| Wednesday, 7th January 2026, 3:52 pm

ചാണ്ടി കുടുംബത്തില്‍ നിന്നും സ്ഥാനാര്‍ത്ഥി ഞാന്‍ മാത്രം; അവര്‍ മത്സരിക്കാനില്ലെന്ന് ചാണ്ടി ഉമ്മന്‍

ആദര്‍ശ് എം.കെ.

കോട്ടയം: ഉമ്മന്‍ ചാണ്ടി കുടുംബത്തില്‍ നിന്ന് കൂടുതല്‍ ആളുകള്‍ രാഷ്ട്രീയപ്രവേശനം നടത്തുമെന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍.

നിലവില്‍ കുടുംബത്തില്‍ നിന്നും താന്‍ മാത്രമേ സ്ഥാനാര്‍ത്ഥിയായി ഉണ്ടാവുകയുള്ളൂവെന്നും, സഹോദരിമാരായ അച്ചു ഉമ്മനും മരിയ ഉമ്മനും മത്സരരംഗത്തേക്ക് വരാന്‍ താത്പര്യമില്ലെന്നാണ് തന്നോട് പറഞ്ഞതെന്നും റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു.

മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ കേവലം ഊഹാപോഹങ്ങള്‍ മാത്രമാണെന്നും, അവര്‍ക്ക് നിലപാടില്‍ മാറ്റമുണ്ടെങ്കില്‍ അത് പാര്‍ട്ടിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയും ചാണ്ടി ഉമ്മനും

‘അച്ചുവിനും മരിയയ്ക്കും രാഷ്ട്രീയത്തിലേക്ക് വരാന്‍ താത്പര്യമില്ലെന്നാണ് എന്റെ അറിവ്. മുമ്പ് ഡിസംബറില്‍ നടന്ന പരിപാടികളിലും അച്ചു ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്,’ എന്ന് അദ്ദേഹം വ്യക്തമാക്കി.

പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ സന്നദ്ധത അറിയിച്ചു എന്ന റിപ്പോര്‍ട്ടുകളോട് ചാണ്ടി ഉമ്മന്‍ കൃത്യമായ മറുപടി നല്‍കിയിച്ചില്ല. പാര്‍ട്ടിക്കകത്ത് സംസാരിക്കുന്ന കാര്യങ്ങള്‍ പാര്‍ട്ടിക്കകത്ത് തന്നെ നില്‍ക്കണം എന്നതാണ് തന്റെ നിലപാടെന്നും, പാര്‍ട്ടി നേതൃത്വത്തോട് പറയേണ്ട കാര്യങ്ങള്‍ അവിടെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ സ്ഥാനാര്‍ത്ഥിയായത്, പാര്‍ട്ടി തീരുമാനമാണ് പ്രധാനം, ഭാവിയിലെ കാര്യങ്ങളും പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ കുറിച്ച് വലിയ ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. കോട്ടയം യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും ശക്തികേന്ദ്രമാണ്. ജില്ലയിലെ എല്ലാ സീറ്റും ഐക്യജനാധിപത്യ മുന്നണി സ്വന്തമാക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അടുത്ത തവണ യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍, ഒരു യു.ഡി.എഫ് മുഖ്യമന്ത്രിയുണ്ടാകുമ്പോള്‍ കോട്ടയം ജില്ലയില്‍ നിന്നുള്ള ഒമ്പത് എം.എല്‍.എമാരുടെ പിന്തുണ അദ്ദേഹത്തിനുണ്ടാകും. നിലവിലെ ജനവിരുദ്ധ സര്‍ക്കാരിനെതിരെയുള്ള ശക്തമായ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content highlight: Chandy Oommen about 2026 assembly elections

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more