| Wednesday, 28th January 2026, 10:59 pm

ഇക്കൊല്ലത്തെ ആദ്യത്തെ ഹിറ്റ് മട്ടാഞ്ചേരിയിലെ സാവിയും പിള്ളേരും തൂക്കിയിട്ടുണ്ടേ... ആദ്യ ആഴ്ചയില്‍ റെക്കോഡ് കളക്ഷനുമായി ചത്താ പച്ച

അമര്‍നാഥ് എം.

കഴിഞ്ഞവര്‍ഷം മികച്ച സിനിമകളിലൂടെ കേരളത്തിന് പുറത്ത് ചര്‍ച്ചയായ മോളിവുഡ് ഇക്കൊല്ലവും അത് ആവര്‍ത്തിക്കുമെന്നാണ് സിനിമാപ്രേമികള്‍ പ്രതീക്ഷിക്കുന്നത്. ഇന്‍ഡസ്ട്രിയുടെ യശസുയര്‍ത്തുന്ന തരത്തില്‍ ഒരുപിടി സിനിമകള്‍ അണിയറയിലൊരുങ്ങുന്നുണ്ട്. ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു ചത്താ പച്ച.

ഡബ്ല്യൂ. ഡബ്ല്യൂ. ഇയെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം ടെക്‌നിക്കല്‍ മികവ് കൊണ്ടും പ്രകടനങ്ങള്‍ കൊണ്ടും മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയത്. ആദ്യ ആഴ്ച കൊണ്ട് ഗംഭീര കളക്ഷന്‍ സ്വന്തമാക്കി 2026ലെ ആദ്യ ഹിറ്റായി ചത്താ പച്ച മാറി. റിലീസ് ചെയ്ത് ഏഴ് ദിവസം കൊണ്ട് ബോക്‌സ് ഓഫീസില്‍ നിന്ന് 30 കോടിക്കുമുകളില്‍ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു.

കേരളത്തില്‍ നിന്ന് മാത്രം 14.6 കോടിയാണ് ചിത്രം നേടിയത്. ഇതിനോടകം ബജറ്റിന്റെ ഇരട്ടിയിലേറെ സ്വന്തമാക്കിയ ചിത്രം സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. ഇതേ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ 2026ലെ ആദ്യത്തെ 50 കോടി ചിത്രമായി ചത്താ പച്ച മാറിയേക്കുമെന്നാണ് ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നത്. അര്‍ജുന്‍ അശോകന്റെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ചത്താ പച്ചയുടെ കുതിപ്പ്.

ഡബ്ല്യൂ. ഡബ്ല്യൂ. ഇയെ അനുകരിച്ച് കൊച്ചിയിലെ ഒരുകൂട്ടം യുവാക്കള്‍ അതേ രീതിയില്‍ റെസ്‌ലിങ് നടത്തുന്നതാണ് ചത്താ പച്ചയുടെ കഥ. വന്നവരും നിന്നവരും ഗംഭീര പെര്‍ഫോമന്‍സാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. റിലീസിന് മുമ്പ് ചിത്രത്തിന്റെ ഹൈപ്പ് ഉയര്‍ത്തിയതില്‍ പ്രധാന പങ്ക് വഹിച്ച മമ്മൂട്ടിയുടെ അതിഥിവേഷം ഒരു ഇംപാക്ടും ഉണ്ടാക്കിയില്ലെന്നും അഭിപ്രായമുണ്ട്.

ആദ്യസീന്‍ മുതല്‍ എല്ലാവരും ഹൈപ്പ് നല്‍കിയ വാള്‍ട്ടറിനെ സ്‌ക്രീനില്‍ കാണിച്ചപ്പോള്‍ ഹൈപ്പിനോട് നീതി പുലര്‍ത്തിയില്ലെന്നാണ് പ്രേക്ഷക പ്രതികരണം. അസുഖം ഭേദമായി വന്നശേഷം മമ്മൂട്ടി ആദ്യമായി ജോയിന്‍ ചെയ്ത ചിത്രമായതിനാല്‍ അതിന്റെ അവശതകള്‍ വാള്‍ട്ടറില്‍ പ്രകടമായിരുന്നെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍ എന്നിവരാണ് ചത്താ പച്ചയിലെ പ്രധാന താരങ്ങള്‍. കാര്‍മന്‍ എസ് മാത്യു, തെസ്‌നി ഖാന്‍, ഇഷാന്‍ ഷൗക്കത്ത് സിദ്ദിഖ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. കഥാപാത്രത്തിന് വേണ്ടി പ്രധാന താരങ്ങള്‍ നടത്തിയ ബോഡി ട്രാന്‍സ്‌ഫോര്‍മേഷനും വലിരീതിയില്‍ ചര്‍ച്ചയായി.

നവാഗതനായ അദ്വൈത് നായരാണ് ചിത്രം അണിയിച്ചൊരുക്കിയത്. ഷിഹാന്‍ ഷൗക്കത്ത്, റിതേഷ് രാമകൃഷ്ണന്‍ എന്നിവരാണ് ചിതം നിര്‍മിച്ചത്. ശങ്കര്‍- എഹ്‌സാന്‍- ലോയ് കോമ്പോ സംഗീതമൊരുക്കിയ ആദ്യ മലയാളചിത്രം കൂടിയാണ് ചത്താ പച്ച. ആനന്ദ് ചന്ദ്രന്റെ ഛായാഗ്രഹണവും കലൈ കിങ്‌സണിന്റെ ആക്ഷന്‍ കൊറിയോഗ്രഫിയും ചിത്രത്തെ ഗംഭീരമാക്കി.

Content Highlight: Chatha Pacha movie became the first hit of this year

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more