| Saturday, 1st November 2025, 12:41 pm

പക്കാ പാന്‍ ഇന്ത്യന്‍, ഇടിക്കൂട്ടിലെ അലമ്പന്മാരായി അര്‍ജുന്‍ അശോകനും റോഷനും, ആശാനായി മമ്മൂട്ടി ഉണ്ടാകുമോ? ചത്താ പച്ച ടീസര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോളിവുഡില്‍ ഇനി പുറത്തിറങ്ങാനുള്ള വമ്പന്‍ സിനിമകളിലൊന്നായാണ് ചത്താ പച്ചയെ പലരും കണക്കാക്കുന്നത്. നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം ശ്രദ്ധേയമാകുന്നത് അതിന്റെ പ്രമേയം കൊണ്ടാണ്. 90’s കിഡ്‌സിന്റെ നൊസ്റ്റാള്‍ജിയയായ WWEയെ ആസ്പദമാക്കിയാണ് ചത്താ പച്ച ഒരുങ്ങുന്നത്.

ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. പാന്‍ ഇന്ത്യനെന്ന് കണ്ണും പൂട്ടി വിളിക്കാവുന്ന ചിത്രമാണ് ഇതെന്ന് ടീസര്‍ സൂചന നല്കുന്നു. നാട്ടില്‍ ചുമ്മാ അടിയും പിടിയുമായി നടക്കുന്ന ചെറുപ്പക്കാരും അവര്‍ തമ്മിലുള്ള മത്സരവുമാണ് സിനിമയുടെ പ്രമേയമെന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്. ക്യാമറക്ക് പിന്നില്‍ ഗംഭീര ടീമാണ് അണിനിരക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര സംഗീത സംവിധായകരായ ശങ്കര്‍- എഹ്‌സാന്‍- ലോയ് കോമ്പോയാണ് ചത്താ പച്ചയുടെ സംഗീതം. ഇതാദ്യമായാണ് ഈ കോമ്പോ മലയാളത്തില്‍ ഒരു സിനിമക്കായി പ്രവര്‍ത്തിക്കുന്നത്. കിഷ്‌കിന്ധാ കാണ്ഡത്തിലൂടെ ഞെട്ടിച്ച മുജീബ് മജീദാണ് ചിത്രത്തിന്റെ ബി.ജി.എം കൈകാര്യം ചെയ്യുന്നത്.

പ്രേമം, ആനന്ദം, ഭീഷ്മ പര്‍വം എന്നീ സിനിമകള്‍ക്കായി ക്യാമറ ചലിപ്പിച്ച ആനന്ദ് സി. ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സ്‌പോര്‍ട്‌സ് ആക്ഷന്‍ ഴോണറിലൊരുങ്ങുന്ന സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ആക്ഷന്‍ രംഗങ്ങള്‍ തന്നെയാകും. മാര്‍ക്കോയിലൂടെ ഞെട്ടിച്ച കലൈ കിങ്‌സനാണ് ചത്താ പച്ചയുടെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

ചിത്രത്തില്‍ അതിഥിവേഷത്തില്‍ മമ്മൂട്ടി എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഏറെക്കുറെ ഉറപ്പായ ഈ വേഷം ചെയ്യാന്‍ മമ്മൂട്ടി ഈയാഴ്ച ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യും. ബോക്‌സിങ് ട്രെയ്‌നറായിട്ടാകും മമ്മൂട്ടി പ്രത്യക്ഷപ്പെടുകയെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കളങ്കാവലിന്റെ ഡബ്ബിങ്ങിലാണ് മമ്മൂട്ടി. നവംബര്‍ രണ്ടിനോ മൂന്നിനോയാകും താരം ചത്താ പച്ചയില്‍ ജോയിന്‍ ചെയ്യുക.

അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. റീല്‍ വേള്‍ഡ് എന്റര്‍ടൈന്മെന്റാണ് ചത്താ പച്ചയുടെ നിര്‍മാതാക്കള്‍. പാന്‍ ഇന്ത്യന്‍ റിലീസ് പ്ലാന്‍ ചെയ്യുന്ന ചിത്രത്തിന്റെ അന്യഭാഷാ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് വമ്പന്മാരാണ്. ധര്‍മ എന്റര്‍ടൈന്മെന്റ്‌സ്, മൈത്രി മൂവി മേക്കേഴ്‌സ്, വേഫറര്‍ ഫിലിംസ് എന്നിവരാണ് ചത്താ പച്ചയുടെ വിതരണക്കാര്‍. ടീ സീരീസാണ് ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്‌സ് നേടിയത്. 2026 ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Chatha Pacha movie teaser out now

We use cookies to give you the best possible experience. Learn more