| Thursday, 27th December 2012, 3:17 pm

വിശ്വമലയാള മഹോത്സവ അട്ടിമറി : സാഹിത്യ അക്കാദമിയില്‍ അഴിച്ചുപണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബാലചന്ദ്രന്‍ വടക്കേടത്തിനെ മാറ്റി. അദ്ദേഹത്തിന് പകരം അക്ബര്‍ കക്കട്ടിലിനെ പുതിയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.[]

സാംസ്‌ക്കാരിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. 3 ജനറല്‍ കൗണ്‍സില്‍ അംഗങ്ങളേയും തത്സ്ഥാനത്ത് നിന്നും മാറ്റിയിട്ടുണ്ട്. വിശ്വമലയാള മഹോത്സവം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് നടപടി.

വിശ്വമലയാള മഹോത്സവത്തിന് തുടക്കം മുതല്‍ തന്നെ പിഴവുകളായിരുന്നു. വിശ്വമലയാള മഹോല്‍സവത്തിന്റെ ഭാഗമായി നടത്താന്‍ തീരുമാനിച്ച പരിസ്ഥിതി സെമിനാര്‍ മാറ്റിവെച്ചതായിരുന്നു അതില്‍ ഒന്ന്.

കവയിത്രി സുഗതകുമാരിയെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടര്‍ന്നുണ്ടായ വിവാദമാണ് സെമിനാര്‍ മാറ്റിവെയ്ക്കാന്‍ കാരണമായത്.
സ്പീക്കര്‍ ജി.കാര്‍ത്തികേയനെയാണ് പകരം അധ്യക്ഷനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ സംഭവത്തെകുറിച്ച് അറിഞ്ഞ സ്പീക്കര്‍ സെമിനാറില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു.

ഭാഷയും സാഹിത്യവും എന്തെന്നറിയാത്ത ഒരു സംഘത്തെ വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പ് ഏല്‍പ്പിച്ചത് മലയാളത്തിന് അപമാനമാണെന്ന് അന്ന് പലരും പ്രതികരിച്ചു.

മണ്‍മറഞ്ഞ സാഹിത്യനായകരുടെ പ്രതിമകള്‍ തെറ്റായി സ്ഥാപിച്ചും വികൃതമാക്കിയും അപമാനിച്ചതിനെതിരെയും പ്രതിഷേധം ഉയര്‍ന്നു.
മലയാളത്തിന്റെ സ്‌കോട്ട് സി.വി രാമന്‍പിള്ളയുടെ രൂപവും ബെഞ്ചമിന്‍ ബെയ്‌ലിയുടെ സംഭാവനകളും മലയാളത്തിന്റെ കാല്‍പ്പനികവസന്തം ചങ്ങമ്പുഴയുടെ ജീവിതദൈര്‍ഘ്യവും അറിയാത്തവരായിരുന്നു സംഘടാകരില്‍ പലരും.

മാര്‍ത്താണ്ഡവര്‍മയും ധര്‍മരാജായും എഴുതിയ സി.വി രാമന്‍പിള്ളയ്ക്കുപകരം ഭൗതികശാസ്ത്രജ്ഞന്‍ സി.വി രാമന്റെ പ്രതിമ ഭരണസിരാകേന്ദ്രത്തിന് മുമ്പില്‍ സ്ഥാപിച്ചാണ് അപമാനിച്ചത്.  പ്രതിമയ്‌ക്കൊപ്പം നല്‍കിയ പേരും വിവരങ്ങളും സി.വി രാമന്‍പിള്ളയുടേയും.

നഗരത്തില്‍ പലഭാഗങ്ങളിലും ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് വിശ്വമലയാള സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം സ്ഥാപിച്ച പ്രതിമകളും വിവരണങ്ങളും വികൃതവും അബദ്ധവുമായിരുന്നു.

“മതപരിവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത ബഞ്ചമിന്‍ ബെയ്‌ലി” എന്നാണ് പാളയത്ത് സ്ഥാപിച്ച ബെയ്‌ലിയുടെ പ്രതിമയ്ക്ക് വിശദീകരണക്കുറിപ്പ്. കേരളത്തിലെത്തി സംസ്‌കൃതം, മലയാളം, സുറിയാനി ഭാഷകളില്‍ പാണ്ഡിത്യം നേടി ആദ്യ ഇംഗ്ലീഷ്മലയാളം നിഘണ്ടു തയ്യാറാക്കിയ മഹാനെ മതപരിവര്‍ത്തകനാക്കി ചുരുക്കിയതിലൂടെ നാടിന്റെ മതേതരപാരമ്പര്യത്തെകൂടിയാണ് അടിയറ വച്ചത്.

മലയാളകവിതയില്‍ കാല്‍പ്പനികതയുടെ വസന്തം വിരിയിച്ച് യൗവനത്തില്‍ കൊഴിഞ്ഞുപോയ അനശ്വരപ്രതിഭ ചങ്ങമ്പുഴ കൃഷ്ണപിള്ളയ്ക്ക് ശില്‍പ്പത്തില്‍ വൃദ്ധപരിവേഷം നല്‍കി സാംസ്‌കാരികവകുപ്പും സാഹിത്യ അക്കാദമിയും അപമാനിച്ചു.

മലയാള സാഹിത്യലോകം കൈവിട്ട മഹോത്സവം എങ്ങനെയെങ്കിലും തട്ടിക്കൂട്ടി സര്‍ക്കാര്‍ അനുവദിച്ച രണ്ട് കോടി രൂപ അപഹരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു.

“കേരളീയ ദളിത ജീവിതം കാലങ്ങളിലൂടെ” എന്ന സെമിനാറില്‍ മുഖ്യപ്രഭാഷകനായി ചേര്‍ത്തിരിക്കുന്ന പേര് ദളിത് കവിയായ സണ്ണി കവിക്കാടിന്റേത്. പക്ഷെ ഇദ്ദേഹം മെയ് 14 ന് അന്തരിച്ച വ്യക്തിയാണ്.

എന്നാല്‍ സംഘാടകര്‍ യഥാര്‍ഥത്തില്‍ ക്ഷണിച്ചത് ദളിത് ചിന്തകനായ സണ്ണി എം. കപിക്കാടിനെയാണ്. പേരുവെച്ചത് സണ്ണി കവിക്കാടെന്നും. ഇത്തരത്തില്‍ പിഴവുകളുടെ പെരുമഴയായിരുന്നു വിശ്വമലയാള മഹോത്സവം.

ഒക്ടോബര്‍ 30നും 31നും നവംബര്‍ ഒന്നിനും നടക്കുന്ന മഹോത്സവത്തിന് വിളംബരമായി സംഘടിപ്പിച്ച പരിപാടികളെല്ലാം ദയനീയപരാജയമായിരുന്നു.

We use cookies to give you the best possible experience. Learn more