വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും അടുത്ത അനുയായിയിരുന്ന ചാര്‍ളി കിര്‍ക്കിന്റെ കൊലയാളി പിടിയില്‍. യൂട്ടാ സ്വദേശിയായ 22 വയസുകാരമായ ടെയ്‌ലര്‍ റോബിന്‍സണാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്.
ഇക്കാര്യം ട്രംപ് തന്നെയാണ് ഫോക്‌സ് ന്യൂസിലെ ഫോക്‌സ് ആന്റ് ഫ്രന്‍സ് എന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ലോകത്തെ അറിയിച്ചത്. പ്രതിയുടെ ഏറ്റവും അടുത്തയാള്‍ തന്നെയാണ് സൂചന നല്‍കിയതെന്ന് ട്രംപ് മാധ്യമങ്ങളെ അറിയിച്ചു.
‘ഞങ്ങള്‍ക്ക് അവനെ കിട്ടി’ ട്രംപ് പ്രതി പൊലീസില്‍ പിടിയിലായെന്ന വിവരം പങ്കുവെച്ചുകൊണ്ട് പറഞ്ഞു. ‘കുറ്റവാളി പിടിയിലായെന്ന് ഉറപ്പിക്കാം. അവനുമായി വളരെ അടുപ്പമുള്ളയാള്‍ തന്നെയാണ് അവനെ ഞങ്ങളെ ഏല്‍പ്പിച്ചത്. ഏറ്റവും ഉയര്‍ന്ന ശിക്ഷയായ വധശിക്ഷ തന്നെ അവന് ലഭിക്കുമെന്നാണ് പ്രതീക്ഷ’, ട്രംപ് പറഞ്ഞു.
അതേസമയം, ടെയ്‌ലറിന്റെ പിതാവ് മാറ്റ് റോബിന്‍സണാണ് അന്വേഷണസംഘത്തെ കുറ്റവാളിയെ കുറിച്ച് അറിയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചാര്‍ളി കിര്‍ക്കിന് വെടിയേറ്റതിന് പിന്നാലെ തന്നെ പൊലീസ് പ്രതിയെന്ന് സംശയിക്കുന്ന മുഖംമൂടി ധരിച്ച യുവാവിന്റെ ചിത്രം പുറത്തുവിട്ടിരുന്നു.
ഇതുകണ്ട് സംശയം തോന്നിയ ടെയ്‌ലറുടെ പിതാവ് അടുത്തസുഹൃത്തായ പാസ്റ്ററെ അറിയിക്കുകയും അദ്ദേഹം മുഖേനെ പൊലീസില്‍ ബന്ധപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കുറ്റവാളി നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു എന്നാണ് സി.എന്‍.എന്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ട ചാര്‍ളി കിര്‍ക്ക് തനിക്ക് പ്രിയപ്പെട്ട വ്യക്തിയായിരുന്നുവെന്ന് ട്രംപ് ആവര്‍ത്തിച്ചു. ‘ചാര്‍ളി കിര്‍ക്ക്, ഏറ്റവും മികച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു.
ഇത്തരത്തിലൊരു വിധിയല്ല അദ്ദേഹം അര്‍ഹിച്ചിരുന്നത്. വളരെ കഠിനാധ്വാനിയായിരുന്ന, വളരെ നന്നായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു’, യു.എസ് പ്രസിഡന്റ് പറഞ്ഞു. പ്രതിക്ക് ഏതെങ്കിലും സംഘടനകളുമായോ ആശയങ്ങളുമായോ ബന്ധമുണ്ടോയെന്ന ചോദ്യത്തിന്, നിലവില്‍ അത്തരം കാര്യങ്ങളൊന്നും വ്യക്തമല്ലെന്നും കൂടുതല്‍ അന്വേഷണത്തിലൂടെയെ വ്യക്തമാവുകയുള്ളൂവെന്നും ട്രംപ് മറുപടി നല്‍കി.
തീവ്രവലതുപക്ഷ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ ചാര്‍ളി കിര്‍ക്ക് യൂട്ടാ യൂണിവേഴ്സിറ്റിയില്‍ വെച്ചാണ് വെടിയേറ്റ് മരിച്ചത്. വിദ്യാര്‍ത്ഥികളോട് സംവദിക്കുന്നതിനിടെ കഴുത്തില്‍ വെടിയേറ്റായിരുന്നു ചാര്‍ളിയുടെ മരണം. സംഭവത്തിന്റെ വീഡിയോയും പുറത്തെത്തിയിരുന്നു.
യു.എസ് പ്രസിഡന്റിന്റെ അടുത്ത അനുയായിയും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ മുഖ്യപങ്ക് വഹിച്ചവരില്‍ ഒരാളുമായിരുന്നു ചാര്‍ളി കിര്‍ക്ക്. ടേണിങ് പോയിന്റ് എന്ന യു.എസ് ആക്ടിവിസ്റ്റ് യൂത്ത് ഗ്രൂപ്പിന്റെ സ്ഥാപകനായിരുന്നു 31കാരനായ കിര്‍ക്ക്.
Content Highlight: Charlie Kirk Shooter Tyler Robinson In Custody says Trump