സത്യന്‍ അന്തിക്കാടിന്റെയും മോഹന്‍ലാലിന്റെയും സിനിമകള്‍ കണ്ടുവളര്‍ന്ന ഒരു പയ്യന്‍… പിന്നീട് ഷോര്‍ട്ട് ഫിലിംസിലൂടെയും വെബ് സീരീസിലൂടെയും പരസ്യത്തിലൂടെയും മുഖം കാണിച്ച് തുടങ്ങി. സ്വന്തമായി റീലുകള്‍ ചെയ്തുതുടങ്ങി.
അപ്രതീക്ഷിതമായി സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആ പയ്യനെ കണ്ടു. അവര്‍ തമ്മില്‍ സംസാരിച്ചു. സംസാരത്തിനിടയില്‍ ഹൃദയപൂര്‍വ്വത്തെക്കുറിച്ചും സംസാരിച്ചു. ആ പയ്യന്‍ ചോദിച്ചു, എനിക്കെന്തെങ്കിലും വേഷമുണ്ടോയെന്ന്. അവന്റെ റീലുകള്‍ കണ്ട് ഇഷ്ടപ്പെട്ട അനൂപ് സത്യന്‍ ഒഡീഷന് വരാന്‍ പറയുകയും അവനെ ആ സിനിമയിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. ആ പയ്യനാണ് ഹൃദയപൂര്‍വ്വത്തില്‍ മോഹന്‍ലാലിന്റെ ക്ലൗഡ് കിച്ചണിലെ മോഹന്‍ലാലിന്റെ എല്ലാമെല്ലാമായ ബിബിന്‍ ബാബു അധവാ ടിസ് തോമസ്.
ടിസ് അനൂപിനും സത്യൻ അന്തിക്കാടിനുമൊപ്പം
മുടി എന്ന ഷോര്‍ട്ട് ഫിലിമ്‌സിലൂടെയാണ് ടിസിനെ എല്ലാവരും ശ്രദ്ധിച്ച് തുടങ്ങിയത്. ആ ഷോര്‍ട്ട് ഫിലിം കണ്ട എല്ലാവരും ടിസിന്റെ അഭിനയത്തെക്കുറിച്ച് സംസാരിച്ചുതുടങ്ങി. മുടിയാണ് ടിസിനെ സിനിമയില്‍ എത്തിച്ചത് പോലും.
മോഹന്‍ലാലിന്റെ ക്ലൗഡ് കിച്ചണിലെ ജോലിക്കാരന്‍ ആയിട്ടാണ് ടിസ് ഈ ചിത്രത്തില്‍ അഭിനയിച്ചത്. എപ്പോഴും മോഹന്‍ലാലിനെ ചേട്ടായി എന്ന് വിളിക്കുന്ന, മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സന്ദീപ് ആശുപത്രിയില്‍ കിടക്കുമ്പോഴും റെസ്റ്റിലായിരിക്കുമ്പോഴും ക്ലൗഡ് കിച്ചണ്‍ തന്നെയാണ് ഏല്‍പ്പിച്ചതെന്ന് പറഞ്ഞ് അതിന്റെ മേല്‍നോട്ടം വഹിച്ച പയ്യനായി ടിസ് ജീവിക്കുകയായിരുന്നു. സന്ദീപ് ഇല്ലാത്തപ്പോഴും ക്ലൗഡ് കിച്ചണെ വളരെ വൃത്തിയായി സൂക്ഷിക്കുന്ന ബിബിന്‍ പക്ഷെ, സന്ദീപിനെ കുഴപ്പിക്കുന്നുണ്ട്.
സന്ദീപിന് എല്ലാത്തരത്തിലുള്ള സപ്പോര്‍ട്ടും ബിബിന്‍ കൊടുക്കുന്നുണ്ട്. ചിത്രത്തിലെ ടിസിന്റെ അഭിനയം അത്രമേല്‍ മനോഹരമായിരുന്നു. ഓരോ തമാശകളും കൗണ്ടറുകളും എല്ലാം ചിത്രത്തിനെ ഒഴുക്കിനെ സഹായിക്കുന്നതായിരുന്നു. ഒരു നിമിഷത്തില്‍ പോവും ടിസ് നമ്മെ ബോറടിപ്പിച്ചിട്ടില്ല.
തനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് ഹൃദയപൂര്‍വ്വം സിനിമ എന്നാണ് ടിസ് പറയുന്നത്. ചിത്രത്തിലെ ആദ്യ ഷോട്ട് തനിക്ക് മറക്കാന്‍ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ഷോർട്ട് ഫിലിമിലെ രംഗം
തന്നെ ഈ സിനിമയില്‍ എത്തിച്ചതിന് സത്യന്‍ അന്തിക്കാടിനോടും അനൂപ് സത്യനോടും അഖില്‍ സത്യനോടും പിന്നെ മലയാളത്തിന്റെ സ്വന്തം ലാലേട്ടനോടും എന്നും കടപ്പെട്ടിരുക്കുമെന്നും ടിസ് പറയുന്നുണ്ട്.
ആദ്യമായി സിനിമയില്‍ അഭിനയിക്കുമ്പോള്‍ അതും മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്പോഴുണ്ടാകുന്ന എല്ലാ പരിഭ്രമങ്ങളും ഉണ്ടെന്നിരിക്കെ തന്നെ സെറ്റില്‍ കംഫര്‍ട്ടാക്കിയത് മോഹന്‍ലാലാണെന്ന് ടിസ് പറയുന്നു.
എന്‍ജിനീയറാണ് ടിസ് എങ്കിലും ചെറുപ്പം മുതലേ സിനിമയായിരുന്നു മനസിലുണ്ടായിരുന്നത്. പിന്നീടാണ് ഷോര്‍ട്ട് ഫിലിംസിലും വെബ് സീരീസിലും അഭിനയിച്ചത്. ഇനിയും സിനിമ ചെയ്യണമെന്നാണ് ടിസ്സിന്റെ ആഗ്രഹം. മറ്റു സിനിമകളിലെ ഒഡീഷന്‍ കഴിഞ്ഞിരിക്കുകയാണ്. സിനിമയില്‍ ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ കിട്ടുമെന്നാണ് ടിസിന്റെ പ്രതീക്ഷ. ആരാധകരും അതുതന്നെയാണ് ആഗ്രഹിക്കുന്നത്.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്തായാലും അനൂപ് സത്യന്‍ കണ്ടുപിടിച്ച് സത്യന്‍ അന്തിക്കാട് – മോഹന്‍ലാല്‍ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ബിബിന്‍ പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്തിയിട്ടില്ല.
Content Highlight: Character of Tiss Thoams in Hridayapoorvam