| Thursday, 3rd July 2025, 7:28 pm

കൂലിയിലെ ദഹാ ആയി ആമിറിന്റെ കിടുക്കാച്ചി പോസ്റ്റര്‍; സംഭവം ഇറുക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. തുടര്‍ച്ചയായ രണ്ട് ഇന്‍ഡസ്ട്രി ഹിറ്റുകള്‍ ഒരുക്കിയ ലോകേഷ് സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനൊപ്പം കൈകോര്‍ക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. തമിഴ് ഇന്‍ഡസ്ട്രിയില്‍ പല റെക്കോഡുകളും സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിക്കുമെന്നാണ് കരുതുന്നത്.

ദേവയായി രജിനികാന്ത് എത്തുന്ന കൂലിയുടെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ്. നേരത്തെ ചിത്രത്തില്‍ ഒരു ഗസ്റ്റ് റോളില്‍ ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്റ്റ് ആമിര്‍ ഖാനും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആമിര്‍ ഖാന്‍ തന്നെ ഒരു അഭിമുഖത്തില്‍ ഇത് ശരിവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആമിര്‍ ഖാന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ദഹാ എന്ന കഥാപാത്രമായാണ് ആമിര്‍ ചിത്രത്തിലെത്തുന്നത്. കറുത്ത ബനിയന്‍ ധരിച്ച് സ്മോക്ക് ചെയ്യുന്ന ആമിറിന്റെ ചിത്രമാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. രജിനിയും ആമിറുമായുള്ള തീപ്പൊരി ആക്ഷന്‍ രംഗം ചിത്രത്തിലുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍ ഒന്നടങ്കം. പത്ത് ദിവസത്തോളം ആമിര്‍ കൂലിയുടെ ഷൂട്ടിന് വേണ്ടി മാറ്റിവച്ചിരുന്നു. ഏകദേശം പതിനഞ്ച് മിനിറ്റോളം ആമിര്‍ ഖാന്‍ കൂലിയില്‍ പ്രത്യക്ഷപ്പെടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഓഗസ്റ്റ് 14നാണ് കൂലി തിയേറ്ററുകളിലെത്തുന്നത്. ബോളിവുഡ് വമ്പന്മാരായ വാര്‍ 2വിനൊപ്പമാണ് ചിത്രത്തിന്റെ ക്ലാഷ്. വന്‍ താരനിരയാണ് കൂലിയില്‍ അണിനിരക്കുന്നത്. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുന, കന്നഡ താരം ഉപേന്ദ്ര, തമിഴ് താരം സത്യരാജ് എന്നിവര്‍ക്കൊപ്പം മലയാളികളുടെ സ്വന്തം സൗബിന്‍ ഷാഹിറും കൂലിയുടെ ഭാഗമാകുന്നുണ്ട്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Character Poster Of Aamir Khan In Coolie Movie Is Out

We use cookies to give you the best possible experience. Learn more