| Thursday, 19th February 2026, 1:43 pm

വാള്‍ട്ടറിന് വീണ്ടും ഡബ്ബ് ചെയ്ത് മമ്മൂട്ടി; ചത്താ പച്ച ഇന്ന് മുതല്‍ ഒ.ടി.ടിയില്‍

അശ്വിന്‍ രാജേന്ദ്രന്‍

സമീപകാലത്ത് ഏറെ ഹൈപ്പിലെത്തിയ മലയാള ചിത്രമായിരുന്നു അദ്വൈത് നായര്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചത്താ പച്ച. ലോകപ്രശസ്തമായ റിങ് റെസ്‌ലിങ് ഷോയായ ഡബ്ല്യൂ.ഡബ്ല്യൂ. ഇയെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം അതിന്റെ സംഘട്ടന രംഗങ്ങളാലും മെയ്ക്കിങ്ങാലും വേറിട്ടുനിന്നിരുന്നു. തിയേറ്ററിലെ മികച്ച പ്രകടനത്തിന് ശേഷം ഇന്ന് ഫെബ്രുവരി 19 ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ചിത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലെ സിനിമാ പേജുകളില്‍ ഉയരുന്നത്.

ചത്താ പച്ച. Photo: Malayalam serials

ഇതില്‍ പ്രധാനപ്പെട്ടത് ചിത്രത്തില്‍ കാമിയോ വേഷത്തിലെത്തിയ മമ്മൂട്ടി അവതരിപ്പിച്ച വാള്‍ട്ടര്‍ വൈറ്റ് എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ്. ചത്താ പച്ചാ തിയേറ്ററില്‍ റിലീസായ ശേഷം ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ടത് വാള്‍ട്ടര്‍ വൈറ്റ് എന്ന കഥാപാത്രത്തിനായിരുന്നു. ക്ലൈമാക്‌സില്‍ മാസ് എന്‍ട്രിയായി വരുന്ന മമ്മൂക്കയുടെ കഥാപാത്രം പറയുന്ന ഡയലോഗുകള്‍ കേട്ടാണ് പലരും മൂക്കത്ത് വിരല്‍ വെച്ചത്.

തനത് കൊച്ചി സ്ലാങ്ങില്‍ സംസാരിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രം ചിത്രത്തിന് അതുവരെ ലഭിച്ച പഞ്ചെല്ലാം ആ ഒറ്റ ഡയലോഗിലൂടെ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കിയെന്നായിരുന്നു ആരാധകരുടെ പരാതി. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഗെറ്റപ്പിനും വിഗ്ഗിനുമെല്ലാം വലിയ ട്രോളുകള്‍ ലഭിച്ചിരുന്നു. ഇതിന് പുറമെ താരത്തിന്റെ മാനറിസങ്ങളെയും സിനിമാ ഗ്രൂപ്പുകള്‍ വെറുതെ വിട്ടിരുന്നില്ല.

ചിത്രത്തിന്റെ മേക്കിങിനും ആക്ഷന്‍ രംഗങ്ങള്‍ക്കും വലിയ പ്രശംസ ലഭിച്ചപ്പോള്‍ വാള്‍ട്ടര്‍ വൈറ്റിലൂടെ വലിയ തിരിച്ചടിയാണ് ചത്താ പച്ച ടീമിന് നേരിടേണ്ടി വന്നത്. വലിയ രീതിയില്‍ വിഷയം ചര്‍ച്ചയായതോടെ സിനിമയിലെ പല മികച്ച ആക്ഷന്‍ രംഗങ്ങളും അഭിനേതാക്കളുടെ കമ്മിറ്റ്‌മെന്റും ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയായിരുന്നു. ഇതിന് പരിഹാരമായി ഒ,ടി.ടിയിലെത്തിയപ്പോള്‍ മമ്മൂട്ടി വാള്‍ട്ടര്‍ വൈറ്റിനായി മാറ്റി ഡബ്ബ് ചെയ്ത വേര്‍ഷനാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഇതോടെ പഴയ വേര്‍ഷനും പുതിയ വേര്‍ഷനും തമ്മിലുള്ള വ്യത്യാസങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ചത്താ പച്ച. Photo: Badusha/ x.com

അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യൂ, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത്, സിദ്ധിഖ്, സായികുമാര്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഘട്ടനം നിര്‍വഹിച്ചത് കലൈ കിങസണ്‍ ആയിരുന്നു. ഇന്ത്യന്‍ സിനിമയില്‍ ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത കോസ്റ്റിയൂം ഗുസ്തിയെന്ന കണ്‍സെപ്റ്റ് മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ചിത്രം മലയാളത്തിലെ ആക്ഷന്‍ ചിത്രങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല.

Content Highlight: Chatha pacha movie with re dubbed version of mammootty’s character released on netflix

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more