| Tuesday, 10th December 2024, 1:23 pm

ചാണ്ടി ഉമ്മന്റെ അതൃപ്തി; പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ തനിക്ക് ചുമതല നല്‍കിയില്ലെന്ന പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്റെ പരാതിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ചാണ്ടി ഉമ്മന്‍ അതൃപ്തി പ്രകടിപ്പിച്ചതോടെ കോണ്‍ഗ്രസ് നേതാക്കളായ കെ.മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, രമേശ് ചെന്നിത്തല, വി. കെ. ശ്രീകണ്ഠന്‍ എന്നിവരാണ് പ്രതികരണവുമായി രംഗത്തെത്തിയത്.

പാര്‍ട്ടിയില്‍ മൊത്തത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ട്. അത് പരിഹരിക്കുന്നതിനായി പാര്‍ട്ടി യോഗം വിളിക്കണം. പരാതി പറയുന്നവരോട് പരാതികള്‍ പാര്‍ട്ടി യോഗങ്ങളില്‍ പറയണമെന്ന് പറയുന്നുണ്ടെങ്കിലും പാര്‍ട്ടി യോഗങ്ങള്‍ വിളിക്കുന്നില്ല. അത് കൊണ്ട് രാഷ്ട്രീയകാര്യ സമിതിയോ എക്‌സിക്യൂട്ടീവോ വിളിച്ചു ചേര്‍ത്ത് എല്ലാ കാര്യങ്ങളിലും തീരുമാനമുണ്ടാക്കണം. പുനസംഘടന മാനദണ്ഡം ഉണ്ടാക്കണം. അതിന് ശേഷം അസ്വസ്ഥതകള്‍ പരിഹരിക്കണം. പലര്‍ക്കും അഭിപ്രായങ്ങളുണ്ടാവും എന്നാല്‍ തെരഞ്ഞെടുപ്പുകളുടെ സാഹചര്യത്തില്‍ പരാതികള്‍ മാധ്യമ പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്യരുതെന്നും അസ്വസ്ഥതകള്‍ പാര്‍ട്ടി യോഗങ്ങളില്‍ നേതൃത്വം ശുഷ്‌ക്കാന്തി കാണിച്ചാല്‍ പരിഹരിക്കാന്‍ കഴിയുമെന്നും കെ.മുരളീധരന്‍ പറഞ്ഞു.

ചാണ്ടി ഉമ്മനുമായി സംസാരിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫോണില്‍ കിട്ടിയില്ലെന്നും അദ്ദേഹം പറയുന്നത് മനസ്സില്‍ തറച്ച ഒരു കാര്യത്തെ കുറിച്ചായിരിക്കാം എന്ന് താന്‍ കരുതുന്നതായും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും കോണ്‍ഗ്രസില്‍ പൂര്‍ണമായല്ലെങ്കിലും ഐക്യത്തിന്റെ മുഖമുണ്ടായി വരുന്ന കാലമാണിതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതിനായി സംഘടനാ ദൗര്‍ബല്യങ്ങളുണ്ടോ എന്ന് പരിശോധിക്കുകയും നിലപാടുകളിലും മറ്റും പക്വതയോടുകൂടിയുള്ള സമീപനമെടുത്തെങ്കിലേ കോണ്‍ഗ്രസിന് മുന്നോട്ട് പോകാന്‍ പറ്റുകയുള്ളൂവെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

ചാണ്ടി ഉമ്മനുമായി ഒരു തരത്തിലുമുള്ള ഒരു തരത്തിലുമുള്ള ഭിന്നതയുമില്ല, ചാണ്ടി ഉമ്മന്‍ സഹോദര തുല്യനാണെന്നും രാഹുല്‍ മാങ്കൂട്ടത്തിലും പ്രതികരിച്ചു. ഏറ്റവും ബഹുമാനിക്കുന്ന സാറിന്റെ മകനും തനിക്ക് സഹോദര തുല്യനുമാണ് ചാണ്ടി ഉമ്മന്‍. അദ്ദേഹം പാര്‍ട്ടിയോടാണ് കണ്‍സേണ്‍ വെച്ചിരിക്കുന്നത്. അതിനാല്‍ തന്നെ പാര്‍ട്ടി മറുപടി പറയും. താന്‍ ഒരു സ്ഥാനാര്‍ത്ഥി മാത്രമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം പാലക്കാട് ഉണ്ടായിരുന്നു. അത് വലിയ രീതിയില്‍ ഗുണകരമായിട്ടുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

എല്ലാവര്‍ക്കും ചുമതല നല്‍കിയിരുന്നു. എന്ത് കൊണ്ട് ചാണ്ടി ഉമ്മന് ചുമതല നല്‍കിയില്ലെന്നത് പരിശോധിക്കേണ്ടതുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പില്‍ എം.എല്‍.എമാര്‍ക്ക് താന്‍ ചുമതല കൊടുത്തപ്പോള്‍ അവരെ തിരിച്ചുവിളിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ചുമതല നല്‍കി. തീര്‍ച്ചയായും ഒരു പാര്‍ട്ടി ആവുമ്പോള്‍ എല്ലാവരെയും യോജിപ്പിച്ച് ഒറ്റക്കെട്ടായി കൊണ്ടുപോവേണ്ട ചുമതല പാര്‍ട്ടി നേതൃത്വത്തിന് ഉണ്ട്. അത് പാര്‍ട്ടി പരിഹരിക്കുമെന്ന് കരുതുന്നു, രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതേസമയം ചാണ്ടി ഉമ്മന് മറുപടിയുമായി പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠനും രംഗത്തെത്തി. പാലക്കാട്ടെ ജയത്തിന് കളങ്കമുണ്ടാക്കാന്‍ ആരും ശ്രമിക്കില്ലെന്നാണ് വിശ്വാസമെന്നും എല്ലാവരെയും തെരഞ്ഞെടുപ്പില്‍ ഒരുപോലെ ഉപയോഗപ്പെടുത്തിയിരുന്നുവെന്നും വി.കെ. ശ്രീകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Chandy Oommen’s displeasure; Congress leaders with response

We use cookies to give you the best possible experience. Learn more