്റ്റ്യൂം ഡിസൈൻ കൈകാര്യം ചെയ്യുന്നതും മെൽവി. ജെ തന്നെയാണ്.

അർജുൻ അശോകൻ , Photo: YouTube/ Screen grab

അർജുൻ അശോകൻ അവതരിപ്പിക്കുന്ന ‘ലോക്കോ ലോബോ’ എന്ന കഥാപാത്രത്തിന്റെ ഡ്രെസ്സിങ്ങിൽ തന്റേതായ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ടെന്ന് പറയുകയാണ് മെൽവി. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങൾക്കും ഹിഡനായി ഒരു മലയാളി ഷെയ്ഡ് കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. ‘ലോക’യ്ക്ക് ശേഷം എനിക്ക് ഏറ്റവും ഇൻട്രസ്റ്റിങ്ങായി തോന്നിയതും അത്യാവശ്യം പണി എടുത്തതുമായ ചിത്രം ‘ചാത്താ പച്ച’യാണ്. WWF ഫാൻ ആയതുകൊണ്ട് അതിന്റെ ഇൻഫ്ലുവൻസ് കഥാപാത്രങ്ങളുടെ വസ്ത്രങ്ങളിൽ കൊണ്ടുവന്നിട്ടുണ്ട്. അർജുന്റെ കഥാപാത്രത്തിന് തൃശൂർ പൂരത്തിന്റെ എലമെന്റുകൾ WWF കോസ്റ്റ്യൂമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി കോസ്റ്റ്യൂമിൽ ഒരു ആനയുടെ ചിത്രം പോലും നൽകിയിട്ടുണ്ട്,’ മെൽവിൻ പറഞ്ഞു.

അർജുൻ അശോകൻ , Photo: YouTube/ Screen grab

‘ലോക’യ്ക്ക് ശേഷം താൻ കൂടുതൽ വെറൈറ്റിയായി പരീക്ഷണം നടത്തിയ ചിത്രമാണ് ‘ചാത്താ പച്ച’യെന്നും മെൽവി കൂട്ടിച്ചേർത്തു.
ചിത്രത്തിൽ അർജുൻ അശോകനൊപ്പം റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻദാസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. നവാഗതനായ അദ്വൈത് നായർ ആണ് ‘ചാത്താ പച്ച’ സംവിധാനം ചെയ്തിരിക്കുന്നത്.

Content Highlight: Chatha Pacha’s Costume  designer Melvin J talks about the movie

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more