| Wednesday, 14th May 2025, 8:42 am

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തുകയില്‍ മാറ്റം; വനത്തിനുള്ളിലെ മരണത്തില്‍ പത്ത് ലക്ഷം ധനസഹായം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വന്യജീവി ആക്രണമണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തുകകളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. പുതിയ ഭേദഗതി പ്രകാരം വന്യജീവി ആക്രമണത്തില്‍ വനത്തിനുള്ളില്‍വെച്ച് കൊല്ലപ്പെട്ടാല്‍ പത്ത് ലക്ഷം രൂപ ധനസഹായമായി നല്‍കും. വന്യജീവി ആക്രണമത്തില്‍ മരണപ്പെടുന്നവരുടെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതിനായി 1,00,00 രൂപയും അനുവദിച്ചിട്ടുണ്ട്.

 വനത്തില്‍വെച്ചുള്ള വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ സമിതി- നാല് ലക്ഷം, വനം വകുപ്പ്-ആറ് ലക്ഷം എന്നിങ്ങനെ ആകെ പത്ത് ലക്ഷം രൂപയാണ് നല്‍കുക.

പുതിയ മാനദണ്ഡ പ്രകാരം തേനീച്ച, കടന്നല്‍ ആക്രമണത്തിലോ പാമ്പ് കടിച്ച് മരിച്ചാലോ നാല് ലക്ഷം രൂപയും വന്യജീവി ആക്രമണത്തില്‍ 60% അംഗവൈകല്യം സംഭവിച്ചാല്‍ 2.5 ലക്ഷം രൂപയുമാണ് ലഭിക്കുക.

40%-60% വരെ അംഗവൈകല്യം സംഭവിച്ചാല്‍ ദുരന്ത പ്രതികരണ സമിതിയില്‍ നിന്ന് 74,000 രൂപയും വനം വകുപ്പില്‍ നിന്നും 1.26 ലക്ഷം രൂപയും ഉള്‍പ്പെടെ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിക്കും.

വന്യജീവി ആക്രമണത്തില്‍ ഗുരുതര പരിക്കുകളോടെ ഒരാഴ്ച്ചയില്‍ അധികം ആശുപത്രിയില്‍ കഴിയേണ്ടി വന്നാല്‍ പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെ ലഭിക്കും. ഇനി ഒരുപക്ഷെ ഒരാഴ്ച്ചയില്‍ കുറവാണെങ്കില്‍ 54,000-1,00,000 രൂപ വരെയും വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന ആളുകള്‍ക്ക് വസ്ത്രങ്ങളും മറ്റ് വീട്ടുപകരണങ്ങളും വാങ്ങാന്‍ 25000 രൂപ വീതവും ലഭിക്കും.

തെരച്ചിലിനും ആളുകളേയും മറ്റ് ഒഴിപ്പിക്കുന്നതിനും എത്ര രൂപയാണോ യഥാര്‍ത്ഥത്തില്‍ ചെലവാകുന്നത് അത് നല്‍കും. ക്ഷുദ്രജീവികളായി വിജ്ഞാപനം ചെയ്ത ജീവികളെ കൊല്ലാനും അവയെ സംസ്‌കരിക്കാനുമായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഒരു വര്‍ഷം ഒരു ലക്ഷം രൂപ വരെയും പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Change in compensation amount related to wildlife attacks; Financial assistance of Rs 10 lakh for deaths in the forest

We use cookies to give you the best possible experience. Learn more