| Tuesday, 25th June 2019, 2:56 pm

എ.എം.എം.എയുടെ ഭരണഘടനയില്‍ മാറ്റം ; സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സെല്‍; വൈസ് പ്രസിഡന്റ് സ്ഥാനം വനിതകള്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മലയാള ചലച്ചിത്ര കൂട്ടായ്മയായ എ.എം.എം.എയുടെ ഭരണഘടന ഭേദഗതി ചെയ്യുന്നു. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഭരണഘടനയില്‍ മാറ്റം വരുന്നത്.

സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കും. സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനം ഇനിമുതല്‍ വനിതകള്‍ക്കായിരിക്കും. നിര്‍വാഹക സമിതിയിലും കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്താനാണ് പുതിയ തീരുമാനം. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ വനിതകളുടെ എണ്ണം നാലായി നിജപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത ജനറല്‍ ബോഡിയില്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്നാണ് അറിയുന്നത്.

നേരത്തെ ഡബ്ല്യു.സി.സി അടക്കം എ.എം.എം.എയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ല എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് ഭരണഘടനാ ഭേദഗതിയ്ക്കായി എ.എം.എം.എ ഒരുങ്ങുന്നത്. ഭേദഗതികള്‍ അടുത്ത വാര്‍ഷിക ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കാനാണ് നീക്കം.

എ.എം.എം.എയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം വേണമെന്ന് ചൂണ്ടിക്കാട്ടി നടിമാരായ പാര്‍വതി, രേവതി, രമ്യാ നമ്പീശന്‍ തുടങ്ങിയവര്‍ രംഗത്തുവന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ എ.എം.എം.എ നേതൃത്വത്തിന് കത്ത് നല്‍കുകയും ചെയ്തിരുന്നു. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയും എം.എം.എം.എയുടെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more