മംഗളൂരു: മംഗളൂരില്‍ വെച്ച് മലപ്പുറം സ്വദേശി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസിലെ കുറ്റപത്രം പുറത്ത്. മുപ്പത്തിയെട്ടുകാരനായ മുഹമ്മദ് അഷ്റഫിന്റെ കൊലപാതകത്തിന് നേതൃത്വം നല്‍കിയത് ബി.ജെ.പി നേതാവ് രവീന്ദ്ര നായക് ആണെന്ന് കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു. ഈ വര്‍ഷം ഏപ്രില്‍ 27ന് മംഗളൂരു കുഡുപൂവില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണെന്ന് മനസിലായതിനെ തുടര്‍ന്ന് മര്‍ദനത്തില്‍നിന്ന് പിന്മാറാന്‍ തുനിഞ്ഞ അനുയായികളോട് ‘പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച അവനെ അടിച്ചുകൊല്ലെടാ, ഞാനേറ്റു’ എന്നുപറഞ്ഞ് രവീന്ദ്ര നായക് നല്‍കിയ പ്രചോദനത്തിലാണ് ആക്രമണം തുടര്‍ന്നതെന്ന് പ്രതികള്‍ മൊഴി നല്‍കി.
കേസിലെ 21 പ്രതികളില്‍ ഭൂരിഭാഗവും രവീന്ദ്ര നായിക്കിനെതിരെ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് ബി.ജെ.പി നേതാവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. മംഗളൂരു കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറുടെ ഭര്‍ത്താവായ രവീന്ദ്ര നായക്കിനെതിരെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ പഴുത് തേടുകയാണിപ്പോള്‍ പൊലീസ്.
അഷ്‌റഫ്, സുഹാസ് ഷെട്ടി, അബ്ദുറഹ്‌മാന്‍ വധങ്ങളെത്തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ കുട്ടത്തോടെ സ്ഥലംമാറ്റിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളായ അനുപം അഗര്‍വാളായിരുന്നു അന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണര്‍. രവീന്ദ്ര നായക്കിനെതിരെ അന്ന് ആരും പരാതിപ്പെട്ടിരുന്നില്ലെന്ന് ആക്രമണവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 30ന് മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ കമീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാല്‍ ഏപ്രില്‍ 29ന് നടന്ന ചോദ്യംചെയ്യലില്‍ പ്രതികള്‍ ബി.ജെ.പി നേതാവിന്റെ പങ്കാളിത്തത്തെക്കുറിച്ച് വിശദമായി മൊഴിനല്‍കിയിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. സ്റ്റേഡിയത്തില്‍ വെച്ച് അഷ്റഫ് പാകിസ്ഥാനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചെന്നും ഇതാണ് മര്‍ദ്ദനത്തിന് ഇടയാക്കിയതെന്നും പൊലീസ് പറഞ്ഞു. അഷ്‌റഫിനെ ആദ്യം ആക്രമിച്ചതിന് ശേഷം ദീപക് ഉള്‍പ്പെടെ കേസില്‍ പ്രതികളായ കൊങ്കുരു ക്രിക്കറ്റ് ടീമിലെ ചില അംഗങ്ങള്‍ മറ്റുള്ളവരെ ആക്രമണം നിര്‍ത്താന്‍ പ്രേരിപ്പിച്ചെന്നും അഷ്‌റഫ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് തോന്നുന്നതുകൊണ്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞെന്നും മൊഴിയുണ്ട്.
എന്നാല്‍ ബി.ജെ.പി നേതാവ്, ‘നമ്മുടെ പ്രദേശത്ത് പാകിസ്ഥാന്‍ എന്ന് വിളിച്ചുപറയുന്ന ഒരാളെ വെറുതെവിട്ടാല്‍, നാളെ കൂടുതല്‍ ആളുകള്‍ വന്ന് അത് ചെയ്യും. ഞങ്ങള്‍ അയാളെ ശരിയായി ചോദ്യം ചെയ്യും. തുടര്‍ന്ന് പൊലീസിനെ അറിയിക്കും, നമ്മളാരും കുഴപ്പത്തില്‍ അകപ്പെടാതിരിക്കാന്‍ എല്ലാ കാര്യങ്ങളും ഞാന്‍ ചെയ്യും’ എന്ന് പറഞ്ഞ് ആക്രമണത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്ന് പ്രതികള്‍ പറഞ്ഞു. ആ വാക്കുകള്‍ തങ്ങള്‍ക്ക് ധൈര്യം തന്നെന്നും പ്രതികള്‍ പറഞ്ഞു.
കൊലപാതകത്തിന് ശേഷം ആദ്യം പൊലീസ് അസ്വാഭാവിക മരണത്തിനായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇത് കൊലപാതക കേസായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ജൂലൈ 25ന് പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അഷ്റഫിന്റെ ശരീരത്തില്‍ ബലപ്രയോഗത്തിലൂടെ ഉണ്ടായ 35 ബാഹ്യ പരിക്കുകള്‍ സ്ഥിരീകരിച്ചിരുന്നു. അഷ്‌റഫിന്റെ തലയിലും ജനനേന്ദ്രിയം ഉള്‍പ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ചതവുകള്‍, മുറിവുകള്‍, ആന്തരിക രക്തസ്രാവം എന്നിവ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: Charge sheet says BJP leader instigated Mangaluru mob attack