കണ്ട് പരിചയിച്ചിട്ടില്ലാത്ത കഥാപശ്ചാത്തലത്തില്‍ കഥ പറയാനൊരുങ്ങുകയാണ് അദ്വൈത് നായര്‍ സംവിധാനം ചെയ്ത് ജനുവരി 22ന് തിയേറ്ററുകളിലേക്കെത്തുന്ന ചത്താ പച്ച. സ്‌പോര്‍ട് ആക്ഷന്‍ എന്റര്‍ടെയിനറായ ഡബ്ല്യൂ.ഡബ്ല്യൂ.ഇയെ മട്ടാഞ്ചേരിയുമായി സമന്വയിപ്പിച്ച് കഥ പറയുന്ന ചിത്രത്തിന്റെ, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
Photo: screen grab/ Chatha Pacha Trailer/ youtube.com
ചിത്രത്തിന്റെ അവസാനത്തില്‍ പ്രത്യക്ഷപ്പെടുന്ന വാള്‍ട്ടര്‍ എന്ന കഥാപാത്രത്തെ സംബന്ധിച്ച് വലിയ ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്. വലിയ സസ്‌പെന്‍സോടെ എത്തുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂപ്പര്‍താരം മമ്മൂട്ടിയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സിനിമാ ഗ്രൂപ്പുകളില്‍ ഉയരുന്നുണ്ട്.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് മമ്മൂട്ടി സെറ്റിലുണ്ടായിരുന്നുവെന്നും, കഥാപാത്രത്തിന്റെ കൈയ്യിലുള്ളതും ഒരു സമയത്ത് മമ്മൂട്ടി ധരിച്ചിരുന്നതുമായ ചെയിനിലെ സാമ്യതയും താരതമ്യം ചെയ്താണ് വാള്‍ട്ടര്‍ മമ്മൂക്കയാണെന്ന അനുമാനത്തില്‍ ആരാധകര്‍ എത്തിച്ചര്‍ന്നത്.
അതേസമയം സംവിധായകനായ അദ്വൈതിനോട് റെസലിങ്ങിന്റെ കഥ പറയുന്ന ചിത്രത്തിലേക്ക് എന്തുകൊണ്ടാണ് മലയാളത്തിന്റെ സൂപ്പര്‍താരവും പഠനകാലത്ത് സ്റ്റേറ്റ് ഗുസ്തി ചാമ്പ്യനുമായ മോഹന്‍ലാലിനെ സമീപിച്ചില്ലെന്ന രസകരമായ ചോദ്യവുമായി എത്തിയിരിക്കുകയാണ് അവതാരിക. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാത്രഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംഭവം.
മോഹന്‍ലാലിന്റെ ബന്ധുവായ അദ്വൈത് നായരുടെ ആദ്യസംവിധാന സംരംഭമാണ് ചത്താ പച്ച. തന്റെ എല്ലാ പ്രൊജക്ടുകളും ആദ്യം തന്നെ മോഹന്‍ലാലുമായി പങ്കുവെക്കാറുണ്ടെന്നും ചത്താ പച്ചയുടെ ആദ്യത്തെ വേര്‍ഷന്‍ അദ്ദേഹവുമായി പങ്കുവെച്ചിരുന്നുവെന്നും അദ്വൈത് പറയുന്നു. മാമന്‍ എന്നതിലുപരി തന്റെ ഗുരുവാണ് മോഹന്‍ലാലെന്നും ചത്താ പച്ചക്ക് വേണ്ടി ഒരുപാട് ഫീഡ്ബാക്കുകള്‍ നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അദ്വൈത് നായര്‍. Photo: screen grab/ Mathrubhumi/ youtube.com
വലിയ ആവേശത്തോടെയാണ് ചത്താ പച്ചയുടെ ടീസര്‍ അദ്ദേഹം കണ്ടതെന്നും പലര്‍ക്കും തന്റെ പുതിയ ചിത്രത്തിന്റെ ടീസറാണെന്ന് പറഞ്ഞ് കാണിച്ചു കൊടുത്തപ്പോള്‍ സന്തോഷം തോന്നിയെന്നും സംവിധായകന്‍ പറഞ്ഞു. മറ്റൊരു ചിത്രം അദ്ദേഹത്തെ വെച്ച് തനിക്ക് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ചോദ്യത്തിനുള്ള മറുപടിയായി അദ്വൈത് പറയുന്നു.
അര്‍ജുന്‍ അശോകന്‍, വിശാഖ് നായര്‍, റോഷന്‍ മാത്യൂ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രസിദ്ധ സംഗീതജ്ഞരായ ശങ്കര്‍-ഇഹ്‌സാന്‍-ലോയി കോംബോയാണ്.
Content Highlight: Chatha Pacha Director Adwaith Nayar talks about why he didn’t chose Mohanlal for cameo role over mammootty