ന്യൂദല്‍ഹി: ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിയായി നിയമിതനായെങ്കിലും പാര്‍ട്ടി തലപ്പത്തെ അഴിച്ചുപണി വൈകുന്നതില്‍ നേതാക്കള്‍ക്കിടയില്‍ അതൃപ്തി. ‘ഒരാള്‍-ഒരു പദവി’ എന്ന ബി.ജെ.പി നയത്തിനു വിരുദ്ധമാണ് അമിത് ഷാ ഇരട്ടപ്പദവി വഹിക്കുന്നതെന്ന് പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെട്ടതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ ഒരാഴ്ചയ്ക്കുള്ളില്‍ പാര്‍ട്ടിതലപ്പത്ത് താത്കാലിക അഴിച്ചുപണിയുണ്ടാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞമാസം അമിത് ഷായുടെ അധ്യക്ഷപദവിയുടെ കാലാവധി അവസാനിച്ചിരുന്നു. പിന്നീട് തെരഞ്ഞെടുപ്പിനു വേണ്ടി ആറുമാസം നീട്ടിനല്‍കുകയായിരുന്നു. അത് ഈ മാസം അവസാനിക്കുകയും ചെയ്യും.
സാധാരണ പകരം അധ്യക്ഷനെ തീരുമാനിക്കുന്നത് ബി.ജെ.പി രണ്ടുമാസം സമയം എടുക്കാറുണ്ട്. അതുവരെ ഒരു വര്‍ക്കിങ് പ്രസിഡന്റുണ്ടാകും. അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന പ്രക്രിയ നിയന്ത്രിക്കുന്നത് ഈ വര്‍ക്കിങ് പ്രസിഡന്റാകും.
ഷാ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തു നിന്ന് താഴെയിറങ്ങുമ്പോള്‍ പകരം ആരു വരുമെന്നുള്ളതാണ് ഇപ്പോഴത്തെ പ്രശ്‌നം. മുന്‍ കേന്ദ്രമന്ത്രി ജെ.പി നഡ്ഡ ആ സ്ഥാനത്തേക്കു വരുമെന്നാണ് ഭൂരിഭാഗം പേരും പറയുന്നതെങ്കിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവിന്റെ പേരും പറഞ്ഞുകേള്‍ക്കുന്നു.
നഡ്ഡയെ ഇപ്പോള്‍ വര്‍ക്കിങ് പ്രസിഡന്റാക്കി, രണ്ടുമാസത്തിനുള്ളില്‍ അധ്യക്ഷ പദവിയിലെത്തിക്കുക എന്ന നീക്കവും നടക്കുന്നുണ്ടെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഷായുടെയും വിശ്വസ്തരാണ് നദ്ദയും ഭൂപേന്ദ്ര യാദവും. ഹിമാചലില്‍ നിന്നുള്ള രാജ്യസഭാ എം.പിയും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയുമായ ജെ.പി നഡ്ഡ പാര്‍ട്ടിയുടെ തന്ത്രജ്ഞരില്‍ ഒരാളാണ്. തെരഞ്ഞെടുപ്പില്‍ യു.പിയുടെ ചുമതലക്കാരനായിരുന്നു. മഹാസഖ്യത്തെ പരാജയപ്പെടുത്തിയതും അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്താനായതും നഡ്ഡയ്ക്ക് അനുകൂലമാകും. മോദിയുടെ അഭിമാന പദ്ധതികളായ ആയുഷ്മാന്‍ ഭാരത്, സുരക്ഷിത് മാതൃത്വ അഭിയാന്‍ എന്നിവയുടെ പിന്നണിയില്‍ നഡ്ഡയുണ്ടായിരുന്നു.
രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമായ ഭൂപേന്ദ്ര യാദവ് ഭരണഘടനാ തന്ത്രജ്ഞനാണ്. പത്ത് ശതമാനം സാമ്പത്തിക സംവരണം പാസാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. പാര്‍ട്ടി ജനറല്‍സെക്രട്ടറിയെന്ന നിലയില്‍ മോദിയുടെ ഗുജറാത്തിന്റെയും ബീഹാറിന്റെയും ചുമതല വഹിച്ചിട്ടുണ്ട്. അമിത്ഷായുടെ അടുത്ത അനുയായിയാണ്.