ഈ വര്‍ഷം പലരും വളരെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമകളിലൊന്നായിരുന്നു മോളിവുഡ് ടൈംസ്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ഡാര്‍ക്ക് കോമഡി ത്രില്ലറിന് ശേഷം അഭിനവ് സുന്ദര്‍ നായക് അണിയിച്ചൊരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു തിയേറ്ററില്‍ നിന്ന് നേടിയത്. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുകയും ചെയ്തു.
ജിയോ ഹോട്‌സ്റ്റാറിലൂടെയാണ് മോളിവുഡ് ടൈംസ് സ്ട്രീം ചെയ്യുന്നത്. ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിലെ പല സീനുകളും ഡയലോഗുകളും ചര്‍ച്ചയാകുന്നുണ്ട്. സിനിമക്കുള്ളിലെ സിനിമയുടൈ കഥ പറഞ്ഞ മോളിവുഡ് ടൈംസില്‍ സിനിമാലോകത്തെ ചതികളും കാലുവാരലും പച്ചയ്ക്ക് വരച്ചുകാട്ടിയിട്ടുണ്ട്. അഭിനവ് സുന്ദര്‍ നായകിന്റെ ധൈര്യത്തെയാണ് പലരും അഭിനന്ദിക്കുന്നത്.
താന്‍ അനുഭവിച്ച ചില കാര്യങ്ങളും കണ്ടിട്ടുള്ള കാര്യങ്ങളുമെല്ലാം ചേര്‍ത്താണ് മോളിവുഡ് ടൈംസ് ഒരുക്കിയതെന്ന് സംവിധായകന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇതോടെ വിനീത് മാധവന്‍ എന്ന കഥാപാത്രം അഭിനവ് സുന്ദര്‍ നായകാണെന്ന് പലരും അനുമാനിച്ചു. അഭിനവിന്റെ സിനിമാജീവിതവും വിനീത് മാധവന്റെ ജീവിതവും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും റീലുകളുമാണ് ഇപ്പോള്‍ വൈറല്‍.
നസ്‌ലെന്‍ അവതരിപ്പിച്ച വിനീത് മാധവനെയും സംഗീത് പ്രതാപ് അവതരിപ്പിച്ച അര്‍ജുന്‍ ഹരിദാസിനെയുമാണ് പലരും ചര്‍ച്ചയാക്കുന്നത്. വിനീത് മാധവന്റെ ശൈലി അടിച്ചുമാറ്റി സിനിമ ചെയ്യുന്ന സംവിധായകനായിട്ടാണ് അര്‍ജുന്‍ ഹരിദാസിനെ അവതരിപ്പിച്ചിരിക്കുന്നത്. വിനീതിന്റെ അത്ര കഴിവില്ലെങ്കിലും ആളുകളോട് ചിരിച്ചും തമാശ പറഞ്ഞും സദസിനെ കയ്യിലെടുത്ത് എല്ലാവരുടെയും ഇഷ്ടം പിടിച്ചുപറ്റുന്നയാളാണ് മോളിവുഡ് ടൈംസിലെ അര്‍ജുന്‍ ഹരിദാസ്.
മോളിവുഡ് ടൈംസ് Photo: Jio Hotstar
ഈ കഥാപാത്രം ആരാണെന്ന തരത്തില്‍ പല അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്നുണ്ട്. ബേസില്‍ ജോസഫാണ് അര്‍ജുന്‍ ഹരിദാസെന്ന് പലരും അഭിപ്രായപ്പെടുന്നു. ബേസിലിന്റെ ചിരിയും തമാശയുമാണ് ഇക്കൂട്ടര്‍ ഉദാഹരണമായി കാണിക്കുന്നത്. മലയാളത്തിലെ ആദ്യ മോണ്‍സ്റ്റര്‍ സിനിമ അര്‍ജുന്‍ ഹരിദാസ് ഒരുക്കിയപ്പോള്‍ ആദ്യത്തെ സൂപ്പര്‍ഹീറോ സിനിമ ബേസില്‍ ഒരുക്കിയതെന്നും ഉദാഹരണമായി പറയുന്നുണ്ട്.
എന്നാല്‍ ബേസിലിനെ ഉദ്ദേശിച്ചല്ല ഈ കഥാപാത്രമെന്ന് ചിലര്‍ മറുപടി നല്‍കുന്നു. ഈ സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ സ്വരൂപ് എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെട്ടത് ബേസിലാണെന്നും ഈ തിയറി തെറ്റാണെന്നുമാണ് മറുപടികള്‍. ബേസിലും അഭിനവും നല്ല സുഹൃത്തുക്കളാണെന്നും ഇത്തരം തിയറികളുടെ ആവശ്യമില്ലെന്നും കമന്റുണ്ട്.
മോളിവുഡ് ടൈംസ് Photo: Screen grab/ Think Music India
മോളിവുഡ് ടൈംസ് എന്ന പേര് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി നല്‍കിയതാണെന്നും തിയറികളുണ്ട്. ഹൊറര്‍ സിനിമകള്‍ ട്രെന്‍ഡായി നിന്നത് തമിഴിലാണെന്നും അവിടെ നടന്ന ഉള്‍ക്കളികളാണ് അഭിനവ് മോളിവുഡ് ടൈംസില്‍ കാണിച്ചതെന്നുമാണ് ഇത്തരം തിയറിയില്‍ പറയുന്നത്. വരുംദിവസങ്ങളില്‍ ചിത്രം കൂടുതല്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.
Content Highlight: Characters in Mollywood Times in discussion after OTT release
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ