| Sunday, 29th June 2025, 7:12 am

ബി.ബി.സി തള്ളിയ ഗസ യുദ്ധക്കുറ്റങ്ങൾ സംബന്ധിച്ച ഡോക്യുമെന്ററി പ്രദർശിപ്പിക്കാനൊരുങ്ങി ചാനൽ 4

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ബി.ബി.സി പ്രദർശിപ്പിക്കില്ലെന്ന് പറഞ്ഞ ഇസ്രഈൽ ഗസയിൽ നടത്തിയ യുദ്ധക്കുറ്റങ്ങൾ സംബന്ധിച്ച ഡോക്യുമെന്ററി പ്രദർശിപ്പിക്കാനൊരുങ്ങി ചാനൽ 4. ഇസ്രഈൽ സൈന്യം തങ്ങളുടെ സൈനിക നടപടിയിലുടനീളം ഗസയിലെ ആശുപത്രികളെയും മെഡിക്കൽ സ്റ്റാഫുകളെയും ആസൂത്രിതമായി ലക്ഷ്യം വച്ചുവെന്ന ആരോപണങ്ങൾ ഉന്നയിക്കുന്ന ഡോക്യുമെന്ററിയായ ‘ഗസ; ഡോക്ടർസ് അണ്ടർ അറ്റാക്ക്’ ആണ് ചാനൽ 4 പ്രദർശിപ്പിക്കാനൊരുങ്ങുന്നത്.

ഇസ്രഈൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുവെന്നും യുദ്ധക്കുറ്റങ്ങൾ നടത്തിയെന്നും തെളിയിക്കുന്ന വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഡോക്യുമെന്ററിയാണ് ഗസ; ഡോക്ടർസ് അണ്ടർ അറ്റാക്കെന്ന് ചാനൽ 4 ന്റെ വാർത്താ, കറന്റ് അഫയേഴ്‌സ് മേധാവി ലൂയിസ കോംപ്റ്റൺ പറഞ്ഞു.

‘ഇസ്രഈൽ സൈന്യം അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനങ്ങൾ നടത്തിയെന്ന ആരോപണങ്ങളെ പിന്തുണക്കുന്ന തെളിവുകൾ പരിശോധിക്കുന്ന, സൂക്ഷ്മമായി റിപ്പോർട്ട് ചെയ്യപ്പെട്ടതും പ്രധാനപ്പെട്ടതുമായ ഒരു ചിത്രമാണിത്. ഈ ഡോക്യുമെന്ററി ഞങ്ങൾ പ്രദർശിപ്പിക്കും. ധീരവും നിർഭയവുമായ പത്രപ്രവർത്തനത്തോടുള്ള ചാനൽ 4 ന്റെ പ്രതിബദ്ധതയാണ് ഇത് പ്രകടമാക്കുന്നത്,’ ലൂയിസ കോംപ്റ്റൺ പറഞ്ഞു.

ബേസ്മെന്റ് ഫിലിംസ് നിർമിച്ചതും ബി.ബി.സി കമ്മീഷൻ ചെയ്തതുമായ ഈ ഡോക്യുമെന്ററി പ്രദർശിപ്പിക്കണ്ടെന്ന് ബി.ബി.സി പിന്നീട് തീരുമാനിക്കുകയായിരുന്നു.

ഗസയിലെ ആരോഗ്യ പ്രവർത്തകരുടെ സാക്ഷ്യങ്ങളും വിവരണങ്ങളും ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും നേരെയുള്ള ആക്രമണങ്ങളും രേഖപ്പെടുത്തുന്ന ഈ ഡോക്യുമെന്ററി ജൂലൈ രണ്ടിന് രാത്രി 10 മണിക്ക് ചാനൽ 4 ൽ സംപ്രേഷണം ചെയ്യും.

വളരെ വൈകാരികമായ കാണാൻ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഡോക്യുമെന്ററിയാണിതെന്നും അതിൽ ഇസ്രഈൽ സേന നടത്തിയ പല ക്രൂരതകളും കാണിക്കുന്നുണ്ടെന്നും ലൂയിസ കോംപ്റ്റൺ കൂട്ടിച്ചേർക്കുന്നു.

ഫെബ്രുവരിയിൽ ‘ഗസ; ഡോക്ടർസ് അണ്ടർ അറ്റാക്ക്’ ബി.ബി.സി ടെലിവിഷനിൽ പ്രദർശിപ്പിക്കേണ്ടതായിരുന്നു. എന്നാൽ ഗസയിലെ കുട്ടികളെക്കുറിച്ചുള്ള ‘ഹൗ ടു സർവൈവ് എ വാർസോൺ’ എന്ന മറ്റൊരു ഡോക്യുമെന്ററിയെച്ചൊല്ലി വിവാദങ്ങൾ ഉയർന്നതിനെത്തുടർന്ന് ബി.ബി.സി ഡോക്യുമെന്ററി പ്രദർശനം മാറ്റിവെക്കുകയായിരുന്നു.

‘ഹൗ ടു സർവൈവ് എ വാർസോൺ’ എന്ന ഡോക്യുമെന്ററിയുടെ അവലോകനം പൂർത്തിയാക്കിയ ശേഷം ‘ഗസ; ഡോക്ടർസ് അണ്ടർ അറ്റാക്ക്’ പ്രദർശിപ്പിക്കുമെന്ന് ബി.ബി.സി അറിയിച്ചു. എന്നാൽ ഈ മാസം ആദ്യം, അത് പ്രദർശിപ്പിക്കേണ്ടതില്ലെന്ന് ബി.ബി.സി തീരുമാനിക്കുകയായിരുന്നു.

Content Highlight: Channel 4 to show Gaza war crimes documentary rejected by BBC

We use cookies to give you the best possible experience. Learn more