തിരുവനന്തപുരം: ടെലിവിഷൻ ചാനൽ ഉടമ കോടികൾ കൊടുത്ത് റേറ്റിങ് അട്ടിമറിച്ചെന്ന് മുഖ്യമന്ത്രിക്ക് പരാതി. മാധ്യമ പ്രവർത്തകനും 24 ചാനലിന്റെ മാനേജിങ് ഡയറക്ടറും കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്റുമായ ആർ. ശ്രീകണ്ഠൻ നായരാണ് പരാതി നൽകിയത്.
ബാർക്കിലെ ഉദ്യോഗസ്ഥന് 100 കോടി രൂപ ക്രിപ്റ്റോ കറൻസിയായി ചാനൽ ഉടമ കൈക്കൂലി നൽകിയെന്നും യുട്യൂബിലെ കാഴ്ചക്കാരുടെ എണ്ണം കൂട്ടാൻ ഫോൺ ഫാമിങ് നടത്തിയെന്നുമാണ് ആരോപണം.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് യുട്യൂബ് വ്യൂവർഷിപ്പ് ഉയർത്തിയാണ് റേറ്റിങ് തട്ടിപ്പ് നടത്തിയതെന്നും മലേഷ്യ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലെ ഫോൺ ഫാമിങ് ഏജൻസികൾക്ക് കോടികൾ നൽകിയെന്നും പരാതിയിൽ പറയുന്നു.
ബാർക്ക് ഏജൻസിയും ചാനൽ ഉടമയും തമ്മിലുള്ള ഫോൺ സംഭാഷണവും വാട്സ്ആപ് ചാറ്റുകളും വിശദാംശങ്ങളും 24 ചാനൽ പുറത്തുവിട്ടിരുന്നു.
85 ലക്ഷത്തോളം കേബിൾ കണക്ഷനുള്ള കേരളത്തിലെ ചെറിയ നെറ്റ് വർക്കിലെ ലാന്റിങ് പേജ് റേറ്റിങ്ങിൽ അട്ടിമറി നടത്തി പരസ്യ ധാതാക്കളെയും ടെലിവിഷൻ പ്രേക്ഷകരെയും കബളിപ്പിക്കാനാണ് ചാനൽ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.
മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് കേരള ടെലിവിഷൻ ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയ്ക്ക് ശ്രീകണ്ഠൻ നായർ പരാതി നൽികിയത്. പരാതി അന്വേഷിക്കുന്നതിന് സൈബർ വിങ്ങിന്റെ പ്രത്യേക ടീമിനെ ഡി.ജെ.പി ചുമതലപ്പെടുത്തിയെന്നുമാണ് റിപ്പോർട്ട്.
Content Highlight: Channel 24 filed a complaint with the Chief Minister alleging that the television channel owner paid crores to sabotage the ratings