ഏഴ് മാസത്തെ കാത്തിരിപ്പിനൊടുവില്‍ തമിഴ് സിനിമാപ്രേമികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. വിജയ്‌യുടെ അവസാന ചിത്രമായി ഒരുങ്ങിയ ജന നായകന്റെ സെന്‍സറിങ് പൂര്‍ത്തിയായിരുന്നു. ജനുവരിയില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ കാരണം നീണ്ടുപോവുകയായിരുന്നു.
സുപ്രീം കോടതിയെ വരെ നിര്‍മാതാക്കള്‍ സമീപിച്ചെങ്കിലും അനുകൂലമായ വിധി വരാന്‍ വൈകിയതോടെ കേസും പിന്‍വലിച്ചു. ഇലക്ഷന് മുമ്പ് തിയേറ്ററുകളിലെത്തിക്കാനുള്ള ശ്രമവും അണിയറപ്രവര്‍ത്തകര്‍ ഉപേക്ഷിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് ചിത്രം ഇന്റര്‍നെറ്റില്‍ ലീക്കായത് തിരിച്ചടിയായി. എന്നാല്‍ ദളപതിയുടെ അവസാന ചിത്രം തിയേറ്ററില്‍ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ആരാധകര്‍.
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ചിത്രത്തില്‍ മാറ്റം വരുത്തേണ്ട ഭാഗങ്ങളെക്കുറിച്ച് പറയുന്ന ഡോക്യുമെന്റും ചര്‍ച്ചയാണ്. 12 ഭാഗത്താണ് മാറ്റം ആവശ്യപ്പെട്ടത്. വിജയ്‌യുടെ പാര്‍ട്ടിയായ ടി.വി.കെയെ പരസ്യമായി ബൂസ്റ്റ് ചെയ്യുന്നവയും ഇന്ത്യന്‍ മിലിട്ടറിയെക്കുറിച്ചുള്ള ഭാഗങ്ങളിലുമാണ് മാറ്റം വരുത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ ഒരു ഡയലോഗാണ് ഇപ്പോള്‍ സിനിമാപേജുകളിലെ ചര്‍ച്ച.
‘അംബേദ്കറുടെ നിയമം പാലിക്കാന്‍ പറ്റാത്തവര്‍ക്ക് ഇനിയങ്ങോട്ട് ടി.വി.കെയുടെ നിയമമമായിരിക്കും’ എന്നാണ് ഡയലോഗ്. സിനിമയിലെ 110ാമത്തെ മിനിറ്റിലുള്ള ഈ ഡയലോഗ് മ്യൂട്ട് ചെയ്യാനും മാറ്റം വരുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. അവസാന സിനിമ ആരാധകര്‍ക്ക് ട്രീറ്റാക്കുന്നതിന് പകരം സ്വന്തം പാര്‍ട്ടിയുടെ പ്രചരണമായി വിജയ് മാറ്റിയെന്നാണ് പ്രധാന വിമര്‍ശനം.
ചിത്രത്തില് വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ദളപതി വെട്രി കൊണ്ടാന്‍ എന്നാണ്. ഇതിന്റെ ചുരുക്കെഴുത്ത് വരുന്നത് ടി.വി.കെ എന്നാണ്. ട്രെയ്‌ലര്‍ പുറത്തുവരുന്നതിന് മുമ്പ് തന്നെ ഈ പേര് ചര്‍ച്ചയായിരുന്നു. ടി.വി.കെ റഫറന്‍സുകളാല്‍ സമ്പന്നമായ ട്രെയ്‌ലറിനെയും പലരും വിമര്‍ശിച്ചു. ഇന്ത്യന്‍ മിലിട്ടറിയെ വിലകുറച്ച് കാണിക്കുന്ന തരത്തിലുള്ള ഡയലോഗുകള്‍, വില്ലന്റെ പ്രൊജക്ടിന്റെ പേരായ ‘ഓം’ എന്നിവയിലും മാറ്റം നിര്‍ദേശിച്ചിട്ടുണ്ട്.
ഈയാഴ്ച സെന്‍സറിങ് പൂര്‍ത്തിയായതിനാല്‍ ജൂലൈയില്‍ തന്നെ ജന നായകനെ തിയേറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് നിര്‍മാതാക്കള്‍. ജൂലൈ 24ന് ചിത്രം തിയേറ്ററുകളിലെത്തിയേക്കും. റിലീസിന് മുമ്പ് ലീക്കായെങ്കിലും ബോക്‌സ് ഓഫീസില്‍ ദളപതിയുടെ ‘വണ്‍ ലാസ്റ്റ് ഡാന്‍സ്’ അത്ഭുതങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് പ്രതീക്ഷ.
Content Highlight: Changes and alterations in Jana Nayagan suggested by Censor Board
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ