| Friday, 12th September 2025, 7:05 pm

ചാര്‍ലിയും മൈക്കിളും, അഥവാ ഒടിയനും ചാത്തനും, കലക്കന്‍ പോസ്റ്ററുകളുമായി ലോകഃ ടീം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചരിത്രവിജയം നേടി സിനിമാലോകത്ത് സെന്‍സേഷനായി മാറിയിരിക്കുകയാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. കല്യാണി പ്രിയദര്‍ശനെ പ്രധാന കഥാപാത്രമാക്കി ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ റെക്കോഡ് കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ വുമണ്‍ സൂപ്പര്‍ഹീറോ ചിത്രമായി എത്തിയ ലോകഃ പാന്‍ ഇന്ത്യന്‍ ലെവലില്‍ ഹിറ്റായിരിക്കുകയാണ്.

ചിത്രത്തെ കൂടുതല്‍ മികച്ചതാക്കിയ ഘടകങ്ങളിലൊന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ സര്‍പ്രൈസാക്കി വെച്ച കാമിയോകള്‍. മൂന്ന് മുന്‍നിരതാരങ്ങള്‍ അതിഥിവേഷത്തിലെത്തുന്നുണ്ടെന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ലീക്കായിരുന്നു. എന്നാല്‍ അവരെ അവതരിപ്പിച്ച രീതി തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. സണ്ണി വെയ്ന്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ് എന്നിവരായിരുന്നു ലോകഃയില്‍ ഒളിപ്പിച്ചുവെച്ച സര്‍പ്രൈസുകള്‍.

ഐതിഹ്യമാലയിലെ മികച്ച കഥാപാത്രങ്ങളിലൊരാളായ കടമറ്റത്ത് കത്തനാരായാണ് സണ്ണി വെയ്ന്‍ ലോകഃയില്‍ പ്രത്യക്ഷപ്പെട്ടത്. അഞ്ച് മിനിറ്റ് മാത്രമേ ഉണ്ടായിരുന്നുവെങ്കിലും മികച്ച ഇംപാക്ടായിരുന്നു സണ്ണിയുടെ കഥാപാത്രത്തിന്. വരും ഭാഗങ്ങളില്‍ കൂടുതല്‍ പ്രധാന്യത്തോടെ കത്തനാര്‍ പ്രത്യക്ഷപ്പെടുമെന്ന് ഉറപ്പാണ്.

ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ സല്‍മാനും ലോകഃയുടെ ഭാഗമായിട്ടുണ്ട്. മലയാളത്തിന്റെ സ്വന്തം ഫാന്റസി കഥാപാത്രമായ ഒടിയനായാണ് ദുല്‍ഖര്‍ ലോകഃയില്‍ വേഷമിട്ടത്. മിഡ് ക്രെഡിറ്റ് സീനില്‍ വെറും മൂന്ന് മിനിറ്റ് മാത്രമായിരുന്നു ദുല്‍ഖര്‍ വന്നത്. തിയേറ്ററുകളെ ഇളക്കിമറിച്ച കഥാപാത്രമായി മൈക്കല്‍/ ഒടിയന്‍ മാറി. വരും ഭാഗങ്ങളിലും ഒടിയന്റെ ഒടിവിദ്യ കാണാനാകുമെന്ന സൂചന സംവിധായകന്‍ നല്‍കിയിട്ടുണ്ട്.

എക്സ്റ്റന്‍ഡ് കാമിയോയായാണ് ടൊവിനോ ലോകഃയില്‍ വേഷമിട്ടത്. മലയാളികളുടെ മിത്തുകളില്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ള ചാത്തനായാണ് ടൊവിനോ പ്രത്യക്ഷപ്പെട്ടത്. സ്റ്റൈലിഷായിട്ടുള്ള ഇന്‍ട്രോയും പിന്നീട് ചാത്തന്റെ കുരുത്തക്കേട് കാണിക്കുന്ന ഫൈറ്റുമെല്ലാം തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. എന്‍ഡ് ക്രെഡിറ്റ് സീനില്‍ അതുവരെ കണ്ടതില്‍ നിന്ന് മികച്ചൊരു ട്രാന്‍സ്‌ഫോര്‍മേഷനായിരുന്നു ആ കഥാപാത്രത്തിന് ലഭിച്ചത്.

ലോകഃയുടെ രണ്ടാം ഭാഗം ചാത്തനെ ഫോക്കസ് ചെയ്തുകൊണ്ടാണെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ആദ്യഭാഗത്തിന് ലഭിച്ച സ്വീകരണം രണ്ടാം ഭാഗത്തിന്റെ ഹൈപ്പ് ഉയര്‍ത്തിയിട്ടുണ്ട്. ചാപ്റ്റര്‍ വണ്ണിന്റെ അതേ ലെവല്‍ ലഭിച്ചാല്‍ ചാത്തനും വന്‍ ഹിറ്റാകുമെന്ന് ഉറപ്പാണ്. മിന്നല്‍ മുരളിയിലൂടെ ടൊവിനോക്ക് ലഭിച്ച പാന്‍ ഇന്ത്യന്‍ ശ്രദ്ധയും ചിത്രത്തിന് ഗുണം ചെയ്യും.

നീലിയുടെയും ചാത്തന്റെയും ഒടിയന്റെയും സര്‍വാധികാരിയായ മൂത്തോനായി മമ്മൂട്ടിയാണ് വേഷമിടുന്നത്. വെറും ശബ്ദം കൊണ്ട് മാത്രം ആദ്യ ഭാഗത്തില്‍ മൂത്തോന്‍ എന്ന കഥാപാത്രത്തിന് വലിയ ശ്രദ്ധ നേടാന്‍ സാധിച്ചിട്ടുണ്ട്. ദുല്‍ഖറും മമ്മൂട്ടിയും തമ്മിലുള്ള ഫേസ് ഓഫ് സീന്‍ ലോകഃയിലൂടെ സാധ്യമാകുമെന്ന് ആരാധകര്‍ ഉറപ്പിച്ചു.

Content Highlight: Character posters of Dulquer and Tovino Thomas in Lokah movie out now

We use cookies to give you the best possible experience. Learn more